2022-23 സാമ്പത്തിക വര്‍ഷം 38.5% വളര്‍ച്ചയോടെ 6,875 കോടി രൂപ വരുമാനം രേഖപ്പെടുത്തി ഓണ്‍ലൈന്‍ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനം സീറോധ. മുന്‍ വര്‍ഷം ഇത് 4,964 കോടി രൂപയായിരുന്നു. അവലോകന കാലയളവില്‍ ലാഭം 39% ഉയര്‍ന്ന് 2022 സാമ്പത്തിക വര്‍ഷത്തിലെ 2,094 കോടി രൂപയില്‍ നിന്ന് 2023 ല്‍ 2,907 കോടി രൂപയായി. സ്ഥാപനത്തിന് ഈ വര്‍ഷം ഓഗസ്റ്റ് വരെ ഏകദേശം 64 ലക്ഷം സജീവ ഉപയോക്താക്കളുണ്ട്. അതായത് ഒരു വര്‍ഷത്തിനിടെ ഒരു ട്രേഡ് എങ്കിലും നടത്തിയ സജീവ ഉപയോക്താക്കള്‍.
മറ്റൊരു സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ ഗ്രോ ഓഗസ്റ്റില്‍ 62 ലക്ഷം സജീവ ഉപയോക്താക്കളെ മറികടന്നതായി റിപ്പോര്‍ട്ടുണ്ട്. ഗ്രോ, അപ്‌സ്‌റ്റോക്‌സ് എന്നീ സ്ഥാപനങ്ങള്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനികള്‍ യഥാക്രമം 427 കോടി രൂപയും 766 കോടി രൂപയും വരുമാനം രേഖപ്പെടുത്തിയിരുന്നു. മറ്റൊരു ഡിസ്‌കൗണ്ട് ബ്രോക്കറായ ഏഞ്ചല്‍ വണ്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ 3,021 കോടി രൂപയുടെ സംയോജിത വരുമാനവും 1,192 കോടി രൂപയുടെ അറ്റാദായവും റിപ്പോര്‍ട്ട് ചെയ്തു.
വിപണികളില്‍ പ്രത്യേകിച്ച് ഫ്യൂച്ചറുകളിലും ഓപ്ഷനുകളിലും ഇപ്പോഴും അസാധാരണമായ താല്‍പ്പര്യമുണ്ടെന്ന് കമ്പനിയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ നിതിന്‍ കാമത്ത് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി വരുമാനത്തിലും ലാഭത്തിലും വര്‍ധനവുണ്ടായതിന്റെ പ്രാഥമിക കാരണം ഇതാണന്നെും നിതിന്‍ കാമത്ത് കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine