Image courtesy: Canva
Industry

കയറ്റുമതി വന്‍ പ്രതിസന്ധിയില്‍, ട്രംപിന്റെ വാശിയില്‍ നികുതി കുതിച്ചത് 3ല്‍ നിന്ന് 50 ശതമാനത്തിലേക്ക്; ഇളവിന് സാധ്യതയുണ്ടോ? ഇന്ത്യക്കു മുമ്പില്‍ വഴിയെന്ത്?

2,400 കോടി ഡോളറായിരുന്ന ചെമ്മീൻ കയറ്റുമതി ഇപ്പോൾ 60 ശതമാനം തീരുവയാണ് നേരിടുന്നത്

Dhanam News Desk

ട്രംപിന്റെ ഇരട്ട താരിഫ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും കടുത്ത വ്യാപാര ആഘാതങ്ങളിലൊന്നാണ്. 2024 ൽ ഇന്ത്യ യുഎസിലേക്ക് 9,120 കോടി ഡോളറിന്റെ സാധനങ്ങളാണ് കയറ്റുമതി ചെയ്തത്. ഇവയിൽ ഭൂരിഭാഗവും 3 ശതമാനത്തില്‍ താഴെ താരിഫ് വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരുന്നത്. 6,020 കോടി ഡോളർ മൂല്യമുള്ള ഈ കയറ്റുമതിയുടെ മൂന്നിൽ രണ്ട് ഭാഗവും 50 ശതമാനം തീരുവയ്ക്ക് വിധേയമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. റെഡിമെയ്ഡ് വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, പരവതാനികൾ, ഫർണിച്ചറുകൾ തുടങ്ങിയ തൊഴിൽ മേഖലകളെ താരിഫ് വര്‍ധന രൂക്ഷമായി ബാധിക്കും.

യു.എസ് ഏറ്റവും കൂടുതൽ താരിഫ് ചുമത്തിയിരിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യ. ഇന്ത്യക്ക് മേല്‍ ചുമത്തിയിരിക്കുന്ന 50 ശതമാനം ചുങ്കം ബ്രസീലിന് തുല്യമാണ്. ചൈന (30%), വിയറ്റ്നാം (20%), യൂറോപ്യൻ യൂണിയൻ (15%), ജപ്പാൻ (15%) എന്നിവയേക്കാൾ വളരെ കൂടുതലാണ് ഇന്ത്യക്ക് മേലുളള താരിഫ്.

ആഘാതം ഇങ്ങനെ

ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്ന റെഡിമെയ്ഡ് ഷർട്ടുകൾക്ക് 12 ശതമാനം തീരുവ ഉണ്ടായിരുന്നത് ഇപ്പോൾ 62 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്. ചൈനയിൽ നിന്നുള്ളവയ്ക്ക് 42 ശതമാനവും വിയറ്റ്നാമിൽ നിന്നുള്ളവയ്ക്ക് 20 ശതമാനവും ആയിരിക്കുമ്പോഴാണ് ഈ വ്യത്യാസം. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയ്ക്ക് ചുമത്തിയിരിക്കുന്ന കനത്ത താരിഫ് മൂലം തിരുപ്പൂർ, നോയിഡ-ഗുരുഗ്രാം, ബംഗളൂരു, ലുധിയാന, ജയ്പൂർ എന്നിവിടങ്ങളിലെ വ്യവസായ കേന്ദ്രങ്ങൾക്ക് വലിയ ആഘാതമാണ് ഉണ്ടാക്കുക. കേരളത്തിലെ വസ്ത്ര നിര്‍മാണ കമ്പനികള്‍ക്കും ഇത് തിരിച്ചടിയാണ്. ബംഗ്ലാദേശ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങള്‍‌ ഇതില്‍ നിന്ന് നേട്ടമുണ്ടാക്കുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

2,400 കോടി ഡോളറായിരുന്ന ചെമ്മീൻ കയറ്റുമതി ഇപ്പോൾ 60 ശതമാനം തീരുവയാണ് നേരിടുന്നത്. സമുദ്രോല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ പ്രദേശങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയാണ്. വജ്രങ്ങൾ, സ്വർണ്ണം, ആഭരണങ്ങൾ എന്നിവയുടെ യുഎസിലേക്കുള്ള കയറ്റുമതി 1,000 കോടി ഡോളറാണ്. ഈ വിഭാഗം ഇപ്പോള്‍ നേരിടുന്നത് 52 ശതമാനം തീരുവയാണ്. ഇത് സൂറത്ത്, മുംബൈ, ജയ്പൂർ എന്നിവിടങ്ങളിലെ തൊഴിലവസരങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നതാണ്.

സാധ്യതകള്‍

അതേസമയം, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ 50 ശതമാനം തീരുവ അധികകാലം നിലനിൽക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലും ഉണ്ട്. ആദ്യം 25 ശതമാനം ചുമത്തിയിരുന്നത് പിന്നീട് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രപ് തീരുവ ഇരട്ടിയാക്കിയത്. യുഎസും യൂറോപ്യൻ യൂണിയനും ഇപ്പോഴും റഷ്യൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുമ്പോഴാണ് ഇന്ത്യക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. റഷ്യൻ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്ന ചൈനയ്ക്ക് ഇത്തരം പിഴകളൊന്നും നേരിടേണ്ടിവരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

യു.എസ് നടപടി മൂലം മറ്റ് വിപണികളിലേക്കുള്ള ചരക്ക് കയറ്റുമതി 5 ശതമാനം വളർച്ച നേടുമെന്നും, 2025 സാമ്പത്തിക വർഷത്തിലെ 35,090 കോടി ഡോളറിൽ നിന്ന് 2026 സാമ്പത്തിക വർഷത്തിൽ 3,6850 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും പ്രധാന കയറ്റുമതി സേവന മേഖലയാണ്. ഐടി, ബിസിനസ് സേവനങ്ങൾ, ഫിൻടെക്, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകള്‍ 10 ശതമാനം വർദ്ധിച്ച് 38,350 കോടി ഡോളറിൽ നിന്ന് 42,190 കോടി ഡോളറായി ഉയരുമെന്നാണ് കരുതുന്നത്. മൊത്തത്തിൽ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി 82,090 കോടി ഡോളറിൽ നിന്ന് 83,990 കോടി ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

കരാര്‍ ഉടന്‍?

റഷ്യന്‍ എണ്ണ വാങ്ങുന്നത് മൂലമുളള ഇരട്ട താരിഫ് ഒഴിവാക്കിയാല്‍ ഇന്ത്യയ്ക്ക് മേലുളള തിരുവ 25 ശതമാനമായി മാറും. ഇന്ത്യയും യുഎസും തമ്മിലുളള വ്യാപാര ചർച്ചകൾ പൂര്‍ത്തിയാകുമ്പോള്‍ ഇത് 18-20 ശതമാനമായി കുറയാനുളള സാധ്യതകളും നിരീക്ഷകര്‍ പ്രകടിപ്പിക്കുന്നു. സാമ്പത്തികമായി ഇരു രാജ്യങ്ങൾക്കും പരസ്പരം ആവശ്യമുള്ളതിനാൽ ചർച്ചകളില്‍ പോസറ്റീവായ ഫലം ഉണ്ടാകുമെന്നാണ് പൊതുവെ വിലയിരുത്തലുളളത്.

US tariff hike to 50% poses major blow to Indian exports, impacting garments, seafood, and jewelry sectors.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT