ഇന്ത്യൻ റെഡി-മെയ്ഡ് ഗാർമെന്റ്‌സ് കയറ്റുമതിയില്‍ യു.എസ് ഒരു പ്രധാന വിപണിയാണ്. 2024 ൽ ഇന്ത്യയുടെ മൊത്തം വസ്ത്ര കയറ്റുമതിയിൽ 33 ശതമാനം യു.എസിലേക്കായിരുന്നുവെന്ന് അപ്പാരൽ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (AEPC) വ്യക്തമാക്കുന്നു. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് നിരക്കുകള്‍ ഈ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വസ്ത്ര കയറ്റുമതിക്കാർ മുന്നറിയിപ്പ് നല്‍കുന്നു.
ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവയുൾപ്പെടെ 50 ലധികം രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് മേല്‍ കൂടുതല്‍ താരിഫുകളാണ് ട്രംപ് ഭരണകൂടം ചുമത്തിയിരിക്കുന്നത്. ഫാക്ടറികൾ പ്രവർത്തിപ്പിക്കുന്നതിനും തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടലുകൾ ഒഴിവാക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് കമ്പനികള്‍ വിൽക്കേണ്ടിവരുന്ന സാഹചര്യമാണ് ഉളളതെന്ന് എ.ഇ.പി.സി അറിയിച്ചു. ഈ വലിയ തിരിച്ചടി നികത്താൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
2024 ൽ യുഎസ് വസ്ത്ര ഇറക്കുമതിയുടെ 49 ശതമാനവും ചൈനയും വിയറ്റ്നാമും ബംഗ്ലാദേശും ചേർന്നാണ് വിതരണം ചെയ്തത്. ചൈനയ്ക്കുള്ള താരിഫ് 30 ശതമാനമായി തുടരുമ്പോൾ, വിയറ്റ്നാമിനും ബംഗ്ലാദേശിനുമുള്ള താരിഫ് 20 ശതമാനമായി ട്രംപ് നിശ്ചയിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
കോട്ടൺ ടീ-ഷർട്ടുകൾ (9.71 ശതമാനം), സ്ത്രീകളുടെയും പെൺകുട്ടികളുടെയും കോട്ടൺ വസ്ത്രങ്ങൾ (6.52 ശതമാനം), കുഞ്ഞുങ്ങൾക്കുള്ള കോട്ടൺ വസ്ത്രങ്ങൾ (5.46 ശതമാനം) എന്നിവയാണ് ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന മൂന്ന് ഉൽപ്പന്നങ്ങൾ. ഇന്ത്യക്ക് ചുമത്തിയിരിക്കുന്ന 25 ശതമാനം കുത്തനെയുള്ള താരിഫ് ബംഗ്ലാദേശിൽ നിന്നുള്ള ഉൽപ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ ഉൽപ്പന്നങ്ങളെ മത്സരാധിഷ്ഠിതമല്ലാതാക്കും. വസ്ത്ര കയറ്റുമതിയില്‍ മുന്‍പന്തിയിലുളള കേരളത്തിലുളള കമ്പനികള്‍ക്കും തിരിച്ചടിയാകുന്നതാണ് നടപടി.
2025 സാമ്പത്തിക വർഷത്തിൽ ഈ വിഭാഗത്തിൽ ഇന്ത്യ ആകെ 1,091 കോടി ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്.
US tariff hike hits Indian garment exports hard, prompting warnings of layoffs and reduced competitiveness.
Read DhanamOnline in English
Subscribe to Dhanam Magazine