ഇന്‍ഡസ് ടവേഴ്‌സിലെ ഓഹരികള്‍ വില്‍ക്കാന്‍ വോഡാഫോണ്‍ പിഎല്‍സി തീരുമാനം. ആകെ ഓഹരികളില്‍ 7.1 ശതമാനം ആണ് വില്‍ക്കുക. വോഡാഫോണ്‍-ഐഡിയയുടെ (Vi) ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഓഹരി വില്‍പ്പന. ഇതില്‍ 4.7 ശതമാനം ഓഹരികളാണ് എയര്‍ടെല്‍ വാങ്ങുക. ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് എയര്‍ടെല്ലുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വോഡാഫോണുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
7.1 ശതമാനം ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 4328-4405 കോടി രൂപ വോഡാഫോണിന് സമാഹരിക്കാനാവും. എയര്‍ടെല്‍ ഇടപാടിലൂടെ 2,885-2,936 കോടിയാണ് വോഡാഫോണ്‍ കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ ഇന്‍ഡസിലെ ആകെ ഔട്ട്സ്റ്റാന്‍ഡിംഗുകളുടെ 2.4 ശതമാനം വരുന്ന 63.6 മില്യണ്‍ പ്രാഥമിക ഓഹരികള്‍ ബ്ലോക്കുകളായും കമ്പനി വില്‍ക്കും.
നിലവില്‍ ഇന്‍ഡസ് ടവേഴ്‌സില്‍ വോഡഫോണിന് 28.12% ഓഹരികളും ഭാരതി എയര്‍ടെല്ലിന് 41.73% ഓഹരികളുമാണ് ഉള്ളത്.രാജ്യത്തെ ഏറ്റവും വലിയ ടവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡറാണ് ഇന്‍ഡസ് ടവേഴ്സ്.22 ടെലികോം സര്‍ക്കിളുകളിലായി 1,84,748 ടെലികോം ടവറുകളാണ് ഇവര്‍ക്കുള്ളത്. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 16 ശതമാനം ഉയര്‍ച്ചയോടെ 1,571 കോടി രൂപയായിരുന്നു ഇന്‍ഡസ് ടവേഴ്‌സിന്റെ അറ്റാദായം.
വിഐയ്ക്ക് ഇതുവരെ ബാഹ്യ സ്രോതസ്സുകളില്‍ നിന്ന് ഫണ്ട് ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാലാണ് വോഡഫോണ്‍ ഓഹരികള്‍ വില്‍ക്കുന്നത്. വിഐയില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന് 17.8 ശതമാനം ഓഹരികളും വോഡഫോണിന് 28.5 ശതമാനം ഓഹരികളുമാണ് ഉള്ളത്. 35.8 ശതമാനം വിഹിതവുമായി കേന്ദ്ര സര്‍ക്കാരാണ് കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമകള്‍.
Read DhanamOnline in English
Subscribe to Dhanam Magazine