ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ (Zomato), ക്യാഷ് ഓൺ ഡെലിവറി (COD) തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളിൽ നിന്ന് അധികമായി 5 രൂപ ഈടാക്കാൻ ആരംഭിച്ചു. 'പേ ഓൺ ഡെലിവറി ഫീ' (Pay on delivery fee) എന്ന പേരിൽ ബിൽ സമ്മറിയിൽ പ്രത്യേക തുകയായാണ് ഇത് ചേർത്തിരിക്കുന്നത്. ചില സന്ദർഭങ്ങളിൽ ഈ നിരക്ക് 7 രൂപ മുതൽ 20 രൂപ വരെയായി വ്യത്യാസപ്പെടാറുണ്ടെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ ഓൺലൈൻ വഴി പണം അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് ഈ അധിക ഫീസ് ബാധകമല്ല.
സൊമാറ്റോ നിലവിൽ ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസിന് പുറമെയാണ് ഈ പുതിയ നിരക്ക് അവതരിപ്പിച്ചിരിക്കുന്നത്. മുൻപ് പ്ലാറ്റ്‌ഫോം ഫീസിൽ വരുത്തിയ വർദ്ധനവിന് ശേഷമാണ് ക്യാഷ് ഓൺ ഡെലിവറി പേയ്‌മെന്റ് രീതിക്കും ചാർജ് ഏർപ്പെടുത്താൻ കമ്പനി തീരുമാനിച്ചത്. എതിരാളികളായ സ്വിഗ്ഗി (Swiggy) നിലവിൽ ക്യാഷ് ഓൺ ഡെലിവറിക്ക് ഇത്തരം പ്രത്യേക ഫീസുകളൊന്നും ഈടാക്കുന്നില്ല.
പ്രതിദിനം ശരാശരി 23 ലക്ഷം മുതൽ 25 ലക്ഷം വരെ ഫുഡ് ഓർഡറുകളാണ് സൊമാറ്റോ പ്രോസസ് ചെയ്യുന്നത്. ഓരോ ഇടപാടിലെയും ചെറിയൊരു തുകയാണെങ്കിലും, ദശലക്ഷക്കണക്കിന് ഓർഡറുകൾ നടക്കുമ്പോൾ ഈ നീക്കത്തിലൂടെ വലിയൊരു തുക അധിക വരുമാനമായി കണ്ടെത്താൻ കമ്പനിക്ക് സാധിക്കും. വിപണിയിൽ റാപ്പിഡോയുടെ 'ഓൺലി' (Ownly), ഫ്ലിപ്കാർട്ടിന്റെ 'ഈറ്റ് ഇൻ' (Eat In), സ്വിഷ് (Swish) തുടങ്ങിയ പുതിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള മത്സരം കടുക്കുന്ന സാഹചര്യത്തിലാണ് സൊമാറ്റോയുടെ ഈ വരുമാന വർദ്ധനവ് നീക്കം.
ചെക്ക്ഔട്ട് സമയത്ത് നൽകേണ്ടിവരുന്ന പ്ലാറ്റ്‌ഫോം ഫീ, പാക്കിംഗ് ചാർജ്, ജി.എസ്.ടി എന്നിവയ്ക്ക് പുറമെ പേയ്‌മെന്റ് രീതിക്കും പുതിയ നിരക്ക് വന്നതോടെ ഉപഭോക്താക്കളുടെ മൊത്തം ബിൽ തുക വീണ്ടും ഉയരുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine