മീഡിയ രംഗത്ത് വീണ്ടും സജീവമാകാന്‍ ഗൗതം അദാനി. രാഘവ് ബാലിന്റെ നേതൃത്വത്തിലുള്ള ഡിജിറ്റല്‍ ന്യൂസ് ബിസിനസ് പ്ലാറ്റ്‌ഫോമായ ക്വിന്റില്യണ്‍ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിനെ ഗൗതം അദാനിയുടെ മീഡിയ കമ്പനിയായ എഎംജി നെറ്റ്‌വര്‍ക്ക്‌സ് ഏറ്റെടുത്തു.
ബി ക്യു പ്രൈം
ക്വിന്റില്യണ്‍ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഒരു ബിസിനസ്, സാമ്പത്തിക വാര്‍ത്താ കമ്പനിയാണ്. ഇതിന്റെ 49 ശതമാനം ഓഹരികള്‍ 48 കോടി രൂപയ്ക്കാണ് എഎംജി നെറ്റ്‌വര്‍ക്ക്‌സ് സ്വന്തമാക്കിയത്. 'ബി ക്യു പ്രൈം' എന്ന പേരിലറിയപ്പെടുന്ന 'ബ്ലൂംബെര്‍ഗ് ക്വിന്റ്' എന്ന ഡിജിറ്റല്‍ ന്യൂസ് പ്ലാറ്റ്‌ഫോമാണ് ക്വിന്റില്യണ്‍ ബിസിനസ് മീഡിയക്കുള്ളത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ക്വിന്റില്യണ്‍ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്.
എന്‍ഡിടിവിയും സ്വന്തം
മീഡിയ കമ്പനിയായ അദാനി മീഡിയ വെഞ്ചേഴ്‌സിനെ നയിക്കാന്‍ 2021 സെപ്റ്റംബറില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ സഞ്ജയ് പുഗാലിയയെ നിയമിച്ചിരുന്നു. തുടര്‍ന്ന് 2022 ഓഗസ്റ്റില്‍ എന്‍ഡിടിവിയുടെ (NDTV) 29.18 ശതമാനം ഓഹരികള്‍ അദാനി ഏറ്റെടുത്തു. ഇതിന് പിന്നാലെ, ഓപ്പണ്‍ ഓഫര്‍ വഴി 8.32 ശതമാനം ഓഹരി കൂടി സ്വന്തമായതോടെ അവരുടെ പങ്കാളിത്തം ഏതാണ്ട് 37.50 ശതമാനത്തിലേക്ക് ഉയര്‍ന്നു. ശേഷം 27.26 ശതമാനം ഓഹരികള്‍ രാധികാ റോയ്, പ്രണോയ് റോയ് എന്നിവരില്‍ നിന്നും സ്വന്തമാക്കിയതിലൂടെ എന്‍ഡിടിവിയുടെ നിയന്ത്രണം അദാനിയുടെ കൈകളിലായി.
Read DhanamOnline in English
Subscribe to Dhanam Magazine