(തയാറാക്കിയത്: രാജീവ് മണിയാര്‍, സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ മേധാവി, എച്ച്ഡിഎഫ്‌സി എഎംസി ലിമിറ്റഡ്) 
Markets

നിക്ഷേപകരെ, തന്ത്രപരമായി നീങ്ങൂ; കാറ്റിനെയല്ല, തുഴകളെ നിയന്ത്രിക്കൂ

നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെ കുറിച്ച് ആശങ്കപ്പെടാതെ കരുതലോടെ ആസ്തിവിന്യാസം നടത്തുക

Dhanam News Desk

പൊതുവെ നിക്ഷേപകരുടെ പരസ്പരവിരുദ്ധമായ രണ്ട് അഭിപ്രായങ്ങള്‍ നാം കേള്‍ക്കാറുണ്ട്.

ഒന്ന്: ഓഹരി വിപണി എനിക്ക് ഭയമാണ്. അതിനാല്‍ ഞാന്‍ എന്റെ പണം മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളിലും ഫിക്സഡ് ഡെപ്പോസിറ്റുകളിലുമാണ് നിക്ഷേപിക്കുന്നത്.

രണ്ട്: ഓഹരി വിപണി വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് ഞാന്‍ എന്റെ പണം മുഴുവന്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നു.

ഇവ രണ്ടും പ്രകടമാക്കുന്നത് സാധാരണ നിക്ഷേപക മനോഭാവമാണ്. ഈ നിലപാടുകള്‍ വൈകാരികമാണ്. ആത്മസംയമനത്തോടെയുള്ളതല്ല. ബാങ്ക് അക്കൗണ്ടുകളിലോ ഫിക്സഡ് ഡെപ്പോസിറ്റുകളിലോ വലിയ തോതില്‍ പണം സൂക്ഷിക്കുന്നത് ഭയത്തിന്റെ സൂചനയാണ്. അതേസമയം, ആവശ്യത്തിലേറെ പണം ഓഹരികളില്‍ നിക്ഷേപിക്കുന്നത് അതിയായ ആത്മവിശ്വാസത്തിന്റെ ലക്ഷണവുമാണ്. ഈ വികാരങ്ങള്‍ ദീര്‍ഘകാല നിക്ഷേപ തന്ത്രങ്ങള്‍ മെനയാന്‍ അനുയോജ്യമല്ല; പ്രത്യേകിച്ച് വിപണിയിലെ പ്രതിസന്ധികള്‍, കുമിളകള്‍, അസ്ഥിരത എന്നിവ നേരിടേണ്ട സാഹചര്യങ്ങളില്‍.

ദീര്‍ഘകാല നിക്ഷേപ തന്ത്രം രൂപപ്പെടുത്തുന്നത് ഒരു ജലയാത്ര ആരംഭിക്കുന്നതു പോലെയാണ്. നിങ്ങള്‍ക്ക് രണ്ട് വഞ്ചികളുണ്ടെന്ന് കരുതുക. ഒരു സാധാരണ തുഴയുള്ള ചെറുവഞ്ചിയും പരിചയസമ്പന്നനായ ഒരു ക്യാപ്റ്റന്‍ നയിക്കുന്ന പായവഞ്ചിയും.

ചെറുതായി കാറ്റ് വീശുന്ന ഒരു തടാകത്തില്‍ ഒരു ദിവസത്തെ യാത്രക്ക് ഒരു പായവഞ്ചിയാണ് ഏറ്റവും ഉചിതമായ തിരഞ്ഞെടുപ്പ്. കാരണം, ഇളംകാറ്റിന്റെ സ്വാഭാവിക ശക്തിയില്‍ വെള്ളത്തിന് മുകളില്‍ അത് ഒഴുകിനടക്കും. എന്നാല്‍ കാറ്റില്ലാത്ത ശാന്തമായ ഒരു തടാകത്തില്‍ പായവഞ്ചി നിങ്ങളെ കുടുക്കും. ആ അവസരത്തില്‍ പങ്കായമുള്ള ഒരു വഞ്ചിയാണ് നല്ലത്. കാരണം അതുപയോഗിച്ച് സ്വയം നിങ്ങള്‍ക്ക് മുന്നോട്ട് നീങ്ങാന്‍ കഴിയും.

വിപണികളും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ചില സമയങ്ങളില്‍ വിപണി സാഹചര്യങ്ങള്‍ അനുകൂലമായിരിക്കുമ്പോള്‍ (കാറ്റ് വീശുമ്പോള്‍) ഓഹരികള്‍ വാങ്ങുക, കയ്യില്‍ സൂക്ഷിക്കുക പോലുള്ള സാധാരണ രീതിയിലുള്ള തന്ത്രം മികച്ചതായിരിക്കും. എന്നാല്‍ വിപണി അസ്ഥിരമാകുന്ന സമയങ്ങളില്‍, തുഴയുന്നത് (rowing- അതായത് തന്ത്രപരമായ മാറ്റങ്ങള്‍ വരുത്തുന്നത്) മുന്നോട്ട് നീങ്ങാന്‍ നിങ്ങളെ സഹായിക്കുകയും അസ്ഥിരത മൂലമുള്ള പ്രശ്‌നങ്ങളുടെ ആഘാതം കുറക്കുകയും ചെയ്യും.

തന്ത്രപരമായ ആസ്തിവിന്യാസം

തന്ത്രപരമായ ആസ്തിവിന്യാസം (Tactical asset allocation) വിപണിയെ പിന്തുടര്‍ന്ന് ഓടുന്നതോ, വികാരപരമായി പ്രതികരിക്കുന്നതോ അല്ല. മറിച്ച് അസ്ഥിരത കുറച്ച് നിക്ഷേപത്തില്‍ തുടരാനുള്ള മാര്‍ഗമാണ്.നിക്ഷേപത്തില്‍ നിങ്ങള്‍ കാറ്റിനെയല്ല നിയന്ത്രിക്കുന്നത്. പക്ഷേ, തന്ത്രപരമായ ആസ്തിവിന്യാസത്തിലൂടെ നിങ്ങളുടെ പങ്കായം എപ്പോഴും നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. അതിനാല്‍ ദിശ തെറ്റാതെ മുന്നോട്ട് നീങ്ങുക. അച്ചടക്കത്തോടെ തുഴയുക.

സെയ്‌ലിങ്ങും റോവിങ്ങും പിന്നെ നിക്ഷേപവും

സെയ്‌ലിങ്ങും റോവിങ്ങും എങ്ങനെയാണ് നിക്ഷേപത്തിന്റെ കാര്യത്തില്‍ വരുന്നത്?

സെയ്‌ലിങ്

സെയ്‌ലിങ് എന്നത് വാങ്ങുക, ഹോള്‍ഡ് ചെയ്യുക എന്ന സമീപനമാണ്. സ്ഥിരമായി പോര്‍ട്ട്‌ഫോളിയോയില്‍ ഇടപെടുന്നതിന് പകരം അച്ചടക്കവും ക്ഷമയുമാണ് ഈ തന്ത്രത്തിന്റെ സവിശേഷത. ഈ ശൈലി പിന്തുടരുന്ന ഫണ്ടുകള്‍ സാധാരണയായി അവരുടെ അസറ്റ് അലോക്കേഷനില്‍ ഇടക്കിടെ വലിയ മാറ്റങ്ങള്‍ വരുത്താതെ സ്ഥിരമായി ഏറെക്കാലം ഒരിടത്ത് തന്നെ തുടരും. ഇതിലൂടെ ഓഹരി വിപണിയുടെ ദീര്‍ഘകാല നേട്ടങ്ങള്‍ പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അവിടെ അസ്ഥിരത കൂടുതലായിരിക്കാം.

റോവിങ്

റോവിങ് ശരിക്കുമൊരു തന്ത്രപരമായ സമീപനമാണ്. സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഫണ്ട് മാനേജര്‍മാര്‍ വിപണിയിലെ മൂല്യനിര്‍ണയം, മാക്രോ സാമ്പത്തിക മാറ്റങ്ങള്‍, നിക്ഷേപകരുടെ മനോഭാവം എന്നിവയെ അടിസ്ഥാനമാക്കി പോര്‍ട്ട്ഫോളിയോയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് പോലെ മുന്നോട്ട് പോകാന്‍ നിങ്ങള്‍ സ്വയം തുഴയണം. ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍, മള്‍ട്ടി-അസറ്റ് ഫണ്ടുകള്‍ തുടങ്ങിയവ സാധാരണയായി ഈ 'rowing' സമീപനം സ്വീകരിക്കുന്നു. ഓഹരി, കടപ്പത്രം, കമ്മോഡിറ്റികള്‍ എന്നിവയിലെ ആസ്തി വിന്യാസം വേണ്ട രീതിയില്‍ ക്രമീകരിച്ച് അസ്ഥിരത നിയന്ത്രിക്കുന്നു. ഓഹരികളുടെ മൂല്യം വല്ലാതെ ഉയര്‍ന്നിരിക്കുമ്പോള്‍ ഓഹരി വിഹിതം കുറക്കുകയും, മൂല്യം ആകര്‍ഷകമായിരിക്കുമ്പോള്‍ അത് വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് ഇവയുടെ ലക്ഷ്യം. ഈ സമീപനം അസ്ഥിരത കുറച്ച് വിപണിയിലെ ഉയര്‍ച്ച-താഴ്ചകളിലും നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപത്തില്‍ തുടരാന്‍ സഹായിക്കുന്നു.

അസ്ഥിരത അധികം വേണ്ട, നേട്ടം കുറവായാലും മതിയെന്ന് കരുതുന്നവര്‍ക്ക് റോവിങ് സമീപനമുള്ള ഫണ്ടുകള്‍ പരിഗണിക്കാം. കൃത്യമായ ആസ്തിവിന്യാസത്തിലൂടെ നിക്ഷേപകര്‍ കാറും കോളും നിറഞ്ഞ കടലില്‍ യാത്ര പാതി വഴിയില്‍ ഉപേക്ഷിക്കാതെയിരിക്കാനും എല്ലാം ശാന്തമാകുന്നതുവരെ സമചിത്തതയോടെ തുടരാനും ഫണ്ട് മാനേജര്‍മാര്‍ സഹായിക്കുന്നു. വിപണിയിലെ വലിയ ചാഞ്ചാട്ടങ്ങളില്‍ ഉലയാതെ, പോര്‍ട്ട്‌ഫോളിയോ സ്ഥിരതയോടെ മുന്നോട്ട് കൊണ്ടുപോകാന്‍ ഫണ്ട് മാനേജര്‍മാര്‍ ശ്രമങ്ങള്‍ നടത്തും. പോര്‍ട്ട്‌ഫോളിയോ ക്രമീകരിച്ച് നിക്ഷേപ നേട്ടത്തിനുള്ള അവസരങ്ങള്‍ അവര്‍ തുറന്നെടുക്കും.

(Originally published in Dhanam Magazine March 31, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT