Industry

യെസ് ബാങ്ക് അഴിമതി: റാണ കപൂറും ഭാര്യയും പുത്രിമാരും പ്രതികള്‍

Dhanam News Desk

യെസ് ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ എംഡിയും സിഇഒയുമായ റാണ കപൂറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  കുറ്റപത്രം സമര്‍പ്പിച്ചു. 5,050 കോടി രൂപയുടെ അഴിമതിയും ക്രമക്കേടുകളും ആരോപിച്ച് മുംബൈയിലെ പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ യെസ് ബാങ്ക് സഹസ്ഥാപകന്‍ കൂടിയായ റാണ കപൂറിനെതിരെ കൂടാതെ ഭാര്യ ബിന്ദു കപൂര്‍, പെണ്‍മക്കളായ റോഷ്‌നി കപൂര്‍, രാധ കപൂര്‍, രാഖി കപൂര്‍ എന്നിവരും പ്രതികളാണ്.

കപൂര്‍ കുടുബത്തിന്റെ നിയന്ത്രണത്തിലുള്ള മോര്‍ഗന്‍ ക്രെഡിറ്റ്‌സ്, യെസ് ക്യാപിറ്റല്‍, റാബ് എന്റര്‍പ്രൈസസ് എന്നീ സ്ഥാപനങ്ങളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു. ചില സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിച്ചതിന് പകരമായി വന്‍ തുക കൈക്കൂലി വാങ്ങിയതായുള്ള ആരോപണത്തോടെ കപൂറിനെ മാര്‍ച്ച് എട്ടിന് കള്ളപ്പണം തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) കേന്ദ്ര അന്വേഷണ ഏജന്‍സി  അറസ്റ്റ് ചെയ്തിരുന്നു.

രാജീവ് ഗാന്ധിയുടെ എം.എഫ് ഹുസൈന്‍ പെയിന്റിംഗ് ഉള്‍പ്പെടെ 59 പെയിന്റിംഗുകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കപൂര്‍ കുടുബത്തില്‍ നിന്നു പിടിച്ചെടുത്ത് കോടതിയിലെത്തിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയില്‍ നിന്ന് കപൂര്‍ രണ്ട് കോടി രൂപയ്ക്ക് വാങ്ങിയതാണ് ഹുസൈന്‍ പെയിന്റിംഗ്.

കുംഭകോണത്തിനിരയായ ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡില്‍ (ഡിഎച്ച്എഫ്എല്‍) നിന്ന് യെസ് ബാങ്ക് 3,700 കോടി രൂപയുടെ ഡിബഞ്ചറുകള്‍ വാങ്ങിയതിനു പിന്നില്‍ അഴിമതി നടന്നതായി കുറ്റപത്രത്തില്‍ പറയുന്നു. അതിനുശേഷം മോര്‍ഗന്‍ ക്രെഡിറ്റ്‌സ് വഴി കപൂറിന്റെ പെണ്‍മക്കള്‍ നിയന്ത്രിക്കുന്ന ഡൊയിറ്റ് അര്‍ബന്‍ വെഞ്ചേഴ്സിന് 600 കോടി രൂപ ഡിഎച്ച്എഫ്എല്‍ വായ്പ അനുവദിച്ചു. ഡിഎച്ച്എഫ്എല്‍ പ്രൊമോട്ടര്‍മാരായ കപില്‍ വാധവാന്‍, ധീരജ് വാധവന്‍ എന്നിവരെ ഏപ്രില്‍ 27 ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

വായ്പ നല്‍കാന്‍ കനത്ത തുക കൈക്കൂലിയായി റാണ കപൂര്‍ വാങ്ങിയ നിരവധി സംഭവങ്ങള്‍ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കപൂറിനെ അറസ്റ്റ് ചെയ്യുന്നതിന് മൂന്ന് ദിവസം മുമ്പ് മുതല്‍ റിസര്‍വ് ബാങ്ക് യെസ് ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.ബാങ്കിന്റെ തകര്‍ച്ച ഒഴിവാക്കാന്‍ എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക തുടങ്ങിയവയുടെ സഹകരണത്തോടെയുള്ള പുനര്‍നിര്‍മ്മാണ പദ്ധതി നടപ്പാക്കിവരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT