Industry

സമ്പത്ത് വെറുതെ കുന്നുകൂട്ടുന്നത് ആര്‍ക്കും ഗുണകരമല്ല; സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടണം, ശ്രദ്ധനേടി നിതിന്‍ കാമത്തിന്റെ തുറന്നു പറച്ചിൽ

വെറും ഒരു ശതമാനം ആളുകളിലേക്ക് സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്നത് ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

Dhanam News Desk

തുടക്കകാലത്ത് 5 കോടി രൂപ സമ്പാദിച്ച് ഗോവയിലെ ഒരു കടല്‍തീരത്ത് വിശ്രമജീവിതം നയിക്കുക എന്നതായിരുന്നു തന്റെ സ്വപ്നമെന്നും എന്നാല്‍ ഇന്ന് തന്റെ ചിന്താഗതികള്‍ മാറിയെന്നും സെറോദ (Zerodha) സ്ഥാപകന്‍ നിതിന്‍ കാമത്ത്. ലോകമെമ്പാടും വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും തന്റെ ബ്ലോഗിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വം

സാമ്പത്തിക ആസ്തികളുടെ മൂല്യം ഉയരുന്നത് ഇതിനകം പണമുള്ളവര്‍ക്ക് മാത്രമേ ഗുണകരമാകുന്നുള്ളൂ എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. പ്രത്യേകിച്ച് 2008-ന് ശേഷമുള്ള കാലഘട്ടത്തില്‍ ആസ്തികളുടെ വില വര്‍ധിച്ചത് ഈ അന്തരത്തിന്റെ ആഴം കൂട്ടി. ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഒരു ശതമാനം ആളുകളിലേക്ക് സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്നത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

സാമൂഹിക ആഘാതം വലുത്

ബ്രേക്ക് നഷ്ടപ്പെട്ട ഒരു കാര്‍ കൊക്കയിലേക്ക് പതിക്കാന്‍ പോകുന്നതുപോലെയാണ് നിലവിലെ ഈ സാഹചര്യം എന്ന് നിതിന്‍ കാമത്ത് വിശേഷിപ്പിച്ചു. ഇത്തരം കടുത്ത അസമത്വങ്ങള്‍ ചരിത്രപരമായി വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമായിട്ടുണ്ട്. സമ്പത്ത് കേവലം സാമ്പത്തിക ആസ്തികളില്‍ മാത്രം കെട്ടിക്കിടക്കുന്നതിന് പകരം സമൂഹത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കപ്പെടണം.

'സമ്പത്ത് ചലനാത്മകമല്ലെങ്കില്‍, അത് സാമൂഹിക നന്മയ്ക്കായി ഉപയോഗിക്കുന്നില്ലെങ്കില്‍, അത് സമൂഹത്തില്‍ വിദ്വേഷവും നിരാശയും വളര്‍ത്താന്‍ മാത്രമേ സഹായിക്കൂ.' നിതിന്‍ കാമത്ത് പറയുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) പോലുള്ള സാങ്കേതികവിദ്യകളുടെ കടന്നുവരവ് ഈ സാഹചര്യം കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനേക്കാള്‍ ഉപരിയായി, നിലവിലെ പ്രശ്‌നത്തിന്റെ ഗൗരവം എല്ലാവരും തിരിച്ചറിയുകയാണ് വേണ്ടത്. സമ്പത്ത് കുന്നുകൂട്ടുന്നത് ആര്‍ക്കും ഗുണം ചെയ്യില്ലെന്നും, അതിന്റെ ഒരു ഭാഗമെങ്കിലും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനായി വിനിയോഗിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിതിന്‍ കാമത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇത് എന്റെ വായില്‍ നിന്ന് വരുമ്പോള്‍ നിങ്ങള്‍ക്ക് അല്പം വിചിത്രമോ, ക്ലീഷേയോ ആയി തോന്നാം. പക്ഷേ കുറെ കാലമായി എന്റെ മനസില്‍ ചുറ്റിക്കറങ്ങുന്ന ചിന്തയാണിത്. തുടക്കത്തില്‍ മറ്റെല്ലാവരെയും പോലെ എനിക്കും സമ്പാദ്യത്തെ കുറിച്ച് വളരെ ലളിതമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. അത് ഞാന്‍ കുറിച്ചുവെച്ചതുമുണ്ട്: 5 കോടി രൂപ സമ്പാദിക്കുക, ഗോവയില്‍ ഒരു ബീച്ച് ഷാക്ക് സ്വന്തമാക്കുക, പിന്നെ ശാന്തമായ ഒരു വിരമിച്ച ജീവിതം നയിക്കുക. അതായിരുന്നു എന്റെ സ്വപ്നം. എന്നാല്‍ സെറോദയിലൂടെയുള്ള യാത്ര കഴിഞ്ഞപ്പോള്‍ ആ സമവാക്യത്തിന്റെ പൂര്‍ണമായും വേറൊരു വശത്താണ് ഇന്ന് ഞാന്‍ നില്‍ക്കുന്നത്. സമ്പത്തിന്റെയും അവസരങ്ങളുടെയും ഇടയില്‍ നിലനില്‍ക്കുന്ന വന്‍ അസമത്വം ഇനി അവഗണിക്കാന്‍ എനിക്കാവുന്നില്ല. അസമത്വത്തെക്കുറിച്ചുള്ള കണക്കുകള്‍ നമുക്കെല്ലാവര്‍ക്കും പരിചിതമാണ്. വെറും 1 ശതമാനം ആളുകളുടെ കൈകളിലേക്ക് സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്നത് വളരെ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. 2008ന് ശേഷം ആസ്തികളുടെ മൂല്യം കുതിച്ചുയര്‍ന്നത് ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കിയിരിക്കാം. കാരണം, സാമ്പത്തിക ആസ്തികള്‍ കൈവശം വെച്ചിരുന്നത് ഇതിനകം തന്നെ സമ്പന്നരായവരാണ്. ഇത് ഇന്ത്യയില്‍ മാത്രം നടക്കുന്ന കാര്യമല്ല; ലോകമെമ്പാടും കാണുന്ന ഒരു പ്രവണതയാണ്. ഇന്നത്തെ എല്ലാ സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കും അസമത്വം മാത്രമാണ് കാരണം എന്ന് ഞാന്‍ പറയുന്നില്ല. എങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലും പൊട്ടിപ്പുറപ്പെടുന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ ഇതിന്റെ പങ്ക് നിഷേധിക്കാന്‍ കഴിയില്ല. ചരിത്രം നോക്കിയാല്‍ ഇത്തരത്തിലുള്ള അതിരൂക്ഷമായ അസമത്വങ്ങള്‍ ഒരിടത്തും നല്ല രീതിയില്‍ അവസാനിച്ചിട്ടില്ലെന്ന് കാണാം. ബ്രേക്ക് നഷ്ടപ്പെട്ട ഒരു കാറില്‍ ഇരുന്ന് മുന്നിലുള്ള കൊക്കയിലേക്ക് നോക്കി നില്‍ക്കുന്ന അവസ്ഥയാണിപ്പോള്‍ എനിക്ക് തോന്നുന്നത്. എഐ (AI) പോലുള്ള സാങ്കേതികവിദ്യകള്‍ ഈ അവസ്ഥയെ ഇനിയും വഷളാക്കാന്‍ സാധ്യതയുള്ള ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതിന് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. ഇത്തരത്തിലുള്ള സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക് ലളിതമായ ഉത്തരങ്ങള്‍ കണ്ടെത്തുന്നത് എളുപ്പമെന്നു തോന്നിച്ചാലും, അത് തന്നെ വലിയൊരു ചര്‍ച്ചാവിഷയമാണ്. എങ്കിലും നാം ഒരു കാര്യം അംഗീകരിക്കേണ്ടതുണ്ട്: മൂല്യം നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ആസ്തികളില്‍ മാത്രം അടിഞ്ഞുകൂടുന്ന സമ്പത്ത്, അത് ഇതിനകം തന്നെ സമ്പന്നരായവരെ കൂടാതെ മറ്റാര്‍ക്കും യാതൊരു ഗുണവും ചെയ്യില്ല. ആ സമ്പത്ത് ചലനത്തിലാകുന്നില്ലെങ്കില്‍, സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കപ്പെടുന്നില്ലെങ്കില്‍, നമ്മുടെ സാമൂഹിക ഘടന തകരാന്‍ തുടങ്ങും; അതിന്റെ ഫലമായി ജനങ്ങളില്‍ നിരാശയും അസ്വസ്ഥതയും വളരും. നാം ഇതിനുള്ള സൂചനകള്‍ ഇതിനകം തന്നെ കാണാന്‍ തുടങ്ങിയിട്ടുണ്ട്. സമ്പത്തിന്റെ ഒരു ഭാഗമെങ്കിലും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങളിലേക്ക് ഒഴുകിയെത്തുന്നുണ്ടെങ്കില്‍ അതിന് വലിയ അര്‍ത്ഥമുണ്ട്. ദീര്‍ഘകാലത്തില്‍ നോക്കുമ്പോള്‍, സമ്പത്ത് വെറും കണക്കുകള്‍ പോലെ കൂട്ടിക്കൊണ്ടിരുന്നതിലൂടെ ആരും യഥാര്‍ത്ഥത്തില്‍ നേട്ടമുണ്ടാക്കുന്നില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT