ശതകോടീശ്വരന്‍ അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത റിസോഴ്‌സസ് വിവിധ ബിസിനസുകളെ വേര്‍പെടുത്തി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു. ഡയറക്ടര്‍ ബോര്‍ഡ് ഇതിന് അനുമതി നല്‍കിയതായി കമ്പനി അറിയിച്ചു.
വേദാന്ത അലൂമിനിയം, വേദാന്ത ഓയില്‍ ആന്‍ഡ് ഗ്യാസ്, വേദാന്ത പവര്‍, വേദാന്ത സ്റ്റീല്‍ ആന്‍ഡ് ഫെറോസ് മെറ്റീരിയല്‍സ്, വേദാന്ത മെറ്റല്‍സ്, വേദാന്ത ലിമിറ്റഡ് എന്നിവയെയാണ് ഗ്രൂപ്പില്‍ നിന്ന് വേര്‍പെടുത്തി പ്രത്യേക കമ്പനികളാക്കി മാറ്റുന്നത്.
വേദാന്ത ലിമിറ്റഡ് ഓഹരി ഉടമകള്‍ക്ക് ഓരോ ഓഹരിക്കും മറ്റ് അഞ്ച് ലിസ്റ്റഡ് കമ്പനികളുടെ ഒരു ഓഹരി എന്ന രീതിയില്‍ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ഓഹരിയില്‍ കയറ്റം
മൂഡീസ് ഡൗണ്‍ഗ്രേഡ് ചെയ്യതിനെ തുടര്‍ന്ന് ഇടിവിലായിരുന്ന വേദന്ത ഓഹരികള്‍ ഇന്ന് 6.84 ശതമാനം ഉയര്‍ന്ന് 222.50 രൂപയിലെത്തി. ഈ വർഷം വേദാന്ത നേടുന്ന ഒറ്റ ദിവസത്തെ ഏറ്റവും വലിയ ഉയർച്ചയാണിത്. ഇന്നത്തെ വില അനുസരിച്ച് 82,702 കോടി രൂപയാണ് വേദാന്ത ലിമിറ്റഡിന്റെ വിപണി മൂല്യം. കടങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ കമ്പനിയുടെ വീഴ്ചയാണ് ഡൗണ്‍ഗ്രേഡിംഗിന് വഴിവച്ചത്.
കടപത്രങ്ങള്‍ വഴി 2,500 കോടി രൂപ സമാഹരിക്കുന്നതിന് സെപ്റ്റംബര്‍ 21ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു.
വേദാന്ത ലിമിറ്റഡിന്റെ മാതൃസ്ഥാപനമാണ് വേദാന്ത റിസോഴ്‌സസ്. അടുത്തിടെ 100 കോടിഡോളറിന്റെ വായ്പയ്ക്കായി ബെയിന്‍ ക്യാപിറ്റല്‍, ഡേവിഡ്‌സണ്‍ കെംപ്നര്‍, ആരെസ് എസ്.എസ്.ജി ക്യാപിറ്റല്‍, സെര്‍ബറസ് ക്യാപിറ്റല്‍ എന്നിവ ഉള്‍പ്പെടെയുള്ള ആഗോള സ്വകാര്യ വായ്പാ ഫണ്ടുകളുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine