അവസാനം, കേരളത്തിലെ വ്യവസായ രംഗത്ത് നിലനില്‍ക്കുന്ന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനീതി, ഉദ്യോഗസ്ഥതലത്തില്‍ നിന്നുള്ള മെല്ലെപ്പോക്കും പീഡനവും, രാഷ്ട്രീയക്കാരുടെയും യൂണിയന്‍ നേതാക്കന്മാരുടെയും അന്യായമായ ഇടപെടല്‍ എന്നിവയ്‌ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഒരു ബിസിനസുകാരന്‍ തന്നെ ധൈര്യപൂര്‍വ്വം മുന്നോട്ട് വന്നിരിക്കുകയാണ്. ബിസിനസ് സമൂഹം അനുഭവിക്കുന്ന പല പ്രശ്‌നങ്ങളും തുറന്നുപറയാതെ പലരും എല്ലാം ഉള്ളില്‍ ഒതുക്കി മിണ്ടാതെ കഴിയുമ്പോഴാണ് കിറ്റെക്‌സ് മാനേജിംഗ് ഡയറക്റ്റര്‍ സാബു ജേക്കബ് ധൈര്യപൂര്‍വ്വം ഇക്കാര്യങ്ങള്‍ ഉറക്കെ പറഞ്ഞിരിക്കുന്നത്. കേരളീയ സമൂഹത്തില്‍ കാര്യങ്ങള്‍ തങ്ങളുടെ വാദത്തിന് അനുകൂലമാക്കാന്‍ വേണ്ടി രാഷ്ട്രീയക്കാര്‍ പുലര്‍ത്തുന്ന അതേ നീക്കങ്ങള്‍ തന്നെ സാബു തന്റെ ബിസിനസ് നേരിടുന്ന പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടി നടത്തുകയും ചെയ്തു. ഇപ്പോള്‍ കിറ്റെക്‌സ് ലിമിറ്റഡ് സാരഥിയെ പ്രകോപിപ്പിച്ച ഘടകങ്ങള്‍ എന്തുമാകട്ടേ, കേരളത്തില്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് അത്രമാത്രം കാര്യമായില്ല എന്നത് സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയില്‍പ്പെടുത്താന്‍ അദ്ദേഹത്തിന്റെ ഈ പോരാട്ടം സഹായിച്ചിട്ടുണ്ട്.
അധികം താമസിയാതെ തന്നെ സാബുവും സര്‍ക്കാരും തമ്മില്‍ അനുരഞ്ജനമുണ്ടായേക്കാം. പക്ഷേ ലോകം തന്നെ ശ്രദ്ധിച്ച, സാമൂഹ്യമാധ്യമങ്ങളില്‍ രാജ്യാന്തരതലത്തിലെ പ്രമുഖരായ ബിസിനസുകാര്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലിന് വരെ കാരണമായ, സാബുവിന്റെ തുറന്നുപറച്ചിലൂടെ ഫസ്റ്റ് റൗണ്ടില്‍ കേരളത്തിന്റെ യഥാര്‍ത്ഥ അവസ്ഥ തുറന്നുകാണിക്കുന്നതില്‍ സാബു വിജയം നേടിയിരിക്കുകയാണ്. പക്ഷേ ഇത് എത്രമാത്രം ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താന്‍ സഹായിക്കും എന്നതാണ് പ്രസക്തമായ ചോദ്യം.
ഒരു കാര്യം ശരിയാണ്, വ്യവസായ വകുപ്പും വകുപ്പിലെ ഉദ്യോഗസ്ഥരും ഏറെ മാറിയിട്ടുണ്ട്. എന്നാല്‍ മറ്റ് വകുപ്പുകളുടെ സ്ഥിതി അതല്ല. കിറ്റെക്‌സിലെ കാര്യം തന്നെ എടുക്കാം. വ്യവസായ വകുപ്പ് ഒഴികെ ബാക്കിയെല്ലാ വകുപ്പുകളുമാണ് ആ കമ്പനിയുടെ പിറകെ കൂടിയിരിക്കുന്നത്. ഇങ്ങനെയൊരു സംഭവം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയല്ലാതെ നടത്താന്‍ സാധ്യതയില്ല.
പാര്‍ട്ടിയിലും മന്ത്രിസഭയിലും വ്യക്തമായ മേധാവിത്വ മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടെന്നിരിക്കെ, കേരളത്തില്‍ ബിസിനസ് സൗഹൃദ അന്തരീക്ഷം ശരിയായ വിധത്തില്‍ സൃഷ്ടിക്കപ്പെടാന്‍ അദ്ദേഹം മുന്‍കൈയെടുത്തില്ലെങ്കില്‍ ഇക്കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടാകാനിടയില്ല. കേരളത്തെ ബിസിനസ് സൗഹൃദ സംസ്ഥാനമാക്കാന്‍ പ്രസ്താവനകള്‍ ഇറക്കിയതു കൊണ്ട് കാര്യമില്ല. മുഖ്യമന്ത്രി തന്നെ ഇതിന് മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്ന് അത്തരമൊരു ശക്തമായ ഇടപെടല്‍ കാണുന്നില്ലെന്നത് പല നിരീക്ഷകരും അത്ഭുതത്തോടെയാണ് വിലയിരുത്തുന്നത്.
അടുത്തിടെ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു കേട്ട ഒരു വ്യവസായിയുടെ അഭിപ്രായം വളരെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞത്, കേരള സമൂഹം ഇപ്പോഴും വ്യവസായ സൗഹൃദമല്ല. വ്യവസായികളെ സംശയത്തോടെയാണ് സമൂഹം നോക്കുന്നത്. രാഷ്ട്രീയക്കാരും തൊഴിലാളി നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും എല്ലാം തന്നെ ഈ സമൂഹത്തില്‍ നിന്ന് വന്ന, ഈ സമൂഹത്തിന്റെ ഭാഗമായ ആളുകള്‍ ആയതിനാല്‍ വളരെ പെട്ടെന്ന് അവര്‍ മാറില്ല. മൊത്തത്തിലുള്ള മാറ്റം വന്നാലേ ഇതിനൊരു പരിഹാരമാകുകയുള്ളൂ.
ഇപ്പോള്‍ സംഘടിത തൊഴിലാളി യൂണിയനുകളുടെ അജണ്ടയാണ് രാഷ്ട്രീയ നേതാക്കള്‍ ചെവിക്കൊള്ളുന്നത്. എന്നാല്‍ ആ സ്ഥിതി മാറണം. പൊതുസമൂഹത്തിന്റെ വിശാല താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകണം. പൊതുസമൂഹം സംഘടിത വിഭാഗമല്ലാത്തതിനാല്‍ അവരുടെ താല്‍പ്പര്യങ്ങള്‍ രാഷ്ട്രീയ നേതൃത്വം എളുപ്പത്തില്‍ ഏറ്റെടുക്കണമെന്നില്ല. എന്നാല്‍ പൊതുതാല്‍പ്പര്യത്തിന് വേണ്ടി സമൂഹം ഒറ്റക്കെട്ടായി നിലനിന്നാല്‍ രാഷ്ട്രീയ നേതാക്കളും മാറി ചിന്തിക്കും.
ഒരു കാര്യം പ്രത്യേകം ഓര്‍മിക്കുക. രാഷ്ട്രീയ നേതാക്കളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യാന്‍ കരുത്തുള്ള പൊതുവികാരം ഉണ്ടെങ്കില്‍ മാത്രമേ രാഷ്ട്രീയക്കാര്‍ ആ വിഷയം ഗൗരമായി എടുക്കുകയുള്ളൂ. അവര്‍ മാറ്റത്തിന് തയ്യാറാകുകയുള്ളൂ. അതല്ലാതെ മറ്റൊന്നും അവരെ മാറ്റില്ല.
കേരളത്തിന്റെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ഭാഗമായാണ് സാബുവിന്റെ ഈ നീക്കമെങ്കില്‍ അത് തികച്ചും സ്വാഗതാര്‍ഹമാണ്. മറിച്ച്, വേറെ അജണ്ടയാണ് സാബുവിനും മുഖ്യമന്ത്രിക്കുമുള്ളതെങ്കില്‍ ഉടനെയൊന്നും ഒരു മാറ്റത്തിന് സാധ്യതയില്ല.
Read DhanamOnline in English
Subscribe to Dhanam Magazine