Photo : Gautam Adani / Website 
Markets

ആണവോർജ ഉത്പാദനം, ആയുധ നിർമാണം, ₹2 ലക്ഷം കോടിയുടെ വികസനം; വമ്പൻ പ്രഖ്യാപനങ്ങളുമായി അദാനി; ഓഹരികളിൽ മുന്നേറ്റം

ഈയാഴ്ച 7 അദാനി ​ഗ്രൂപ്പ് കമ്പനികളുടെ വാർഷിക പൊതു യോ​ഗമാണ് (AGM) നടക്കുന്നത്

Dhanam News Desk

അദാനി ​ഗ്രൂപ്പ് ഓഹരികളിൽ ഇന്ന് (ജൂൺ 24) മുന്നേറ്റം പ്രകടമായി. അദാനി ​ഗ്രൂപ്പിന്റെ ഫ്ലാ​ഗ്ഷിപ്പ് കമ്പനിയായ അദാനി ​എന്റർപ്രൈസസിന്റെ ഓഹരി മൂന്നര ശതമാനത്തിലേറേ നേട്ടത്തോടെയാണ് ഇന്ന് ക്ലോസിം​ഗ് കുറിച്ചത്. അദാനി ​ഗ്രൂപ്പിന്റെ സിമന്റ് കമ്പനികളായ അംബുജ സിമന്റ്സ്, ഓറിയന്റ് സിമന്റ്സ് തുടങ്ങിയവയുടെ ഓഹരികൾ 2.5 ശതമാനത്തിലേറെയും നേട്ടം കൈവരിച്ചു. അദാനി പവർ, എൻ.ഡി.ടി.വി തുടങ്ങിയവ മാത്രമാണ് അദാനിയുടെ 10 ലി​സ്റ്റഡ് കമ്പനികളുടെ കൂട്ടത്തിൽ ഇന്ന് അൽപ്പം നിറംമങ്ങിപ്പോയത്.

പ്രധാനമായും അദാനി ​ഗ്രൂപ്പ് കമ്പനികളുടെ വാർഷിക പൊതുയോ​ഗത്തിന് മുന്നോടിയായി പൊതുവായുള്ള ആംകാക്ഷയാണ് ഓഹരികളിൽ ഇന്ന് തിരയിളക്കമുണ്ടാക്കിയത്. ഇതിനിടെ യോ​ഗത്തിൽ അദാനി ​ഗ്രൂപ്പ് ചെയർമാൻ ​ഗൗതം എസ്. അദാനിയുടെ പ്രഖ്യാപനങ്ങളും മുന്നേറ്റത്തിന് പിന്തുണയേകി. ഇതിൽ അദാനി പവറിൽ 2 ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും അഞ്ച് വർഷത്തിനകം 45 ​ജി​ഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ​ഗൗതം അദാനി പ്രഖ്യാപിച്ചു.

ഇക്കഴിഞ്ഞ സാമ്പത്തിക വർഷം (2025-26) വിവിധ സംരംഭങ്ങിലായി മൊത്തം 1.5 ലക്ഷം കോടിയിലേറെ രൂപയുടെ മൂലധന ചെലവിടൽ (Capex) അദാനി ​ഗ്രൂപ്പ് നടത്തിയിരുന്നു. ഇത് കഴിഞ്ഞ വർഷം രാജ്യത്ത് സ്വകാര്യ മേഖലയിൽ നടന്ന മൊത്തം മൂലധന ചെലവിടലിന്റെ 30 ശതമാനമാണ്.

അദാനി പോർട്ടിന് കീഴിൽ 2025-26 സാമ്പത്തിക വർഷം 50 കോടി ടൺ കാർ​ഗോ കൈകാര്യം ചെയ്തുവെന്നും 2030-ഓടെ ഇത് 100 കോടി ടൺ ആയി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതായും ​ഗൗതം അദാനി പ്രഖ്യാപിച്ചു. 2035-ഓടെ ആണവോർജം ഉപയോ​ഗപ്പെടുത്തി 10 ജി​ഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും പ്രതിരോധ വ്യവസായ മേഖലയിലേക്ക് കൂടി അദാനി ​ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

വാർഷിക പൊതുയോ​ഗങ്ങൾ

ഈയാഴ്ച 7 അദാനി ​ഗ്രൂപ്പ് കമ്പനികളുടെ വാർഷിക പൊതു യോ​ഗമാണ് (AGM) നടക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തെ പ്രവർത്തനഫലം വിലയിരുത്തുന്നതിനും ഭാവി പദ്ധതികളുടെ പ്രഖ്യാപനവും ഓഹരി ഉടമകൾക്കുള്ള ക്യാഷ് ഡിവിഡന്റ് വിതരണവും ഒക്കെ ഈ വാർഷിക പൊതു യോ​ഗങ്ങളുടെ പ്രധാന അജണ്ടകളാണ്. വീഡിയോ കോൺഫറൻസിങ് വഴിയാണ് ഈയാഴ്ച നടക്കുന്ന എല്ലാ അദാനി ​ഗ്രൂപ്പ് കമ്പനികളുടേയും വാർഷിക പൊതു യോ​ഗവും നടക്കുന്നത്.

ജൂൺ 24-ലെ യോ​ഗങ്ങൾ: ഇതിൽ അദാനി ​ഗ്രൂപ്പ് സംരംഭങ്ങളുടെ ഹോൾഡിങ് കമ്പനിയും ഖനനം മുതൽ ഡാറ്റ സെന്റർ വരെയുള്ള ബിസിനസ് മേഖലകളിൽ സാന്നിധ്യവുമുള്ള അദാനി എന്റർപ്രൈസസിന്റെ (BSE: 512599, NSE: ADANIENT) 34-ആമത് വാർഷിക പൊതുയോ​ഗം ഇന്ന് രാവിലെ 10.30യ്ക്ക് നടന്നു. കമ്പനിയുടെ 2025-26 പ്രവർത്തനഫലം അം​ഗീകരിക്കുന്നതിനൊപ്പം നിക്ഷേപകർക്ക് പ്രതിയോഹരി 1.50 രൂപ വീതം ഡിവിഡന്റ് നൽകാനുള്ള തീരുമാനവും അം​ഗീകരിച്ചു. രാജേഷ് എസ്. അദാനിയെ വീണ്ടും ഡയറക്ടറായി നിയമിച്ച തീരുമാനവും 15,000 കോടി രൂപ വിപണിയിൽ നിന്നും സമാഹരിക്കാനുള്ള നീക്കത്തിനും അനുമതി നൽകി.

തുടർന്ന് അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ (BSE: 532921, NSE: ADANIPORTS) 27-ആമത് വാർഷിക പൊതു യോ​ഗം ഇന്ന് 12 മണിക്ക് നടന്നു. നിക്ഷേപകർക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 7.50 രൂപ നൽകാനുള്ള തീരുമാനവും യോ​ഗത്തിൽ അം​ഗീകരിച്ചു.

ജൂൺ 25-ലെ വാർഷിക യോ​ഗങ്ങൾ: അദാനി ടോട്ടൽ ​ഗ്യാസ് (വൈകിട്ട് 5 മണി), അദാനി പവർ ലിമിറ്റഡ് (ഉച്ചയ്ക്ക് ശേഷം 2.30), അദാനി ​ഗ്രീൻ എനർജി രാവിലെ 10 മണി), അദാനി എനർജി സൊല്യൂഷൻസ് (ഉച്ചയ്ക്ക് 12.30) തുടങ്ങിയ 4 അദാനി ​ഗ്രൂപ്പ് ലി​സ്റ്റഡ് കമ്പനികളുടെ വാർഷിക പൊതുയോ​ഗം ജൂൺ 25-ന് ചേരുന്നതായിരിക്കും. ഇതിൽ അദാനി ടോട്ടൽ ​ഗ്യാസ് നിക്ഷേപകർക്ക് പ്രതിയോ​ഹരി 0.25 രൂപ വീതം ഡിവിഡന്റ് നൽകാനുള്ള തീരുമാനത്തിന് അം​ഗീകാരം നൽകും. അദാനി പവറിൽ ​ഗൗതം എസ്. അദാനിയേയും അനിൽ സർദാനയേയും വീണ്ടും ഡയറക്ടർമാരായി നിയമിച്ചതിന്റെ അം​ഗീകാരവും നൽകും.

ജൂൺ 26-ലെ വാർഷിക യോ​ഗങ്ങൾ: അദാനി ​ഗ്രൂപ്പിന്റ സിമന്റ് കമ്പനിയായ അംബുജ സിമന്റ്സിന്റെ 43-ആമത് വാർഷിക പൊതുയോ​ഗം ജൂൺ 26-ന് ഉച്ചയ്ക്കുശേഷം 2.30യ്ക്ക് നടക്കുന്നതാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനഫലം അം​ഗീകരിക്കുന്നതിനൊപ്പം നിക്ഷേപകർക്ക് പ്രതിയോഹരി 2 രൂപ വീതം ഡിവിഡന്റ് നൽകാനും അനുമതി നൽകും.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT