Industry

'വീവര്‍ക്ക് ' ന്യൂമാന്‍ പടിയിറങ്ങി; സോഫ്റ്റ് ബാങ്കിനു വിമര്‍ശനം

Babu Kadalikad

ലോകത്തിലെ ഏറ്റവും മൂല്യവത്തായ സ്റ്റാര്‍ട്ടപ്പുകളിലൊന്നായ 'വീവര്‍ക്കി 'ന്റെ സഹസ്ഥാപകന്‍ ആദം ന്യൂമാന്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനം ഉപേക്ഷിച്ചു. ഓഫീസ്-ഷെയറിംഗ് രംഗത്തെ ആദ്യ ഉദ്യമമായ വീവര്‍ക്ക് ലോകത്തെമ്പാടും ശക്തമായി വ്യാപിപ്പിച്ചശേഷം ഐപിഒ നടത്തുന്നതിനായി ന്യൂമാന്റെ നേതൃത്വത്തില്‍ നടന്നുവന്ന നീക്കം സോഫ്റ്റ് ബാങ്കിന്റെ ഇടപെടലിലൂടെ പാളിയതാണ് പ്രകോപനത്തിനു കാരണം.

സ്റ്റാര്‍ട്ടപ്പിലെ മികച്ച ഓഹരിപങ്കാളിത്തത്തിന്റെ ബലത്തില്‍ ജപ്പാന്‍ ആസ്ഥാനമായുള്ള സോഫ്റ്റ്ബാങ്ക്് നിര്‍ദ്ദേശിച്ചതനുസരിച്ച് ഐപിഒ പദ്ധതികള്‍ക്ക് മുന്നോടിയായി ഭരണത്തെയും ലാഭത്തെയും കുറിച്ചുള്ള സൂക്ഷ്മപരിശോധന നടന്നിരുന്നു. കമ്പനിയുടെ യഥാര്‍ത്ഥ മൂല്യം കുറച്ചുകാണിക്കാന്‍ നിക്ഷേപകര്‍ നിര്‍ബന്ധ ബുദ്ധി കാണിക്കുന്നുവെന്ന പരാതി ന്യൂമാന്‍ ഇതിനിടെ ആവര്‍ത്തിച്ചു. രാജി പ്രഖ്യാപനത്തിലും അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞു. പുതിയ തലമുറ ടെക് കമ്പനികളിലെ ഏറ്റവും തിളക്കമാര്‍ന്ന എക്‌സിക്യൂട്ടീവ് ആയി വിശേഷിപ്പിക്കപ്പെട്ടിരുന്നു ഇസ്രയേലി വംശജനായ അദ്ദേഹം.220 കോടി ഡോളര്‍ വരുന്ന സ്വത്തിന്റെ ഉടമയാണീ 40 കാരന്‍.

'ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം രാജിവയ്ക്കുന്നത് കമ്പനിയുടെ ഏറ്റവും നല്ല താല്‍പ്പര്യമാണെന്ന് ഞാന്‍ തീരുമാനിച്ചു' ന്യൂമാന്‍ വിടവാങ്ങല്‍ കത്തിലൂടെ ചൂണ്ടിക്കാട്ടി. കമ്പനിയുടെ ചെയര്‍മാനായി അദ്ദേഹം തുടരും. ഭൂരിഭാഗം വോട്ടിംഗ് ഷെയറുകളും ന്യൂമാന്റെ നിയന്ത്രണത്തിലായിരിക്കും. അദ്ദേഹത്തിന്റെ അഭാവത്തില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആര്‍ട്ടി മിന്‍സണ്‍, മുന്‍ വൈസ് ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ ഗണ്ണിംഗ്ഹാം എന്നിവരെ കോ-സിഇഒമാരായി കമ്പനി നിയോഗിച്ചിട്ടുണ്ട്.

കോ-വര്‍ക്കിംഗ് (ഒരേ ഓഫീസ് സ്പേസ് ഷെയര്‍ ചെയ്യുന്ന വിവിധ കമ്പനികളോ, വ്യക്തികളോ) ഓഫീസ് സ്പേസ് ദാതാക്കളാണ് വീവര്‍ക്ക്. വീവര്‍ക്കിന്റെ 2018 ലെ  വരുമാനം 821.82 ബില്ല്യണ്‍ ഡോളര്‍ ആയിരുന്നു,  2016 ലേതിന്റെ നാലിരട്ടി. 9 ബില്യണ്‍ ഡോളറിലധികമാണ് സോഫ്റ്റ്ബാങ്കിന്റെ നിക്ഷേപം. അതേസമയം, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കമ്പനിക്ക് 2.9 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായി. കമ്പനിക്ക് 527,000 ഇടപാടുകാരും 528 സ്ഥലങ്ങളുമുണ്ടെന്ന് ജൂണ്‍ അവസാനത്തോടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 169 പുതിയ സ്ഥലങ്ങള്‍ തുറക്കാന്‍ നീക്കം നടക്കുന്നുണ്ട്.

മിഗേല്‍ മക്കെല്‍വിയുമായി  ചേര്‍ന്ന് ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിനിലാണ് 2008 ല്‍ ആദം ന്യൂമാന്‍ വീവര്‍ക്കിന്റെ ആദ്യ രൂപമായ 'ഗ്രീന്‍ഡെസ്‌ക്' എന്ന ഉദ്യമത്തിന് തുടക്കം കുറിച്ചത്.അമേരിക്കയിലെ മാന്ദ്യകാലമായിരുന്നു അത്. ബിസിനസ് തകര്‍ന്ന് അനേകം ഓഫീസുകള്‍ ഒഴിഞ്ഞു കിടന്നിരുന്നു. വീ വര്‍ക് അവ ഏറ്റെടുത്ത് പുതിയ രൂപത്തിലാക്കി.പരിസ്ഥിതി സൗഹൃദ കോ-വര്‍ക്കിംഗ് സ്പേസുകളായിരുന്നു ലക്ഷ്യം.പച്ചപിടിച്ച ബിസിനസ് ഒരു കോടി ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 70 നഗരങ്ങളില്‍ 250 ലൊക്കേഷനുകളിലായി പടര്‍ന്നതു പെട്ടെന്ന്.

സാധ്യതകള്‍ വളര്‍ന്നതോടെ വീവര്‍ക്ക് എന്ന് പുനര്‍നാമകരണം ചെയ്ത് മാന്‍ഹാട്ടണില്‍ ഇവര്‍ തങ്ങളുടെ സ്റ്റാര്‍ട്ടപ്പിന് പുതുജീവന്‍ നല്‍കി. ഒരേ ഓഫീസ് സ്പേസ് വിവിധ കമ്പനികള്‍ പങ്കിടുന്നത് സൗകര്യപ്രദവും ചെലവു കുറഞ്ഞതുമായ മാര്‍ഗമാണെന്ന് ഉപഭോക്താക്കള്‍ തിരിച്ചറിഞ്ഞതോടെ വീവര്‍ക്ക് മുന്നേറി. തുറന്നതും അതിരുകള്‍ ഇല്ലാത്തതുമായ ഓഫീസ് സംസ്‌കാരം സാമ്പത്തിക പരിതഃസ്ഥിതിയുടെ ഭാഗമായി.

ഇന്ന് 21 രാജ്യങ്ങളിലായി 6,000 ല്‍ അധികം ജീവനക്കാര്‍ കമ്പനിക്കുണ്ട്.പാശ്ചാത്യ രാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ള ആശയമാണിപ്പോള്‍ കോ വര്‍ക്കിംഗ്. ഇന്ത്യയിലും ഈ പ്രവണതയ്ക്ക് പ്രചാരമേറിക്കൊണ്ടിരിക്കുന്നു. 2017 ജൂലൈയില്‍ വീവര്‍ക്ക് ഇന്ത്യ, ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചെന്നൈ, ഹൈദരാബാദ്, പൂനെ തുടങ്ങിയ നഗരങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം നടന്നുവരുന്നു. അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ, വളര്‍ച്ച പ്രാപിക്കുന്ന സ്റ്റാര്‍ട്ടപ്പ് പരിതഃസ്ഥിതി, തൊഴില്‍ വൈദഗ്ധ്യം എന്നിവയെല്ലാം കാരണം ഇന്ത്യന്‍ വിപണി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നു കമ്പനി വ്യക്തമാക്കിയിരുന്നു.

റൈഡ്-ഷെയറിംഗ് കമ്പനിയായ ഉബറിന്റെ കഥയാണ് വീവര്‍ക്കിലൂടെ ആവര്‍ത്തിക്കപ്പെടുന്നത്. 2017 ല്‍ ഉബര്‍ അതിന്റെ സഹസ്ഥാപകനായ ട്രാവിസ് കലാനിക്കിനെ മാറ്റിനിര്‍ത്തി. വളരെയധികം നഷ്ടമുണ്ടാക്കുന്ന ഉബര്‍, ഐപിഒയുമായി മുന്നോട്ട് പോയെങ്കിലും അരങ്ങേറ്റം മുതല്‍ ഷെയറുകള്‍ക്കു വില 20 ശതമാനത്തിലധികം ഇടിഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT