അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (AEL) 25,000 കോടി രൂപ സമാഹരിക്കുന്നതിനായി അവകാശ ഓഹരി വിൽപ്പനയ്ക്ക് (Rights Issue) ഒരുങ്ങുകയാണ്. ഏകദേശം 24,930.30 കോടി രൂപയുടെ ഭാഗികമായി പണമടച്ച ഇക്വിറ്റി ഓഹരികളാണ് കമ്പനി റൈറ്റ്സ് ഇഷ്യു വഴി നൽകുന്നത്. 2023 ൽ പൂർണമായി സബ്സ്ക്രൈബ് ചെയ്ത 20,000 കോടി രൂപയുടെ എഫ്‌പിഒ (follow-on public offering) റദ്ദാക്കിയ ശേഷം കമ്പനിയുടെ ഏറ്റവും വലിയ ഫണ്ട് സമാഹരണമാണിത്. അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ വിപുലീകരണ പദ്ധതികൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കാണ് ഈ തുക പ്രധാനമായും ഉപയോഗിക്കാൻ ലക്ഷ്യമിടുന്നത്.
ഇഷ്യു വില (Issue Price): ഒരു അവകാശ ഓഹരിക്ക് 1,800 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വിലയേക്കാൾ 24 ശതമാനം കുറഞ്ഞ നിരക്കാണ്.
റെക്കോർഡ് തീയതി (Record Date): നവംബർ 17, തിങ്കളാഴ്ചയാണ് റെക്കോർഡ് തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ തീയതിയിൽ ഓഹരി കൈവശമുള്ളവർക്ക് മാത്രമേ റൈറ്റ്സ് ഇഷ്യുവിന് അർഹതയുണ്ടാവുകയുള്ളൂ.
ഓഹരി അനുപാതം (Ratio): റെക്കോർഡ് തീയതിയിൽ കൈവശമുള്ള ഓരോ 25 പൂർണമായി പണമടച്ച ഓഹരിക്കും 3 റൈറ്റ്സ് ഓഹരികൾ എന്ന അനുപാതത്തിലാണ് ഓഹരികൾ വാഗ്ദാനം ചെയ്യുന്നത്.
സമയക്രമം: റൈറ്റ്സ് ഇഷ്യു നവംബർ 25, 2025-ന് തുറക്കുകയും ഡിസംബർ 10, 2025-ന് അവസാനിക്കുകയും ചെയ്യും.
1,800 രൂപ എന്ന ഇഷ്യു വില നിക്ഷേപകർ മൂന്ന് ഘട്ടങ്ങളായിട്ടാണ് അടയ്‌ക്കേണ്ടത്:
അപേക്ഷിക്കുമ്പോൾ: 900 രൂപ (ഓഹരി ഒന്നിന്).
ഫസ്റ്റ് കോള്‍: 450 രൂപ വീതം (2026 ജനുവരി 12-നും ജനുവരി 27-നും ഇടയിൽ).
സെക്കന്‍ഡ് കോള്‍ (Second & Final Call): 450 രൂപ വീതം (2026 മാർച്ച് 2-നും മാർച്ച് 16-നും ഇടയിൽ).
ഓഹരി ഉടമകൾക്ക് അവരുടെ റൈറ്റ്സ് എൻ്റൈറ്റിൽമെൻ്റ് (RE) ഡിസംബർ 5, 2025 വരെ വിൽക്കാനും അവസരമുണ്ട്. റൈറ്റ്സ് ഇഷ്യു പൂർത്തിയാകുമ്പോൾ കമ്പനിയുടെ മൊത്തം ഓഹരികളുടെ എണ്ണം 1,29,26,82,416 ആയി വർദ്ധിക്കും.
അവകാശ ഓഹരി വിൽപ്പന പ്രഖ്യാപിച്ചതിനെത്തുടർന്ന് അദാനി എന്റർപ്രൈസസ് ഓഹരി വില ബുധനാഴ്ച ഇന്‍ട്രാഡേ ബിഎസ്ഇ യിൽ 6.32 ശതമാനം ഉയർന്ന് 2,516 രൂപയിലെത്തി.
ഓഹരി ഉച്ചകഴിഞ്ഞുളള സെഷനില്‍ എന്‍എസ്ഇ യില്‍ 4 ശതമാനത്തിലധികം നേട്ടത്തില്‍ 2,479 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Adani Enterprises to sell rights shares worth ₹25,000 crore, price at 24% discount; stock rises 6%
Read DhanamOnline in English
Subscribe to Dhanam Magazine