പ്രമുഖ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്‌റ്റോ (Zepto), ഉപഭോക്താക്കളെ ലക്ഷ്യമിട്ട് 'സെപ്‌റ്റോ ക്ലബ്' (Zepto Club) എന്ന പേരിൽ പുതിയ പെയ്ഡ് മെമ്പർഷിപ്പ് പദ്ധതി അവതരിപ്പിച്ചു. നേരത്തെ 'സെപ്‌റ്റോ പാസ്', 'സെപ്‌റ്റോ ഡെയ്‌ലി' എന്നീ വരിസംഖ്യാ പദ്ധതികൾ കമ്പനി നിർത്തലാക്കിയിരുന്നു. ക്ഷണിക്കപ്പെട്ടവർക്ക് മാത്രം (Invite-only) ചേരാവുന്ന ഈ പുതിയ പദ്ധതിയിലൂടെ ഉപഭോക്താക്കളെ സ്ഥിരമായി നിലനിർത്താനും ആവർത്തിച്ചുള്ള വാങ്ങലുകൾ പ്രോത്സാഹിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
പ്രതിമാസം 99 രൂപ എന്ന പ്രാരംഭ നിരക്കിലാണ് 'സെപ്‌റ്റോ ക്ലബ്' മെമ്പർഷിപ്പ് ലഭ്യമാകുന്നത്. ഈ പദ്ധതിയനുസരിച്ച് ഓരോ ഓർഡറിലും 5 ശതമാനം ക്യാഷ്ബാക്ക് 'സെഡ്-കോയിനുകളായി' (Z-Coins) അംഗങ്ങൾക്ക് ലഭിക്കും; ഇത് പിന്നീട് പണമടയ്ക്കാൻ ഉപയോഗിക്കാം. കൂടാതെ, 99 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്ക് പരിധിയില്ലാത്ത സൗജന്യ ഡെലിവറി, ഓർഡറുകൾ പാക്ക് ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും മുൻഗണന (Priority delivery) എന്നിവയും ലഭിക്കും. മുൻഗണനാടിസ്ഥാനത്തിലുള്ള കസ്റ്റമർ സപ്പോർട്ടും തിരഞ്ഞെടുക്കപ്പെട്ട ഓഫറുകളിലേക്കുള്ള ആദ്യകാല പ്രവേശനവും ഈ പാക്കേജിന്റെ ഭാഗമാണ്.
ക്വിക്ക് കൊമേഴ്‌സ് മേഖലയിൽ മത്സരം മുറുകുന്ന സാഹചര്യത്തിൽ, സ്വിഗ്ഗി വൺ ബ്ലാക്ക് (Swiggy One Black), ബ്ലിങ്കിറ്റ് ഗോർമെറ്റ് (Blinkit Gourmet) തുടങ്ങിയ പ്രീമിയം സേവനങ്ങളോടാണ് സെപ്‌റ്റോ 'ക്ലബ്' നേരിട്ട് ഏറ്റുമുട്ടുന്നത്. സാധാരണ സേവനങ്ങളിൽ നിന്ന് മാറി പ്രീമിയം വിഭാഗത്തിലേക്ക് വിപണി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് സെപ്‌റ്റോ. ഇതിന്റെ ഭാഗമായി ഇറക്കുമതി ചെയ്തതും മികച്ചതുമായ ഉൽപ്പന്നങ്ങൾക്കായി 'സെലക്ട്' (Select) എന്ന പുതിയ പ്രീമിയം വിഭാഗം കൂടി ആരംഭിക്കാൻ കമ്പനി തയാറെടുക്കുകയാണ്. ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിലൂടെ വിപണിയിലെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാണ് സെപ്‌റ്റോയുടെ ഈ നീക്കം.
Read DhanamOnline in English
Subscribe to Dhanam Magazine