വാട്സാപ്പ് ബിസിനസ് പ്ലാറ്റ്ഫോം (WhatsApp Business Platform) ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് നല്‍കിയിരുന്ന ചില സൗജന്യ നിരക്ക് ആനുകൂല്യങ്ങളില്‍ മെറ്റ മാറ്റം വരുത്തുന്നു. ഇന്ന് (ഒക്ടോബര്‍ 1) മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പുതിയ പ്രൈസിംഗ് ഘടന നിലവില്‍ വന്നു. ഇനിമുതല്‍ സൗജന്യ പ്രതിമാസ സന്ദേശങ്ങളുടെ ക്വാട്ട കഴിഞ്ഞാല്‍ ബിസിനസുകള്‍ അധിക തുക നല്‍കേണ്ടി വരും.
ഇന്ത്യയിലെ വാട്‌സാപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്ക് പ്രതിമാസം 1,000 സര്‍വീസ് മെസേജുകള്‍ വരെ സൗജന്യമായി ലഭിക്കും. ഒരു ഫോണ്‍ നമ്പറിനാണ് ഈ പരിധി ലഭ്യമാകുക. 1,000 സന്ദേശങ്ങള്‍ക്ക് ശേഷമുള്ള ഓരോ മെസേജിനും 11.5 പൈസ വീതം ബിസിനസുകള്‍ മെറ്റയ്ക്ക് നല്‍കണം.
ഉപഭോക്താക്കള്‍ അങ്ങോട്ട് മെസേജ് ചെയ്യുമ്പോള്‍ തുറക്കപ്പെടുന്ന 24 മണിക്കൂര്‍ കസ്റ്റമര്‍ സര്‍വീസ് വിന്‍ഡോയില്‍, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുകളോ എഐ (AI) സിസ്റ്റങ്ങളോ അയക്കുന്ന മറുപടികളാണ് സര്‍വീസ് മെസേജിന്റെ പരിധിയില്‍ വരുന്നത്.
ഉപഭോക്താവ് ഓര്‍ഡര്‍ ചെയ്ത ഉല്‍hന്നങ്ങളുടെ ഷിപ്പിംഗ് വിവരങ്ങള്‍, അക്കൗണ്ട് വിവരങ്ങള്‍ എന്നിവ നല്‍കുന്ന സന്ദേശങ്ങള്‍ (Utility Messages) 24 മണിക്കൂര്‍ കസ്റ്റമര്‍ സര്‍വീസ് വിന്‍ഡോയില്‍ അയക്കുമ്പോഴും ഇനിമുതല്‍ ചാര്‍ജ് ഈടാക്കും.
ഇന്ത്യയില്‍ യൂട്ടിലിറ്റി മെസേജിനും ഓതെന്റിക്കേഷന്‍ (Authentication) മെസേജിനും സന്ദേശമൊന്നിന് 11.5 പൈസ വീതമാണ് നിരക്ക്. അതേസമയം, മാര്‍ക്കറ്റിംഗ് സന്ദേശങ്ങളുടെ നിരക്കില്‍ മാറ്റമില്ല; ഇതിനായി മുന്‍പത്തെ പോലെ സന്ദേശമൊന്നിന് 86.31 പൈസ വീതം നല്‍കണം.
ചെറുകിട ഡിജിറ്റല്‍ സംരംഭകരും ഇ-കോമേഴ്‌സ് സ്റ്റാര്‍ട്ടപ്പുകളും സജീവമായ കേരളത്തിലും പുതിയ തീരുമാനം സ്വാധീനമുണ്ടാക്കും. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് വഴിയും സ്വന്തം വെബ്‌സൈറ്റുകള്‍ വഴിയും വാട്‌സാപ്പിലൂടെ കസ്റ്റമര്‍ സപ്പോര്‍ട്ടും ഓര്‍ഡര്‍ ട്രാക്കിംഗും നല്‍കുന്ന നിരവധി ചെറുകിട കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആയിരത്തില്‍ അധികം കസ്റ്റമര്‍ എന്‍ക്വയറികള്‍ പ്രതിമാസം കൈകാര്യം ചെയ്യുന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍, ഹൈപ്പര്‍ലോക്കല്‍ ഡെലിവറി ആപ്പുകള്‍, ഓണ്‍ലൈന്‍ കോച്ചിംഗ് സെന്ററുകള്‍ തുടങ്ങിയവയ്ക്ക് വാട്‌സാപ്പ് അധിഷ്ഠിത സേവനങ്ങള്‍ക്കായി ഇനി പ്രതിമാസം അധിക ചെലവ് നീക്കിവെക്കേണ്ടി വരും.
വാട്‌സാപ്പ് ബിസിനസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ കൃത്യമായ പേയ്‌മെന്റ് രീതി (Payment Method) മാപ്പ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മെറ്റ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പേയ്‌മെന്റ് വിവരങ്ങള്‍ ചേര്‍ക്കാത്ത അക്കൗണ്ടുകളിലേക്കുള്ള സര്‍വീസ് മെസേജ് ഡെലിവറി ഒക്ടോബര്‍ 1 മുതല്‍ തടയുമെന്നും കമ്പനി വ്യക്തമാക്കുന്നു.
ഇതുവരെ ഉപഭോക്താക്കള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് (FAQ, മറുപടികള്‍) എത്ര മെസ്സേജ് വേണമെങ്കിലും സൗജന്യമായി മറുപടി നല്‍കമായിരുന്നു. എന്നാല്‍ 1,000 മെസേജുകള്‍ക്ക് ശേഷം ചാര്‍ജ് ഈടാക്കുന്നത് വലിയ തോതില്‍ വാട്സാപ്പ് സപ്പോര്‍ട്ട് ഉപയോഗിക്കുന്ന കമ്പനികളുടെ മാസച്ചെലവ് കൂട്ടും.
മുന്‍പ് കസ്റ്റമര്‍ സപ്പോര്‍ട്ട് വിന്‍ഡോ (24hour window) തുറന്നിരിക്കുമ്പോള്‍ അയച്ചിരുന്ന ഓര്‍ഡര്‍ കണ്‍ഫര്‍മേഷന്‍, ഷിപ്പിംഗ് അപ്ഡേറ്റുകള്‍ തുടങ്ങിയ യൂട്ടിലിറ്റി മെസ്സേജുകള്‍ സൗജന്യമായിരുന്നു. ഇനി അത് ലഭിക്കില്ല, എല്ലാത്തരം ട്രാക്കിംഗ് സന്ദേശങ്ങള്‍ക്കും ബിസിനസുകള്‍ പണം നല്‍കണം.
വലിയ കമ്പനികള്‍ക്ക് ഇത് വലിയ തുകയായി തോന്നില്ലെങ്കിലും, വാട്സാപ്പ് വഴി മാത്രം ബിസിനസും ഉപഭോക്തൃ സേവനവും നടത്തുന്ന ചെറിയ സ്ഥാപനങ്ങള്‍ക്ക് ഇത് വലിയ സാമ്പത്തിക ഭാരമുണ്ടാക്കും.
മെറ്റയുടെ ബിസിനസ് ഏജന്റ് (Meta Business Agent) വഴി AI മറുപടികള്‍ നല്‍കുന്ന ബിസിനസുകള്‍ ടോക്കണ്‍ അടിസ്ഥാനത്തില്‍ വേറെയും പണം നല്‍കേണ്ടിവരും.
WhatsApp Business Pricing Changes: WhatsApp Business Rates Revised
Read DhanamOnline in English
Subscribe to Dhanam Magazine