Industry

ഇന്ത്യന്‍ ഐടി രംഗത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സിഇഒ ഈ കമ്പനിയുടേതാണ്

സിഇഒമാരുടെ പ്രതിഫലം കുതിച്ചുയരുമ്പോള്‍ ഐടി ജീവനക്കാരുടെ ശമ്പളത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാവുന്നില്ല

Dhanam News Desk

201-22 കാലയളിവില്‍ ഇന്ത്യന്‍ ഐടി കമ്പനികളിലെ സിഇഒമാരില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന വ്യക്തിയായി വിപ്രോയുടെ (Wipro) തിയറി ഡെലാപോര്‍ട്ടെ (Thierry Delaporte). കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10.5 മില്യണ്‍ ഡോളര്‍ ( 79.8കോടി രൂപയാണ്) ആണ് ഡെലാപോര്‍ട്ടെയ്ക്ക് വിപ്രോ പ്രതിഫലമായി നല്‍കിയത്.

ജൂണ്‍ 9ന് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ നല്‍കിയ രേഖയിലാണ് സിഇഒയുടെ പ്രതിഫലത്തിന്റെ വിശദാംശങ്ങള്‍ വിപ്രോ നല്‍കിയത്. ശമ്പളവും അലവന്‍സുമായി 1.7 മില്യണ്‍ ഡോളര്‍, കമ്മീഷനായി 2.5 മില്യണ്‍ ഡോള്‍, ആനുകൂല്യങ്ങളിലായി 2 മില്യണ്‍ ഡോളര്‍, മറ്റുള്ള വിഭാഗങ്ങളിലായി 4 മില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് ഡെലാപോര്‍ട്ടെയ്ക്ക് ലഭിച്ച തുക. 2020 ജൂലൈയില്‍ വിപ്രോയില്‍ എത്തിയ ശേഷം 2021ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷവും ഇന്ത്യന്‍ ഐടി കമ്പനി സിഇഒമാരില്‍ ഡെലാപോര്‍ട്ടെ തന്നെയായിരുന്നു മുന്നില്‍. അന്ന് 64 കോടിയായിരുന്നു പ്രതിഫലമായി ലഭിച്ചത്.

പ്രതിഫലത്തില്‍ ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖ് (Salil Parekh) ആണ് ഡെലാപോര്‍ട്ടെയ്ക്ക് പിന്നില്‍. 9.36 മില്യണ്‍ ( 71.02 കോടി) ഡോളറാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സലില്‍ പരേഖിന് പ്രതിഫലമായി ലഭിച്ചത്. ടിസിഎസ് സിഇഒ രാജേഷ് ഗോപിനാഥിന് 4.48 മില്യണ്‍ ഡോളറും എച്ച്‌സിഎല്‍ സിഇഒ സി.വിജയകുമാറിന് 4.41 മില്യണ്‍ ഡോളറുമാണ് പ്രതിഫലമായി 2021-22 കാലയളവില്‍ ലഭിച്ചത്. 2.83 മില്യണ്‍ ഡോളറായിരുന്നു ടെക് മഹീന്ദ്ര സിഇഒയുടെ പ്രതിഫലം.

ലോകത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ഐടി കമ്പനി സിഇഒ അക്‌സെഞ്ചറിന്റെ ജൂലി സ്വീറ്റ് ആണ്. 23 മില്യണ്‍ ഡോളറാണ് അക്‌സെഞ്ചര്‍ സിഇഒയ്ക്ക് ലഭിച്ചത്. അതേ സമയം സിഇഒമാരുടെ കുതിച്ചുയരുമ്പോള്‍ ഐടി ജീവനക്കാരുടെ ശമ്പളത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാവുന്നില്ല. 2011-12 സാമ്പത്തിക വര്‍ഷം രാജ്യത്തെ ഐടി കമ്പനി സിഇഒമാരുടെ ശരാശരി പ്രതിഫലം 3.37 കോടി രൂപയായിരുന്നു. 10 വര്‍ഷത്തിനിടെ 835 ശതമാനത്തിന്റെ വളര്‍ച്ചയാണ് (ശരാശരി പ്രതിഫലം 31.5 കോടി രൂപ) പ്രതിഫലത്തില്‍ ഉണ്ടായത്. അതേ സമയം ഇക്കാലയളവില്‍ ഐടി മേഖലയിലെ തുടക്കക്കാര്‍ക്ക് കിട്ടുന്ന ശരാശി വാര്‍ഷികപ്രതിഫലം 2.45 ലക്ഷത്തില്‍ നിന്ന് 3.55 ലക്ഷമായി ആണ് വര്‍ധിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT