ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുന്ന റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോംസിന്റെ മെഗാ ഐപിഒയ്ക്ക് മുന്നോടിയായി വിപണിയെ അമ്പരപ്പിക്കുകയാണ് ഒരു നിക്ഷേപ വാര്‍ത്ത. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, റിലയന്‍സിന്റെ ടെലികോം വിപ്ലവത്തിന് വഴിയൊരുക്കിയ പ്രമുഖ വ്യവസായി മഹേന്ദ്ര നഹാത്തയും കുടുംബവും ജിയോയില്‍ നടത്തിയ നിക്ഷേപത്തില്‍ നിന്ന് കൊയ്യുന്നത് 100 മടങ്ങിലധികം നേട്ടമാണ്. ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്കായുള്ള അപേക്ഷ (DRHP) സെബിക്ക് സമര്‍പ്പിച്ചതോടെയാണ് ഈ അപൂര്‍വ നേട്ടത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
2020-ല്‍ ജിയോയില്‍ നഹാത്ത കുടുംബം നടത്തിയ 47.87 കോടി രൂപയുടെ നിക്ഷേപം ഇന്ന് 611 മില്യണ്‍ ഡോളര്‍, അതായത് ഏകദേശം 5,800 കോടി രൂപയായി മാറിയിരിക്കുകയാണ്. ജിയോ പ്ലാറ്റ്‌ഫോംസിന്റെ ആകെ ഓഹരികളുടെ ഒരു ശതമാനത്തില്‍ താഴെ (വെറും 0.54%) മാത്രമാണ് ഈ കുടുംബത്തിന്റെ പക്കലുള്ളതെങ്കിലും ഈ തന്ത്രപരമായ നീക്കം ഇന്ത്യന്‍ ടെലികോം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യക്തിഗത ലാഭങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.
കൊല്‍ക്കത്തയിലെ പ്രമുഖ ബിസിനസ് കുടുംബത്തില്‍ ജനിച്ച്, സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് കൊമേഴ്സ് ബിരുദം നേടിയ മഹേന്ദ്ര നഹാത്ത ഇന്ത്യന്‍ ടെലികോം രംഗത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളാണ്. 1987-ല്‍ പ്രമുഖ ടെലികോം ഉപകരണ നിര്‍മ്മാണ കമ്പനിയായ എച്ച്.എഫ്.സി.എല്‍ (HFCL) സഹസ്ഥാപകനായി തുടക്കം കുറിച്ച അദ്ദേഹത്തെ ടെലികോം മേഖലയിലെ മികച്ച സംഭാവനകള്‍ മുന്‍നിര്‍ത്തി 2003-ല്‍ 'ടെലികോം മാന്‍ ഓഫ് ദി മില്ലേനിയം' പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. നിലവില്‍ ജിയോ ബോര്‍ഡില്‍ നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നുണ്ട്.
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ടെലികോം രംഗത്തേക്ക് രണ്ടാം വരവ് നടത്തുന്നതിന് അടിത്തറയിട്ടത് മഹേന്ദ്ര നഹാത്തയുടെ ബിസിനസ് ബുദ്ധിയായിരുന്നു. 2010 ജൂണില്‍ നടന്ന 4ജി ലേലത്തില്‍ ഇന്ത്യയിലെ മുഴുവന്‍ 22 സര്‍ക്കിളുകളിലും ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് ആക്സസ് (BWA) സ്പെക്ട്രം നേടിയത് നഹാത്തയുടെ ഇന്‍ഫോടെല്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസസ് (Infotel Broadband Services) ആയിരുന്നു. സ്പെക്ട്രം സ്വന്തമാക്കി മണിക്കൂറുകള്‍ക്കകം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്‍ഫോടെലിന്റെ 95% ഓഹരികള്‍ 4,800 കോടി രൂപയ്ക്ക് ഏറ്റെടുത്തു. ഈ കമ്പനിയാണ് പിന്നീട് ഇന്നത്തെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ആയി മാറിയത്.
2019 നവംബറില്‍ റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോംസ് ഒരു മാതൃകമ്പനിയായി പുനഃസംഘടിപ്പിച്ചതോടെയാണ് നഹാത്ത കുടുംബത്തിന്റെ ഓഹരി മൂല്യം കുതിച്ചുയരാന്‍ തുടങ്ങിയത്. 2020 ജൂലൈ 7-ന് മഹേന്ദ്ര നഹാത്ത, മകന്‍ അനന്ത് നഹാത്ത, മകള്‍ പ്രിയങ്ക സംഘി എന്നിവരടങ്ങുന്ന കുടുംബം അവരുടെ പക്കലുണ്ടായിരുന്ന കമ്പല്‍സറിലി കണ്‍വേര്‍ട്ടിബിള്‍ ഡിബെഞ്ചറുകള്‍ (CCDs) ഒരു ഓഹരിക്ക് വെറും 10 രൂപ നിരക്കില്‍ സാധാരണ ഓഹരികളാക്കി മാറ്റി. ഇതിലൂടെ 3.704 കോടി ഓഹരികള്‍ ഇവര്‍ക്ക് ലഭിച്ചു. ഇതേ ദിവസം തന്നെ റിലയന്‍സ് 1.083 കോടി ഓഹരികള്‍ കൂടി ഇവര്‍ക്ക് അനുവദിച്ചതോടെ നഹാത്ത കുടുംബത്തിന്റെ ആകെ ഓഹരി പങ്കാളിത്തം 0.54 ശതമാനത്തിലെത്തി (ആകെ 4.79 കോടി ഓഹരികള്‍). ഇവര്‍ക്ക് വെറും 10 രൂപ നിരക്കില്‍ ഓഹരികള്‍ ലഭിച്ച അതേ ദിവസം തന്നെയാണ് ആഗോള ഭീമന്മാരായ മെറ്റായ്ക്ക് റിലയന്‍സ് ഒരോഹരിക്ക് 488.34 രൂപ നിരക്കില്‍ ഓഹരികള്‍ കൈമാറിയത് എന്നത് ശ്രദ്ധേയമാണ്.
മോട്ടിലാല്‍ ഓസ്വാളിന്റെ ഏറ്റവും പുതിയ വിശകലന പ്രകാരം ജിയോ പ്ലാറ്റ്‌ഫോംസിന്റെ വിപണി മൂല്യം 114 ബില്യണ്‍ ഡോളറായി (ഏകദേശം 10.7 ലക്ഷം കോടി രൂപ) കണക്കാക്കിയതോടെയാണ് നഹാത്തയുടെ ഓഹരികളുടെ മൂല്യം 5,800 കോടി രൂപയായി വര്‍ധിച്ചത്.
സെബിക്ക് സമര്‍പ്പിച്ച ഡ്രാഫ്റ്റ് പ്രോസ്പെക്ടസ് പ്രകാരം ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയിലൂടെ 27 കോടി പുതിയ ഓഹരികളാണ് വിപണിയിലിറക്കുന്നത്. ഇതില്‍ നിലവിലുള്ള നിക്ഷേപകരുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (OFS) ഉണ്ടാില്ല. ഐപിഒയ്ക്ക് ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോയിലെ ഓഹരി പങ്കാളിത്തം 66.43 ശതമാനത്തില്‍ നിന്ന് 64.5 ശതമാനമായി കുറയും. ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 27,500 കോടി രൂപ ജിയോയുടെ കടബാധ്യതകള്‍ മുന്‍കൂട്ടി അടച്ചുതീര്‍ക്കാനാണ് ഉപയോഗിക്കുക.
അതായത് മെഗാ ഐപിഒ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മഹേന്ദ്ര നഹാത്തയോ മറ്റ് ആഗോള നിക്ഷേപകരോ അവരുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ നിലവില്‍ പദ്ധതിയിട്ടിട്ടില്ല. മര്‍ച്ചന്റ് ബാങ്കര്‍മാര്‍ ഐപിഒയുടെ യഥാര്‍ത്ഥ പ്രൈസ് ബാന്‍ഡ് നിശ്ചയിക്കുന്നതോടെ നഹാത്ത കുടുംബത്തിന്റെ ആസ്തി ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine