വീട്ടില്‍ സോളാര്‍ പാനല്‍ വെക്കുന്നതിനെ കുറിച്ചുള്ള ചിന്തകളുടെ തുടക്കത്തിലാണ് ഇന്ത്യക്കാര്‍. എന്നാല്‍ ആഗോള തലത്തില്‍ സോളാര്‍ പാനലിന്റെ സ്‌ക്രാപ് ബിസിനസ് വളര്‍ന്നു വരികയാണ്. അതായാത്, വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച സോളാര്‍ പാനലുകള്‍ മാറ്റി പുതിയത് വെക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് അര്‍ത്ഥം. ഗള്‍ഫ് നാടുകളില്‍ അടക്കം ഇപ്പോള്‍ യൂസ്ഡ് സോളാര്‍ പാനലിന്റെ വിപണി മുന്നോട്ടാണ്. ആക്രി കച്ചവടത്തില്‍ പുതിയൊരു ശാഖയായി അത് വളര്‍ന്നു വരുന്നു. പഴയ സോളാര്‍ പാനലുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന പ്രത്യേക സംരംഭങ്ങളും വര്‍ധിക്കുകയാണ്. ഇത്തരം പാനലുകള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകളും നിരവധി.
ആഗോള തലത്തില്‍ യൂഡ്‌സ് സോളാര്‍ പാനലിന്റെ വിപണി അതിവേഗമാണ് വളരുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം ലോകത്ത് 756 കോടി ഡോളറാണ് (64,000 കോടി രൂപ) വിപണി മൂല്യം. അടുത്ത അഞ്ചുവര്‍ഷത്തിനുള്ള ഇത് 1,000 കോടി ഡോളര്‍ കടക്കുമെന്നും കണക്കാക്കുന്നു. ഇന്ത്യയിലും ഈ വിപണി പതിയെ വളരുന്നുണ്ടെങ്കിലും അസംഘടിതമായതിനാല്‍ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തു വന്നിട്ടില്ല.
ഒരു സോളാര്‍ പാനലിന്റെ ആയുസ് സാധാരണ 30 വര്‍ഷമാണ്. കേരളത്തില്‍ ഇതിന് 20 വര്‍ഷം വരെയാണ് കമ്പനികള്‍ വാറണ്ടി നല്‍കുന്നത്. സോളാര്‍ എനര്‍ജി യൂണിറ്റില്‍ ഏറ്റവുമധികം കാലം നിലനില്‍ക്കുന്നത് പാനലുകളാണ്. 25 വര്‍ഷം വരെ 80 ശതമാനം കാര്യക്ഷമത ഉറപ്പാക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടാറുള്ളത്. ബാറ്ററിക്കും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്കും എട്ടുവര്‍ഷം വരെയാണ് ശരാശരി ആയുസ്.
പത്തു വര്‍ഷം വരെ ഉപയോഗിച്ച സോളാര്‍ പാനലുകള്‍ മാറ്റുന്നത് വിദേശ രാജ്യങ്ങളില്‍ വ്യാപകമാണ്. പുതിയ സംവിധാനങ്ങള്‍ വരുമ്പോള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതും സര്‍ക്കാര്‍, ഹൗസിംഗ് പ്രോജക്ടുകളില്‍ നിശ്ചിത കാലാവധിക്കുള്ളില്‍ നിര്‍ബന്ധമായും എനര്‍ജി യൂണിറ്റുകള്‍ മാറ്റുന്നതുമാണ് യൂസ്ഡ് പാനലുകളുടെ വിപണിയെ വളര്‍ത്തുന്നത്.
വിലക്കുറവ് തന്നെയാണ് പുതിയ പാനലുകളില്‍ നിന്ന് പഴയതിനെ ആകര്‍ഷകമാക്കുന്നത്. പുതിയ സോളാര്‍ യൂണിറ്റ് സ്ഥാപിക്കുന്നത് ഏറെ ചെലവേറിയതാണ് എന്നതിനാല്‍ യൂസ്ഡ് പാനലുകള്‍ ഉപയോഗിച്ച്, അനുബന്ധ ഉപകരണങ്ങള്‍ പുതിയവ സ്ഥാപിക്കുന്നത് വിദേശരാജ്യങ്ങളില്‍ ട്രെന്‍ഡാണ്. ഇന്ത്യയിലും ഈ രീതി പതിയെ അനുകരിക്കുന്നുണ്ട്. 10 വര്‍ഷം വരെ നല്ല രീതിയില്‍ പരിപാലിക്കപ്പെട്ട പാനലുകള്‍ക്ക് അടുത്ത 15 വര്‍ഷം വരെ കാര്യക്ഷമത ഉറപ്പാക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. പാനലുകളുടെ കാലപ്പഴക്കം, ഗുണനിലവാരം എന്നിവയെ അടിസ്ഥാനമാക്കിയാണ് വില. നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ പഴയ പാനലുകളുടെ വില്‍പ്പന നടത്തുന്നുണ്ട്.
പുന:രുപയോഗ വ്യവസായത്തിലും യൂസ്ഡ് പാനലുകള്‍ ഉപയോഗിക്കുന്നു. സിലിക്കോണ്‍, സില്‍വര്‍ പാനല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഇവയില്‍ നിന്ന് ഉണ്ടാക്കുന്നുണ്ട്. ഭാവിയില്‍ പാനലുകള്‍ ഉയര്‍ത്തുന്ന മാലിന്യപ്രശ്നം രൂക്ഷമാകാനിടയുള്ളതിനാല്‍ പുതിയ പാനലുകള്‍ക്കൊപ്പം യൂസ്ഡ് പാനലുകളുടെ ഉപയോഗത്തെയും യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.
ഉപയോഗിച്ച സോളാര്‍ പാനലുകളുടെ ഗുണനിലവാരമാണ് പ്രധാന വെല്ലുവിളി. പാനലുകളുടെ ബ്രാന്റ്, കാലപ്പഴക്കം, പരിപാലനം എന്നിവ പ്രധാന ഘടകങ്ങളാണ്. കമ്പനി നല്‍കിയ വാറണ്ടി കാര്‍ഡുകള്‍, പാനലുകളിലെ ക്ഷതം എന്നിവ പരിശോധിക്കേണ്ടതുണ്ട്. ഈ മേഖലയിലെ ടെക്‌നീഷ്യന്‍മാര്‍ പരിശോധിക്കുന്നതാണ് വ്യാപകമായ രീതി. സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന സോളാര്‍ പദ്ധതികളില്‍ പഴയ പാനലുകള്‍ക്ക് അനുമതി ലഭിക്കണമെന്നില്ല. ഇക്കാര്യത്തില്‍ വ്യത്യസ്ത രാജ്യങ്ങള്‍ക്ക് വ്യത്യസ്ത നിയമാണ് ഉള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine