ChatGPT illustration 
Markets

ആവേശം ചോര്‍ന്ന് ഐ.പി.ഒ വിപ്ലവം, ഈ വര്‍ഷത്തെ പുതിയ ഓഹരികളില്‍ ഭൂരിഭാഗവും ഇഷ്യൂ വിലയേക്കാള്‍ താഴെ, കഥ ഇതുവരെ...

Dhanam News Desk

ഐ.പി.ഒയുടെ പൂക്കാലത്തിന് ഓഹരി വിപണിയില്‍ നിന്ന് നഷ്ടക്കച്ചവടത്തിന്റെ കണക്കുകള്‍. പ്രാരംഭ ഓഹരി വില്‍പന (ഐ.പി.ഒ) 2026ല്‍ പ്രതീക്ഷിച്ചതുപോലെ മുന്നേറുന്നില്ല. ഈ വര്‍ഷം ഇതുവരെ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ വലിയൊരു വിഭാഗം ഇഷ്യൂ വിലയ്ക്ക് താഴെയാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. ലിസ്റ്റിംഗ് നേട്ടങ്ങളും കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗണ്യമായി കുറഞ്ഞു.

2026ല്‍ ഇതുവരെ 32 കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 50 ആയിരുന്നു. ഈ വര്‍ഷത്തെ 32 ലിസ്റ്റിംഗുകളില്‍ 11 എണ്ണം ഇഷ്യൂ വിലയ്ക്ക് താഴെയാണ് തുടങ്ങിവെച്ചത്. അഞ്ച് കമ്പനികള്‍ ഇഷ്യൂ വിലക്കു തന്നെ ലിസ്റ്റ് ചെയ്തു. 21 കമ്പനികള്‍ പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്‌തെങ്കിലും, അതില്‍ വെറും എട്ട് കമ്പനികള്‍ക്കാണ് ഇരട്ട അക്ക നേട്ടം നേടാനായത്. ശരാശരി ലിസ്റ്റിംഗ് നേട്ടം ഈ വര്‍ഷം ഏകദേശം 8 ശതമാനം മാത്രമാണ്. 2024ല്‍ ഇത് 49 ശതമാനവും, 2025ല്‍ 10.6 ശതമാനവുമായിരുന്നു.

60 ശതമാനവും ഇഷ്യൂ വിലയ്ക്ക് താഴെ

ഇതുവരെ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ ഏകദേശം 60 ശതമാനം ഓഹരികളും ഇപ്പോള്‍ ഇഷ്യൂ വിലയ്ക്ക് താഴെയാണ് വ്യാപാരം നടത്തുന്നത്. ചില കമ്പനികള്‍ 40 മുതല്‍ 70 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്. മിഡ്-ക്യാപ്, സ്‌മോള്‍-ക്യാപ് ഓഹരികളിലെ അസ്ഥിരതയും വിപണിയിലെ ജാഗ്രതയും പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നു. നിക്ഷേപകര്‍ ഇപ്പോള്‍ മൂല്യനിര്‍ണയത്തെയും കമ്പനികളുടെ ഗുണമേന്മയെയും കൂടുതല്‍ ശ്രദ്ധിക്കുന്നു.

വിപണിയുടെ മൊത്തത്തിലുള്ള ദിശയും സാമ്പത്തിക സാഹചര്യവും അനുസരിച്ചായിരിക്കും അടുത്ത മാസങ്ങളിലെ ഐപിഒ പ്രവാഹം. ശക്തമായ അടിസ്ഥാനങ്ങളുള്ള കമ്പനികള്‍ക്ക് മാത്രം വിപണി പിന്തുണ ലഭിക്കുമെന്നതാണ് വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT