Image created with Canva 
Industry

മണിക്കൂറില്‍ 100 ടവറുകള്‍! അമ്പരപ്പിക്കുന്ന കണക്കുമായി അതിവേഗം കളം പിടിക്കാന്‍ വോഡഫോണ്‍ ഐഡിയ

ഈയിടെ നടത്തിയത് ₹24,000 കോടിയുടെ മൂലധന സമാഹരണം; ബാങ്ക് ഗ്യാരന്റി ഒഴിവാക്കലില്‍ പറന്ന് ഓഹരി

Dhanam News Desk

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ടെലികോം സേവനക്കമ്പനിയായ വോഡഫോണ്‍ ഐഡിയ അതിവേഗം പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാനുള്ള ശക്തമായ ശ്രമത്തിലാണ്. ഈ വര്‍ഷം ആദ്യം ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ വഴി പണം സമാഹരിച്ചതിനു ശേഷം ഓരോ മണിക്കൂറിലും 100 ടവറുകള്‍ വീതം കൂട്ടിച്ചേര്‍ത്തതായി കമ്പനി അറിയിച്ചു. ജൂലൈ 30 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ശരാശരി നെറ്റ്‌വര്‍ക്ക് സൈറ്റ് കൂട്ടിച്ചേര്‍ക്കല്‍ പ്രകാരമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.

2024-25 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ വോഡഫോണ്‍ 42,000 സൈറ്റുകളിലാണ് 4 ജി നടപ്പാക്കിയത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ കൂട്ടിച്ചേര്‍ക്കലാണിത്. പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി വോഡഫോണ്‍ ഐഡിയ 24,000 കോടി രൂപയുടെ ഓഹരി സമാഹരണം നടത്തിയിരുന്നു. 18,000 കോടി രൂപയുടെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ ഉള്‍പ്പെടെയാണിത്.

വന്‍ പദ്ധതികള്‍

നടപ്പു സാമ്പത്തിക വര്‍ഷം നെറ്റ്‌വര്‍ക്ക് വികസനം, ഗുണമേന്മ മെച്ചപ്പെടുത്തല്‍, വരിക്കാരുടെ കൊഴിഞ്ഞ് പോക്ക് ഒഴിവാക്കല്‍ തുടങ്ങിയവയ്ക്കായി 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന് രണ്ടാം പാദഫലപ്രഖ്യാപന വേളയില്‍ കമ്പനി വ്യക്തമായിരുന്നു.

2024 ഒക്ടോബറില്‍ നോക്കിയ, എറിക്‌സണ്‍, സാംസംഗ് എന്നീ കമ്പനികളുമായി 3,600 കോടി ഡോളറിന്റെ (ഏകദേശം 30,000 കോടി രൂപ) വലിയ കരാറിലും ഏര്‍പ്പെട്ടിരുന്നു. മൂന്ന് വര്‍ഷത്തേക്ക് നെറ്റ് വര്‍ക്ക് ഉപകരണങ്ങള്‍ സപ്ലൈ ചെയ്യുന്നതിനാണ് കരാര്‍. 17 മുന്‍ഗണനാ സര്‍ക്കിളുകളിലെ പ്രധാന നഗരങ്ങളില്‍ 5 ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാനും 4ജി സൗകര്യങ്ങള്‍ വ്യാപിപ്പിക്കാനുമാണ് വോഡഫോണിന്റെ പദ്ധതി.

എ.ആര്‍.പി.യു കൂടി

കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ ശരാശരി ഉപയോക്തൃ വരുമാനം (Average Revenue Per User /ARPU) മുന്‍ പാദത്തെ അപേക്ഷിച്ച് 7.8 ശതമാനം ഉയര്‍ന്നു. ഏപ്രില്‍-ജൂണ്‍ പാദത്തിലെ 154 രൂപയില്‍ നിന്ന് 166 രൂപയായാണ് ഉയര്‍ച്ച. അതേസമയം, മൊബൈല്‍ താരിഫ് ഉയര്‍ത്തിയത് മൂലം മൊത്തം വരിക്കാരുടെ എണ്ണം 21 കോടിയില്‍ നിന്ന് 20.5 കോടിയായി കുറഞ്ഞു. 4ജി വരിക്കാരുടെ എണ്ണം 12.67 കോടിയില്‍ നിന്ന് 12.59 കോടിയുമായി.

ബാങ്ക് ഗ്യാരന്റിയും ഓഹരിയും

ടെലികോം കമ്പനികള്‍ 2022 സെപ്റ്റംബര്‍ വരെ സ്‌പെക്ട്രം വാങ്ങിയതിനു നല്‍കേണ്ട ബാങ്ക് ഗ്യാരന്റി ഒഴിവാക്കുന്നതിന് കേന്ദ്രമന്ത്രിസഭ തത്വത്തില്‍ അനുമതി നല്‍കിയത് ഇന്ന് വോഡഫോണ്‍ ഓഹരികളെ വലിയ മുന്നേറ്റത്തിലാക്കി. 24,700 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റിയാണ് വോഡഫോണ്‍ ഐഡിയ നല്‍കേണ്ടിയിരുന്നത്. മറ്റ് ടെലികോം കമ്പനികള്‍ക്കും ആശ്വാസകരമായ നീക്കമാണിത്.

വോഡഫോണ്‍ ഓഹരി വില ഇന്ന് 18 ശതമാനം ഉയര്‍ന്ന് 8.28 രൂപ വരെ എത്തി. ജൂണ്‍ 28ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 19.18 രൂപ രേഖപ്പെടുത്തിയതിനു ശേഷം ഇതു വരെ ഓഹരി വില 60 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. നിലവില്‍ 7 ശതമാനത്തിലധികം നേട്ടത്തോടെ 7.62 രൂപയിലാണ് ഓഹരിയുടെ വ്യാപാരം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT