Industry

നിര്‍മിത ബുദ്ധിയില്‍ 8000 കോടി രൂപ നിക്ഷേപിക്കാന്‍ വിപ്രോ; 'വിപ്രോ ai360' ആരംഭിച്ചു

രണ്ടര ലക്ഷം ജീവനക്കാര്‍ക്ക് നിര്‍മിത ബുദ്ധിയുടെ ഉത്തരവാദിത്തപരമായ ഉപയോഗത്തില്‍ പരിശീലനം നൽകും

Dhanam News Desk

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മിത ബുദ്ധിയില്‍ 8000 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി ഐടി സേവന ദാതാക്കളായ വിപ്രോ ലിമിറ്റഡ്. കമ്പനി ഇതിനോടകം 'വിപ്രോ ai360' എന്ന നിര്‍മിത ബുദ്ധി സംവിധാനം ആരംഭിച്ചു. ഇത് കമ്പനിയുടെ എല്ലാ പ്ലാറ്റ്ഫോമുകളിലും ഉപകരണങ്ങളിലും ഉപയോഗിക്കാനാകുമെന്ന് കമ്പനി പറയുന്നു. മാത്രമല്ല മെച്ചപ്പെട്ട ഉല്‍പ്പാദനക്ഷമതയും വാണിജ്യ അവസരങ്ങളും നല്‍കാന്‍ കമ്പനിയെ ഇത് സഹായിക്കുമെന്നും വിപ്രോ അവകാശപ്പെടുന്നു.  

വിപുലീകരണത്തിനും ഗവേഷണത്തിനും

നിര്‍മിത ബുദ്ധി കൂടാതെ ബിഗ് ഡേറ്റ, അനലിറ്റിക്‌സ് സൊലൂഷ്യനുകള്‍ എന്നിവയുടെ വിപുലീകരണത്തിനും പുതിയ ഗവേഷണത്തിനായുള്ള നിക്ഷേപങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിച്ചു. നിര്‍മിത ബുദ്ധി അതിവേഗം ചലിക്കുന്ന ഒരു മേഖലയാണ്, പ്രത്യേകിച്ച് ജനറേറ്റീവ് എഐയുടെ വരവോടെ എല്ലാ വ്യവസായങ്ങള്‍ക്കും അടിസ്ഥാനപരമായ മാറ്റം ഉണ്ടാകുമെന്ന് വിപ്രോ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ തിയറി ഡെലാപോര്‍ട്ടെ പറഞ്ഞു.

എ.ഐ പരിശീലനം

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടര ലക്ഷം ജീവനക്കാര്‍ക്ക് നിര്‍മിത ബുദ്ധിയുടെ ഉത്തരവാദിത്തപരമായ ഉപയോഗത്തില്‍ പരിശീലനം നല്‍കുമെന്ന് വിപ്രോ അറിയിച്ചു. 25,000 എഞ്ചിനീയര്‍മാരെ ജനറേറ്റീവ് നിര്‍മിത ബുദ്ധി ടൂളുകളില്‍ പരിശീലനം നല്‍കുമെന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് വിപ്രോയുടെയും പ്രഖ്യാപനം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT