Image Courtesy: Canva 
Industry

വെറും വീഡിയോ പ്ലാറ്റ്ഫോമല്ല, ഇനി ഇന്ത്യയുടെ 'പുതിയ ടിവി'; പ്രീമിയം ഉള്ളടക്കത്തിലേക്ക് ചുവടുവെച്ച് യൂട്യൂബ്

എഐ ഉപയോഗിച്ചുള്ളതോ അല്ലെങ്കില്‍ ഗുണനിലവാരമില്ലാത്തതോ ആയ വീഡിയോകള്‍ക്ക് പകരം ഒറിജിനല്‍ ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ വരുമാനം നല്‍കുന്ന രീതിയില്‍ മോണിറ്റൈസേഷന്‍ നിയമങ്ങളിലും യൂട്യൂബ് മാറ്റം വരുത്തിയിട്ടുണ്ട്

Dhanam News Desk

ഇന്ത്യന്‍ വിനോദ വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ്. സ്മാര്‍ട്ട് ഫോണുകള്‍ക്കപ്പുറം വലിയ ടിവി സ്‌ക്രീനുകളിലേക്ക് പ്രേക്ഷകര്‍ മാറുന്നത് കണക്കിലെടുത്ത് ഉയര്‍ന്ന നിലവാരമുള്ള 'പ്രീമിയം' കണ്ടന്റുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഇന്ത്യയെ 'പുതിയ ടിവി' (New TV) ആയിട്ടാണ് യൂട്യൂബ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.

സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് ലിവിംഗ് റൂമുകളിലെ വലിയ ടെലിവിഷന്‍ സ്‌ക്രീനുകളിലേക്ക് (Connected TV) കാഴ്ചക്കാര്‍ മാറുന്നതാണ് യൂട്യൂബിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഇന്ത്യയില്‍ ഏകദേശം 7.5 കോടിയിലധികം പേര്‍ വലിയ സ്‌ക്രീനുകളില്‍ യൂട്യൂബ് കാണുന്നുണ്ടെന്നാണ് കണക്ക്. ഇത് കണക്കിലെടുത്ത് ടിവിക്ക് അനുയോജ്യമായ രീതിയിലുള്ള മികച്ച നിലവാരമുള്ള വീഡിയോകള്‍ നിര്‍മ്മിക്കാന്‍ ക്രിയേറ്റര്‍മാരെ കമ്പനി പ്രോത്സാഹിപ്പിക്കുന്നു.

ഒറിജിനല്‍ സീരീസുകളും സിനിമകളും

കേവലം വ്‌ളോഗുകള്‍ക്ക് പകരം വെബ് സീരീസുകള്‍, ഡോക്യുമെന്ററികള്‍, സിനിമകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രീമിയം ഉള്ളടക്കങ്ങള്‍ കൊണ്ടുവരാന്‍ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസുകളുമായും പ്രശസ്ത ക്രിയേറ്റര്‍മാരുമായും യൂട്യൂബ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇതിലൂടെ നെറ്റ്ഫ്‌ലിക്‌സ്, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളോടും പരമ്പരാഗത ടിവി ചാനലുകളോടും നേരിട്ട് മത്സരിക്കാനാണ് യൂട്യൂബ് ലക്ഷ്യമിടുന്നത്. കുശ കപില, ഫറാ ഖാന്‍ തുടങ്ങിയവരുടെ പ്രീമിയം ഷോകള്‍ ഇതിന് ഉദാഹരണമാണ്.

എഐ (AI) ഉപയോഗിച്ചുള്ളതോ അല്ലെങ്കില്‍ ഗുണനിലവാരമില്ലാത്തതോ ആയ വീഡിയോകള്‍ക്ക് പകരം ഒറിജിനല്‍ ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ വരുമാനം നല്‍കുന്ന രീതിയില്‍ മോണറ്റൈസേഷന്‍ നിയമങ്ങളിലും യൂട്യൂബ് മാറ്റം വരുത്തിയിട്ടുണ്ട്.

വിപണിയിലെ മത്സരം മുറുകുന്നു

നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളോടും പരമ്പരാഗത ടെലിവിഷന്‍ ചാനലുകളോടും നേരിട്ട് ഏറ്റുമുട്ടാനാണ് യൂട്യൂബ് ഒരുങ്ങുന്നത്. സിതാരെ സമീന്‍ പര്‍ (Sitaare Zameen Par) പോലുള്ള സിനിമകള്‍ക്കായി ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നുള്ള 'പേ-പെര്‍-വ്യൂ' (Pay-per-view) പങ്കാളിത്തം ഇതിന്റെ ഭാഗമാണ്.

പരസ്യങ്ങളില്ലാതെ വീഡിയോകള്‍ കാണാനും ബാക്ക്ഗ്രൗണ്ട് പ്ലേ പോലുള്ള സേവനങ്ങള്‍ക്കുമായി യൂട്യൂബ് പ്രീമിയം വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കമ്പനി ശ്രമിക്കുന്നു. ഇന്ത്യയില്‍ ഇതിനോടകം തന്നെ വലിയൊരു വിഭാഗം ആളുകള്‍ പ്രീമിയം സേവനങ്ങളിലേക്ക് മാറിക്കഴിഞ്ഞു. 89 രൂപയുടെ 'പ്രീമിയം ലൈറ്റ്' (Premium Lite) പ്ലാന്‍ യൂട്യൂബ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ കുറഞ്ഞ ചിലവില്‍ പരസ്യങ്ങളില്ലാതെ വീഡിയോകള്‍ ആസ്വദിക്കാന്‍ സാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT