Image courtesy: Canva
Markets

ആറു കൊമ്പന്മാര്‍ അടക്കം 734 ഓഹരികള്‍ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍, ഐ.ടി സൂചികയും കനത്ത ഇടിവില്‍, അനിശ്ചിതത്വവും ഭയപ്പാടുമായി ഓഹരി വിപണി

നിഫ്റ്റി ഐടി സൂചിക 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി

Dhanam News Desk

വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടത് മൂലം ഇന്ത്യൻ ഓഹരി വിപണിയിൽ വന്‍ ഇടിവിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. ആഗോള വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകളും സമ്പദ്‌വ്യവസ്ഥയെ അത് മാന്ദ്യത്തിലേക്ക് തള്ളിവിടാനുളള സാധ്യതകളുമാണ് നിക്ഷേപകരുടെ വികാരത്തെ സ്വാധീനിച്ചത്. വിറ്റഴിക്കൽ രൂക്ഷമായതോടെ രാവിലത്തെ സെഷനില്‍ 734 ഓഹരികളാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയത്. നിഫ്റ്റി ഐടി സൂചിക 5 ശതമാനത്തിലധികം ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

കഴിഞ്ഞ മൂന്ന് സെഷനുകളിലായി ഐടി സൂചിക 10 ശതമാനത്തിലധികം ഇടിഞ്ഞ് 5,000 പോയിന്റിലധികമാണ് നഷ്ടം രേഖപ്പെടുത്തിയത്. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, എംഫസിസ്, എൽടിഐ മൈൻഡ്ട്രീ തുടങ്ങിയ പ്രധാന ഐടി ഓഹരികൾ എട്ട് ശതമാനം വരെ ഇടിഞ്ഞു.

ആറ് സെൻസെക്സ് ഓഹരികൾ

ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വിലയിൽ 12 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 542.55 രൂപയിൽ ഓഹരി എത്തി.

7 ശതമാനത്തിലധികം ഇടിഞ്ഞ ടിസിഎസ് ഓഹരി വില ബിഎസ്ഇയിൽ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 3,060.25 രൂപയിൽ എത്തി.

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിലയും 7 ശതമാനത്തിലധികം ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 1,115.55 രൂപയിൽ എത്തി.

ടൈറ്റൻ കമ്പനിയുടെ ഓഹരി വില 4 ശതമാനത്തിലധികം ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 2,947.55 രൂപയിൽ എത്തി.

ഇൻഫോസിസ് ഓഹരി വില 10 ശതമാനം ഇടിഞ്ഞ് രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1,307.10 രൂപയിലെത്തി.

ലാർസൻ ആൻഡ് ട്യൂബ്രോ ഓഹരി വില 9 ശതമാനം ഇടിഞ്ഞ് ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2,967.65 രൂപയിൽ എത്തി.

ഈ ആറ് സെൻസെക്സ് ഓഹരികൾക്ക് പുറമേ, ബജാജ് ഓട്ടോ, ഭാരത് ഫോർജ്, സിപ്ല, ഡാബർ, ഡിഎൽഎഫ്, ഡോ. റെഡ്ഡീസ് ലാബ്സ്, ഹാവെൽസ്, ഹീറോ മോട്ടോകോർപ്പ്, ഹിൻഡാൽകോ, എൽടിഐ മൈൻഡ്ട്രീ, സംവർദ്ധന മദർസൺ ഇന്റർനാഷണൽ, ഒഎൻജിസി തുടങ്ങിയ ഓഹരികളും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. നിക്ഷേപകർക്ക് ഏകദേശം 19 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഒറ്റ സെഷനിൽ ബിഎസ്ഇയില്‍ ഉണ്ടായത്.

ട്രെന്റ് ഓഹരി

ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയിൽ വിഭാഗമായ ട്രെന്റിന്റെ ഓഹരികൾ 19 ശതമാനം വരെ ഇടിഞ്ഞു. 2024 ജൂണിനു ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവാണ് ഓഹരി രേഖപ്പെടുത്തിയത്. വിപണി മൂലധനത്തിൽ ഏകദേശം 28,000 കോടി രൂപയുടെ നഷ്ടമാണ് ഓഹരിക്കുണ്ടായത്. വിപണി മൂലധനത്തില്‍ 2020 മാർച്ചിനുശേഷം കമ്പനിക്കുണ്ടാകുന്ന ഏറ്റവും വലിയ ഒറ്റ ദിവസത്തെ തകർച്ചയാണ് ഇത്.

2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ കമ്പനി 4,334 കോടി രൂപയുടെ വരുമാനമാണ് നേടിയത്. കഴിഞ്ഞ വര്‍‌ഷം സമാന പാദത്തില്‍ നിന്ന് 28 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. 2024 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 12,669 കോടി രൂപയേക്കാൾ 39 ശതമാനം വർധനയോടെ ഈ വർഷം ട്രെന്റിന്റെ വരുമാനം 17,624 കോടി രൂപയായി. ട്രെന്റിന്റെ നാലാം പാദത്തിലെ വളർച്ച പ്രതീക്ഷകൾക്ക് അനുസൃതമല്ലെന്നാണ് ബ്രോക്കറേജുകള്‍ വിലയിരുത്തുന്നത്.

ട്രംപിന്റെ താരിഫുകൾ മൂലമുണ്ടാകുന്ന പ്രക്ഷുബ്ധത എങ്ങനെ പരിണമിക്കുമെന്ന് ആര്‍ക്കും ഒരു സൂചനയുമില്ലാത്തത് നിക്ഷേപകരെ ആശങ്കയിലാക്കുന്നു. അങ്ങേയറ്റത്തെ അനിശ്ചിതത്വം മൂലമുളള അസ്ഥിരതയിലൂടെ ആഗോള വിപണികൾ കടന്നുപോകുന്നതാണ് ഇന്ത്യന്‍ വിപണിയെയും ബാധിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT