പ്രതീകാത്മക ചിത്രം Image Source: Canva/Logo: BSNL, Vi
Industry

വോഡഫോൺ ഐഡിയ—ബി.എസ്.എൻ.എൽ നെറ്റ്‍വർക്ക് പങ്കിടൽ വ്യാപിപ്പിക്കുന്നു; പ്രതിസന്ധിയിലായ ഇരു കമ്പനികൾക്കും പിടിവള്ളിയാകുമോ?

വി.ഐ—ബി.എസ്.എൻ.എൽ നെറ്റ്‌വർക്ക്, ടവർ, ഇൻഫ്രാസ്ട്രക്ചർ പങ്കിടൽ കൂടുതൽ ടെലികോം സർക്കിളുകളിലേക്ക് വ്യാപിപ്പിച്ചേക്കും; ചെലവ് കുറയ്ക്കാനും കവറേജ് വർധിപ്പിക്കാനും ഇരു കമ്പനികൾക്കും ഇത് സഹായകമാകും

Dhanam News Desk

വിപണിയിൽ ജിയോയും എയർടെലും ആധിപത്യം ഉറപ്പിക്കുന്ന സാഹചര്യത്തിൽ, കടബാധ്യതയിലും സാങ്കേതികമായി പിന്നാക്കവും നിൽക്കുന്ന വോഡഫോൺ ഐഡിയയും ബി.എസ്.എൻ.എല്ലും ദേശീയതലത്തിൽ നെറ്റ്‌വർക്ക് പങ്കിടൽ കരാർ വിപുലീകരിക്കുന്നു. ബി.എസ്.എൻ.എല്ലിന്റെ ടവറുകളും ഫൈബർ ശൃംഖലയും ഉപയോഗിച്ച് വി.ഐക്ക് 4ജി/5ജി സേവനങ്ങൾ കുറഞ്ഞ ചെലവിൽ വ്യാപിപ്പിക്കാനാകുമ്പോൾ, ബി.എസ്.എൻ.എല്ലിന് സ്ഥിരമായ വാടക വരുമാനവും വിപണി സാന്നിധ്യവും ഉറപ്പാക്കാം.

ഇന്ത്യൻ ടെലികോം വിപണിയിൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവർ തമ്മിൽ വിപണി ആധിപത്യത്തിനുള്ള പോരാട്ടം മുറുകവേ, സ്വകാര്യ കമ്പനിയായ വോഡഫോൺ ഐഡിയയും (Vi) പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എല്ലും (BSNL) തമ്മിൽ, നെറ്റ്‌‍വർക്ക്—ഇൻഫ്രാസ്ട്രക്ചർ പങ്കാളിത്തം കൂടുതൽ ടെലികോം സർക്കിളുകളിലേക്ക് വ്യാപിപ്പിക്കാൻ ധാരണയായെന്ന് റിപ്പോർട്ട്.

വോഡഫോൺ ഐഡിയ സി.ഇ.ഒ അഭിജിത് കിഷോറും ബി.എസ്.എൻ.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റോബർട്ട് ജെ. രവിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഈ നിർണായക തീരുമാനമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹി, മുംബൈ സർക്കിളുകളിൽ നിലവിലുണ്ടായിരുന്ന റോമിംഗ് കരാറാണ് ഇപ്പോൾ ദേശീയതലത്തിലേക്ക് വിപുലീകരിക്കുന്നത്.

ബി.എസ്.എൻ.എല്ലിനുള്ള നേട്ടങ്ങൾ

ബി.എസ്.എൻ.എല്ലിനെ സംബന്ധിച്ചിടത്തോളം വി.ഐയുമായുള്ള നെറ്റ്‍വർക്ക് പങ്കിടൽ കരാർ വരുമാന വർധനവിനപ്പുറം ടെലികോം വിപണിയിലെ സാന്നിധ്യം ശക്തമാക്കാനുള്ള അവസരം കൂടിയാണ്. ഏകദേശം 1,21,000 ടവർ സൈറ്റുകളും വിശാലമായ ഗ്രാമീണ നെറ്റ്‌‍വർക്കുമുള്ള ബി.എസ്.എൻ.എൽ, 4-ജി സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിൽ സ്വകാര്യ കമ്പനികളേക്കാൾ പിന്നിലായിരുന്നു. എന്നാൽ പതിറ്റാണ്ടുകളായി സ്ഥാപിച്ചെടുത്ത അടിസ്ഥാന സൗകര്യങ്ങളും ഭൂമിയുമാണ് കമ്പനിയുടെ പ്രധാന കരുത്ത്.

വി.ഐയുമായുള്ള കരാറിലൂടെ സ്വന്തം വരിക്കാർക്ക് വി.ഐ നെറ്റ്‌‍വർക്ക് ലഭ്യമാകുന്ന ഇടങ്ങളിൽ തടസ്സമില്ലാത്ത സേവനം നൽകാൻ ബി.എസ്.എൻ.എല്ലിന് സാധിക്കും. ഇതിനായി പുതിയ ടവറുകളോ ഫൈബർ നെറ്റ്‌‍വർക്കോ സ്ഥാപിക്കേണ്ടി വരുന്നില്ല. ഒപ്പം, വി.ഐ കൂടുതൽ ടവറുകൾ വാടകയ്‌ക്കെടുക്കുന്നതിലൂടെ (ടവർ ലീസിംഗ് ഇനത്തിലുള്ള വരുമാനം ഉയർത്താം) ബി.എസ്.എൻ.എല്ലിന് കൃത്യമായ വരുമാനം ലഭിക്കുകയും ചെയ്യും. സർക്കാർ സാമ്പത്തിക പാക്കേജുകളെ മാത്രം ആശ്രയിക്കാതെ നിലവിലെ ആസ്തികൾ ഉപയോഗിച്ച് വരുമാനമുണ്ടാക്കാൻ ഇത് സഹായിക്കും.

വി.ഐക്ക് ലഭിക്കുന്ന ആശ്വാസം

അതിഭീമമായ കടബാധ്യത നേരിടുന്ന വി.ഐക്ക് ബി.എസ്.എൻ.എല്ലുമായുള്ള കരാർ സാമ്പത്തികമായി വലിയ ആശ്വാസമേകുന്നു. ജിയോ (3.33 ലക്ഷം ടവറുകൾ), എയർടെൽ (2.92 ലക്ഷം ടവറുകൾ) എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ വി.ഐയുടെ ഇൻഫ്രാസ്ട്രക്ചർ (1.90 ലക്ഷം ടവറുകൾ) വളരെ പിന്നിലാണ്. സ്വന്തമായി പുതിയ ടെലികോം നെറ്റ്‍വർക്ക് നിർമ്മിക്കാനുള്ള ഭീമമായ തുക വി.ഐയുടെ പക്കലുമില്ല.

ബി.എസ്.എൻ.എല്ലിന്റെ ടവറുകളും ഫൈബർ ശൃംഖലയും ഉപയോഗപ്പെടുത്തുന്നതിലൂടെ ഭീമമായ മൂലധനച്ചെലവില്ലാതെ (Capex) 4ജി/5ജി സേവനങ്ങൾ രാജ്യത്തിന്റെ കൂടുതൽ പ്രദേശങ്ങളിലേക്ക് വേഗത്തിൽ വ്യാപിപ്പിക്കാൻ വി.ഐക്ക് കഴിയും. ബി.എസ്.എൻ.എൽ വരിക്കാർ വി.ഐ നെറ്റ്‌‍വർക്ക് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന വാടക വരുമാനവും അധിക നേട്ടമാണ്.

സർക്കാരിനും തന്ത്രപരമായ താൽപ്പര്യം?

വി.ഐ—ബി.എസ്.എൻ.എൽ നെറ്റ്‍വർക്ക് സഹകരണത്തിനുള്ള ഇരു കമ്പനികളുടേയും നീക്കത്തിന് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയുണ്ട്. ബി.എസ്.എൻ.എല്ലിന്റെ പൂർണ ഉടമസ്ഥത സർക്കാരിനാണെന്നതിന് പുറമെ, മുൻകാലത്തെ സാമ്പത്തിക പാക്കേജുകളുടെ ഭാഗമായി വോഡഫോൺ ഐഡിയയിലും കേന്ദ്ര സർക്കാരിന് 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

അതിനാൽ ഇരു കമ്പനികളും ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ, അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പണം ലാഭിക്കാൻ സർക്കാരിനെ സഹായിക്കും. വിപണിയിൽ ജിയോ-എയർടെൽ ആധിപത്യത്തിന് തടയിടാനും അതുവഴി ഉപഭോക്താക്കൾക്ക് സേവനങ്ങളിൽ കൂടുതൽ തിരഞ്ഞെടുപ്പിനുള്ള അവസരങ്ങൾ ഉറപ്പാക്കാനും വി.ഐ—ബി.എസ്.എൻ.എൽ സഹകരണം വഴി തെളിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT