chatgpt
Markets

ലക്ഷങ്ങള്‍ മാസശമ്പളമുള്ള ജോലി, കുടുംബത്തിന് മാതൃക, ഇന്ന് ₹70 ലക്ഷം കടക്കാരന്‍! ഓപ്ഷന്‍ ട്രേഡിംഗിന്റെ ദുരന്തകഥ

തന്റെ ബന്ധുവിന്റെ അനുഭവം ഒരു മുന്നറിയിപ്പാണെന്ന് ഗുപ്ത പറയുന്നു. മാര്‍ക്കറ്റില്‍ ബുദ്ധി നിങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്നില്ല. മറിച്ച് അച്ചടക്കം അത് നല്കുന്നു

Dhanam News Desk

കേന്ദ്രബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ് (എസ്ടിടി) വര്‍ധനവില്‍ ചര്‍ച്ചയും വാദപ്രതിപാദങ്ങളും തുടരുകയാണ്. നിക്ഷേപകര്‍ക്ക് ഈ നീക്കം വലിയ തിരിച്ചടിയാകുമെന്ന് ഒരുവിഭാഗം പറയുമ്പോള്‍ അനുചിതമായ നീക്കങ്ങള്‍ക്ക് തടയിടാന്‍ ഇത്തരമൊരു കാര്യം നല്ലതാണെന്നായിരുന്നു ഒട്ടുമിക്ക ആളുകളുടെയും പ്രതികരണം.

ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ ഒരാള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച അടുത്ത ബന്ധുവിന്റെ അനുഭവകഥ ഓപ്ഷന്‍സ് ട്രേഡിംഗിന്റെ മറ്റൊരു അവസ്ഥ വെളിപ്പെടുത്തുന്നത്. നിഹാല്‍ ഗുപ്തയെന്ന എക്‌സ് ഉപയോക്താവാണ് തങ്ങളുടെ കുടുംബത്തിലെ സ്മാര്‍ട്ടായ ബന്ധു എല്ലാ സൗഭാഗ്യങ്ങളും നഷ്ടപ്പെട്ട് ലക്ഷങ്ങളുടെ കടക്കാരനായി മാറിയ അനുഭവം പറഞ്ഞത്.

അനുഭവകഥ ഇങ്ങനെ

2013ല്‍ 12 ലക്ഷം രൂപ വാര്‍ഷിക ശമ്പളമുള്ള ജോലി സ്വന്തമാക്കിയ, ചുരുങ്ങിയ കാലംകൊണ്ട് മനോഹരമായ വീട് നിര്‍മിച്ച് കുടുംബത്തിലുള്ളവര്‍ക്ക് അഭിമാനമായി മാറിയ യുവാവിന്റെ പതനം തുടങ്ങുന്നത് ഓപ്ഷന്‍ ട്രേഡിംഗിലേക്ക് ശ്രദ്ധ തിരിയുന്നതോടെയാണ്. ആദ്യത്തെ കുറച്ചു മാസങ്ങളില്‍: എല്ലാം ലാഭം. പിന്നീടുള്ള മാസങ്ങളില്‍: വലിയ തുകകള്‍ കൊണ്ടുള്ള കളികള്‍. ഒടുവില്‍: വലിയ നഷ്ടം.

എല്ലാം തിരിച്ചുപിടിക്കാനായി ഈ യുവാവ് കണ്ടെത്തിയ മാര്‍ഗം ഫുള്‍ ടൈം ട്രേഡിംഗിനായി ജോലി രാജിവയ്ക്കുക എന്നതായിരുന്നു. അവിടെ നിന്നാണ് എല്ലാം താഴേക്കു പോയത്. ട്രേഡിംഗിനായി വ്യക്തിഗത വായ്പകള്‍ എടുത്തുകൂട്ടി. ഭവനവായ്പ വര്‍ധിപ്പിച്ചു. ഒരിക്കലും സംഭവിക്കാത്ത ഒരു 'തിരിച്ചുവരവ് നിമിഷത്തിനായി' അദ്ദേഹം വ്യാപാരം തുടര്‍ന്നു കൊണ്ടേയിരുന്നു.

10 വര്‍ഷത്തിലേറെയായി വാങ്ങലും വില്‍പ്പനയും. എഫ്&ഒയില്‍ ഒരു കോടിയിലധികം രൂപ നഷ്ടപ്പെട്ടു. അദ്ദേഹത്തിന് 35 വയസായി, ഇന്നും അവിവാഹിതനായി തുടരുന്നു. പ്രതിവര്‍ഷം 17 ലക്ഷം രൂപയ്ക്ക് ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു, 70 ലക്ഷം രൂപയുടെ കടമാണ് കൂട്ടിന്. ഒരിക്കല്‍ ഇഷ്ടപ്പെട്ട് സ്വന്തമാക്കിയ വീടുപോലും അദ്ദേഹത്തിന് വില്‍ക്കേണ്ടി വന്നേക്കാം- ഗുപ്ത പറഞ്ഞു നിര്‍ത്തുന്നു.

തന്റെ ബന്ധുവിന്റെ അനുഭവം ഒരു മുന്നറിയിപ്പാണെന്ന് ഗുപ്ത പറയുന്നു. മാര്‍ക്കറ്റില്‍ ബുദ്ധി നിങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്നില്ല. മറിച്ച് അച്ചടക്കം അത് നല്കുന്നു. അമിത ആത്മവിശ്വാസം പ്രതിഭ കൊണ്ട് നേടിയെടുത്തതിനെ നശിപ്പിക്കുമെന്ന് അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു.

നിരവധി പേരാണ് നിഹാല്‍ ഗുപ്തയുടെ പോസ്റ്റിന് കമന്റ് ചെയ്തത്. പലരും ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ ട്രേഡിംഗിന് കമന്റുകളിലൂടെ മുന്നറിയിപ്പും നല്കുന്നു. ഒരു ഉപയോക്താവ് കമന്റ് ചെയ്തത്- താനും സമാന സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. തുടക്കത്തിലുണ്ടായ നഷ്ടം വീണ്ടെടുക്കാന്‍ റിസ്‌കെടുത്തു. ഇത് എന്റെ നഷ്ടം കൂടുതല്‍ വലുതാക്കി.

ബജറ്റിലെ വര്‍ധന

ഡെറിവേറ്റീവ് വിഭാഗത്തിലെ (ഫ്യൂച്ചേഴ്‌സ്, ഓപ്ഷന്‍സ്-F&O) ഇടപാടുകള്‍ക്ക് ചുമത്തുന്ന സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ് നിരക്കില്‍ 150 ശതമാനം വരെ വര്‍ധനയാണ് നിര്‍മല സീതാരാമന്‍ കൊണ്ടുവന്നിരിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അടുത്തിടെ ക്രമാതീതമായി വര്‍ധിച്ച ഊഹാടിസ്ഥാനത്തിലുള്ള വ്യാപാര ഇടപാടുകളെ ഒരുപരിധിവരെ നിയന്ത്രിക്കാന്‍ എസ്ടിടി വര്‍ധന സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇതുവഴി റീട്ടെയില്‍ നിക്ഷേപകരെ അച്ചടക്കത്തോടെയുള്ള ദീര്‍ഘകാല നിക്ഷേപത്തിലേക്ക് വഴിതിരിച്ചുവിടാനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

കുടുംബങ്ങളുടെ സേവിംഗ്‌സ് സംരംക്ഷിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് എസ്ടിടി നിരക്കുകള്‍ വര്‍ധിപ്പിച്ചതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍ വ്യക്തമാക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT