Industry

വെയിറ്റിംഗ് ലിസ്റ്റും ആർ.എ.സിയും ഇല്ല! കുറഞ്ഞ നിരക്ക് 960 രൂപ മുതൽ, കൺഫോംഡ് ടിക്കറ്റുകൾക്ക് മാത്രം അനുമതി, വന്ദേ ഭാരത് സ്ലീപ്പർ വിശേഷങ്ങള്‍ ഇങ്ങനെ

മുതിർന്ന പൗരന്മാർക്ക് ലോവർ ബർത്ത് ഉറപ്പാക്കാം

Dhanam News Desk

വന്ദേഭാരത് സ്ലീപ്പറിലെ ടിക്കറ്റ് നിരക്കുകള്‍ പുറത്ത്. കണ്‍ഫോംഡ് (Confirmed) ടിക്കറ്റുകള്‍ മാത്രമേ അനുവദിക്കൂ. ആര്‍.എ.സി (RAC), വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ ഉണ്ടാകില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. മിനിമം ടിക്കറ്റ് 400 കിലോമീറ്ററിനാണ്. അതായത് കുറഞ്ഞ ദൂരം സഞ്ചരിക്കുന്നവരും 400 കിലോമീറ്ററിന്റെ ചാര്‍ജായ 920 രൂപ നല്‍കണം. പൂര്‍ണമായും ശീതീകരിച്ച കോച്ചുകള്‍ മാത്രമുള്ള ട്രെയിനില്‍ 1AC, 2AC, 3AC എന്നീ മൂന്ന് ക്ലാസ്സുകളാണ് ലഭ്യമാവുക. 823 യാത്രക്കാര്‍ക്ക് കയറാം.

മുന്‍കൂര്‍ റിസര്‍വേഷന്‍ കാലയളവിന്റെ ആദ്യ ദിവസം മുതല്‍ എല്ലാ ബെര്‍ത്തുകളും ബുക്കിംഗിനായി ലഭ്യമാകും. വനിതകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, ഡ്യൂട്ടി പാസ് എന്നിവര്‍ക്കായി നിലവിലുള്ള നിയമപ്രകാരമുള്ള ക്വാട്ടകള്‍ ഉണ്ടായിരിക്കും. മറ്റ് റിസര്‍വേഷന്‍ ക്വാട്ടകളൊന്നും ബാധകമല്ല.

എല്ലാ പേയ്‌മെന്റുകളും ഡിജിറ്റലായി മാത്രമേ സ്വീകരിക്കുകയുള്ളു. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ റീഫണ്ട് ലഭ്യമാക്കുന്നതിനു വേണ്ടിയാണിത്. ഡിജിറ്റല്‍ പേയ്‌മെന്റ് നടത്താന്‍ കഴിയുന്നില്ലെങ്കില്‍ റീഫണ്ട് സാധാരണ നിബന്ധനകള്‍ പ്രകാരം നല്‍കും.

60 വയസിനു മുകളിലുള്ള പുരുഷന്മാര്‍ക്കും 45 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കും ലഭ്യതയ്ക്കനുസരിച്ച് ഓട്ടോമാറ്റിക്കായി ലോവര്‍ ബെര്‍ത്ത് അനുവദിക്കും.

നിരക്കുകള്‍ ഇങ്ങനെ

ആദ്യ 400 കിലോമീറ്ററിന് ഫസ്റ്റ് എ.സിയില്‍ 1,520 രൂപയാണ് നിരക്ക്. സെക്കന്‍ഡ് എ.സിയില്‍ 1,240 രൂപയാകും നിരക്ക്. തേഡ് എ.സിയില്‍ 960 രൂപ ഈടാക്കും. അടിസ്ഥാന നിരക്കുകള്‍ക്ക് പുറമെ ജി.എസ്.ടി പ്രത്യേകമായി ഈടാക്കും.

കൊല്‍ക്കത്തയ്ക്കും ഗുവാഹത്തിക്കും ഇടയിലാണ് രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുന്നത്. ജനവരി 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യും.

ഈ വര്‍ഷം മൊത്തം 12 പുതിയ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അവതരിപ്പിക്കാനാണ് റെയില്‍വേയുടെ ലക്ഷ്യം. ഇതില്‍ രണ്ടെണ്ണം കേരളത്തിന് അനുവദിച്ചേക്കുമെന്നും സൂചനകളുണ്ട്. തിരുവനന്തപുരം- ബംഗളൂരു, തിരുവനന്തപുരം-ചെന്നൈ റൂട്ടുകളാണ് കേരളത്തില്‍ അനുവദിക്കുന്ന ട്രെയിനുകള്‍ക്കായി പരിഗണിക്കുന്നത്.

വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിച്ചാല്‍ ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ രണ്ടര മണിക്കൂര്‍ മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ലാഭിക്കാനാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT