Mithun Chittilappilly, MD, V-Guard industries LTD.  
Industry

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന് ലാഭത്തില്‍ വന്‍ കുതിപ്പ്, ഓഹരിയിലും മുന്നേറ്റം

പാദ, വാര്‍ഷികാടിസ്ഥാനത്തില്‍ ലാഭത്തിലും വരുമാനത്തിലും വര്‍ധന

Dhanam News Desk

കൊച്ചി ആസ്ഥാനമായ പ്രമുഖ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2024-25) ആദ്യ പാദമായ ഏപ്രില്‍-ജൂണില്‍ 98.97 കോടി രൂപയുടെ സംയോജിത ലാഭം നേടി. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 64 കോടി രൂപയേക്കാള്‍ 55 ശതമാനം അധികമാണിത്. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലെ 76.17 കോടി രൂപയേക്കാളും ലാഭം മികച്ച തോതില്‍ ഉയര്‍ത്താന്‍ വി-ഗാര്‍ഡിന് സാധിച്ചു.

സംയോജിത മൊത്ത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 1,226.55 കോടി രൂപയില്‍ നിന്ന് 1,484.01 കോടി രൂപയിലെത്തി. കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ ഇത് 1,347.66 കോടി രൂപയായിരുന്നു. കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന പാദ ലാഭവും വരുമാനവുമാണിത്.

മാതൃകമ്പനിയായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഉപകമ്പനികളാണ് വി-ഗാര്‍ഡ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ഗട്‌സ് ഇലക്ട്രോ മെക്ക്, സണ്‍ഫ്‌ളെയിം, അസോസിയേറ്റ് കമ്പനിയായ ഗെഗാഡിന്‍ എനര്‍ജി ലാബ്‌സ് എന്നിവയുടെ സംയോജിത പ്രവര്‍ത്തന ഫലമാണിത്.

പ്രവര്‍ത്തന കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ചെറിയാന്‍ എന്‍.പുന്നൂസ്, സി.ജെ ജോര്‍ജ്, ഉല്ലാസ് കെ. കമ്മത്ത് എന്നിവര്‍ സ്ഥാനമൊഴിഞ്ഞു. പുതിയ ചെയര്‍പേഴ്‌സണായി രാധ ഉണ്ണിയെ നിയമിച്ചു.

ഓഹരി വിലയില്‍ കുതിപ്പ്

മികച്ച ജൂണ്‍പാദ പ്രവര്‍ത്തന ഫലത്തിന്റെ പശ്ചാത്തലത്തില്‍ വി-ഗാര്‍ഡ് ഓഹരി വില ഇന്ന് 5 ശതമാനത്തിലധികം ഉയര്‍ന്ന് 485.15 രൂപ വരെയെത്തി. വ്യാപാരാന്ത്യത്തില്‍ 2.68 ശതമാനം നേട്ടത്തോടെ 467 രൂപയിലാണ് ഓഹരി വിലയുള്ളത്. ഈ വര്‍ഷം ഇതു വരെ 60 ശതമാനത്തിലധികമാണ് ഓഹരി വിലയിലുണ്ടായ കുതിപ്പ്.

വേനല്‍ക്കാല ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നത് കണ്‍സ്യൂമര്‍, ഇലക്ട്രോണിക്‌സ് മേഖലയില്‍ വളര്‍ച്ചയുണ്ടാക്കാന്‍ സഹായിച്ചതായും അസംസ്‌കൃത വത്സുക്കളുടെ വില കുറയുന്നത് വരും പാദത്തിലും മികച്ച ലാഭ മാര്‍ജിന്‍ നേടാന്‍ സഹായിക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT