ഇന്ത്യൻ ടെലികോം വിപണിയിലെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കി പ്രമുഖ ടെലികോം ഓപ്പറേറ്ററായ വൊഡാഫോണ്‍ ഐഡിയ (Vi). റീബ്രാൻഡിംഗിന്റെ ഭാഗമായി പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും ലോഗോ ഡിസൈനും കമ്പനി പുറത്തിറക്കി. ഇതിനൊപ്പം ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനെ ബ്രാൻഡ് അംബാസഡറായി കമ്പനി ഒപ്പം ചേർത്തു.
'വി ബദല്‍ രഹാ ഹെ... തയാർ രഹിയെ' (Vi മാറുകയാണ്... തയ്യാറായിരിക്കൂ) എന്ന ടാഗ്‌ലൈനോടെയാണ് പുതിയ പ്രചാരണത്തിന് തുടക്കമിടുന്നത്. വെറുമൊരു ടെലികോം സർവീസ് പ്രൊവൈഡർ എന്നതിൽ നിന്ന് സമഗ്രമായ ഡിജിറ്റൽ ടെക്നോളജി പ്ലാറ്റ്‌ഫോമിലേക്കുള്ള കമ്പനിയുടെ മാറ്റമാണ് ഈ റീബ്രാൻഡിംഗിലൂടെ ലക്ഷ്യമിടുന്നത്.
വൊഡാഫോണ്‍ ഐഡിയയുടെ പരമ്പരാഗത സിഗ്നേച്ചർ റെഡ് കളറും ഐഡന്റിറ്റിയും നിലനിർത്തിക്കൊണ്ട് തന്നെ കൂടുതൽ ആധുനികമായ ഡൈനാമിക് 3D വിഷ്വൽ സ്ഫിയറിലേക്ക് ലോഗോ ഡിസൈൻ മാറ്റിയിട്ടുണ്ട്. മാറ്റത്തെയും ഊർജ്ജസ്വലതയെയും പ്രതിനിധീകരിക്കുന്നതാണ് പുതിയ ലോഗോ എന്ന് കമ്പനി വ്യക്തമാക്കി.
ടെലികോം രംഗത്ത് റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവരിൽ നിന്നുള്ള കടുത്ത മത്സരവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന സാഹചര്യത്തിലാണ് വി വലിയ തുക മുടക്കി ബ്രാൻഡ് ട്രാൻസ്ഫോർമേഷന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
കേരളത്തിൽ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുള്ള ടെലികോം ബ്രാൻഡാണ് വൊഡാഫോണ്‍ ഐഡിയ. വൊഡാഫോണിനും തുടര്‍ന്ന് 'വി'ക്കും കേരള വിപണിയിൽ ശക്തമായ കസ്റ്റമർ ബേസ് നിലവിലുണ്ട്. 4G നെറ്റ്‌വർക്ക് ശാക്തീകരണവും 5G സേവനങ്ങൾ രാജ്യവ്യാപകമായി വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട വലിയ തുകയുടെ നെറ്റ്‌വർക്ക് നവീകരണങ്ങളും നടക്കുന്നതിനിടയിലാണ് ഈ പ്രചാരണം.
ഷാരൂഖ് ഖാന്റെ ജനപ്രീതിയിലൂടെ കേരളം ഉൾപ്പെടെയുള്ള പ്രധാന വിപണികളിൽ പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനും നിലവിലുള്ള വരിക്കാരെ നിലനിർത്താനും കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.
Telecom operator Vodafone Idea (Vi) unveils a refreshed dynamic 3D visual sphere identity and partners with Bollywood star Shah Rukh Khan for its transformation campaign 'Vi badal raha hai... tayaar rahiye'
Read DhanamOnline in English
Subscribe to Dhanam Magazine