ഭക്ഷണപ്രേമികൾക്ക് ആശങ്കയുണ്ടാക്കുന്ന നീക്കവുമായി പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ പാക്കേജിംഗിനായി പ്ലാസ്റ്റിക്കിന് പകരം പരിസ്ഥിതി സൗഹൃദവും ജൈവഘടനാപരമായതുമായ (Sustainable and Biodegradable) വസ്തുക്കൾ ഉപയോഗിക്കുന്നത് മൂലം ഭക്ഷണത്തിന്റെ ആകെ വിലയിൽ 10 മുതൽ 30 ശതമാനം വരെ വർദ്ധനവ് ഉണ്ടായേക്കാമെന്ന് സൊമാറ്റോ വ്യക്തമാക്കുന്നു.
നിലവിൽ ഭൂരിഭാഗം ഭക്ഷണ വിതരണത്തിനും പ്ലാസ്റ്റിക് കണ്ടെയ്നറുകളും കവറുകളുമാണ് ഉപയോഗിക്കുന്നതെന്ന് സൊമാറ്റോ ലിമിറ്റഡിന്റെ ചീഫ് സസ്‌റ്റൈനബിലിറ്റി ഓഫീസർ അഞ്ജലി രവി കുമാര്‍ ദ ഹിന്ദുവിനോട് പറഞ്ഞു. ഒരു സാധാരണ ഓർഡർ ബില്ലിന്റെ ഏകദേശം 5 ശതമാനം തുക പാക്കേജിംഗിനായി മാത്രം ചെലവാകുന്നുണ്ട്. ഈ അധിക ചെലവ് നിലവിൽ ഉപഭോക്താക്കൾ തന്നെയാണ് വഹിക്കുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കി പകരം ബാഗാസ് (Bagasse), അലുമിനിയം, പേപ്പർ, മൺപാത്രങ്ങൾ (Earthenware) എന്നിവ ഉപയോഗിക്കുമ്പോൾ അതിന്റെ നിർമ്മാണ ചെലവ് വളരെ കൂടുതലായതാണ് ഭക്ഷണ ഓര്‍ഡറിന്റെ വില ഉയരാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി അധിക തുക നൽകാൻ നിലവിൽ ഉപഭോക്താക്കൾ തയാറാകാത്തത് വലിയൊരു വെല്ലുവിളിയാണെന്നും അഞ്ജലി രവി കുമാര്‍ പറഞ്ഞു.
എങ്കിലും, ഈ പുതിയ രീതി കൂടുതൽ ആളുകൾ സ്വീകരിക്കുന്നതോടെ (Economies of scale) ഇത്തരം പാക്കേജിംഗ് വസ്തുക്കളുടെ വില ക്രമേണ കുറയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇതിനായി സൊമാറ്റോ 'പാക്ക് സ്വിച്ച്' (PackSwitch) എന്ന പേരിൽ ഒരു ഇന്ററാക്ടീവ് വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്ന റെസ്റ്റോറന്റുകളെ തിരിച്ചറിയാൻ സൊമാറ്റോ ആപ്പിൽ പ്രത്യേക ഫിൽട്ടറുകൾ നൽകിയിട്ടുണ്ട്. നിലവിൽ 500-ലധികം നഗരങ്ങളിലായി പതിനായിരത്തിലധികം റെസ്റ്റോറന്റുകൾ പ്ലാസ്റ്റിക് ഇതര പാക്കേജിംഗ് ഉപയോഗിക്കുന്നുണ്ടെന്നും സൊമാറ്റോയുടെ 'പ്ലാസ്റ്റിക് ഫ്രീ ഫ്യൂച്ചർ പ്രോഗ്രാം' വഴി ഇവരെ അംഗീകരിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine