അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന് ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ വലിയ കുതിപ്പ്. വരുമാനം 22 ശതമാനം ഉയര്‍ന്ന് 9,705 കോടി രൂപയിലെത്തി. ലാഭമാകട്ടെ മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ നിന്ന് 21 ശതമാനമാണ് ഉയര്‍ന്നത്. 3,043 കോടി രൂപയാണ് മൂന്നാംപാദത്തിലെ ലാഭം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കൂടി പ്രവര്‍ത്തനസജ്ജമായതോടെ അദാനി പോര്‍ട്‌സിന്റെ വരുമാനത്തില്‍ വലിയ കുതിപ്പാണ് ഈ സാമ്പത്തികവര്‍ഷം രേഖപ്പെടുത്തുന്നത്. 2022 സാമ്പത്തികവര്‍ഷം ഡിസംബര്‍ പാദത്തില്‍ വരുമാനം 4,786 കോടി രൂപ മാത്രമായിരുന്നു. 2023-24 പാദത്തിലിത് 6,920 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഡിസംബര്‍ പാദത്തില്‍ 7,964 കോടി രൂപ വരുമാനവും 2,518 കോടി രൂപ ലാഭവും നേടാന്‍ കമ്പനിക്ക് സാധിച്ചിരുന്നു.
നികുതിക്കും പലിശയ്ക്കും മുമ്പുള്ള ലാഭം (EBITDA) 20 ശതമാനം വര്‍ധിച്ച് 5,786 കോടിയായി ഉയര്‍ന്നു. കമ്പനിയുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെട്ടതാണെന്ന് ഇത് സൂചിപ്പിക്കുന്നു. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യത്തെ മൂന്നുമാസത്തെ ലാഭം 9,474 കോടി രൂപയാണ്. 8,038 കോടി രൂപയെന്ന മുന്‍ വര്‍ഷത്തെ സമാനകാലയളവിലേക്കാള്‍ 10 ശതമാനം കൂടുതലാണിത്. വരുമാനത്തിലാകട്ടെ 24 ശതമാനമാണ് വര്‍ധന, 22,590 കോടിയില്‍ നിന്ന് 27,998 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്.
വിഴിഞ്ഞം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര തുറമുഖങ്ങളില്‍ നിന്ന് ഡിസംബര്‍ പാദത്തിലുള്ള വരുമാനം 15 ശതമാനമാണ് വര്‍ധിച്ചത്. ഉദ്ഘാടന വര്‍ഷത്തില്‍, തുറമുഖം 13 ദശലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തു. 10 ലക്ഷം ടി.ഇ.യു എന്ന നാഴികക്കല്ല് വേഗത്തില്‍ മറികടക്കുന്ന ആദ്യ ഇന്ത്യന്‍ തുറമുഖമെന്ന റെക്കോഡും വിഴിഞ്ഞം നേടി.
ഇറക്കുമതി തീരുവ യുഎസ് വെട്ടിക്കുറച്ച ദിനത്തില്‍ പുറത്തുവന്ന പാദഫലങ്ങളും ചേര്‍ന്നപ്പോള്‍ അദാനി പോര്‍ട്‌സ് ഓഹരികള്‍ വലിയ കുതിപ്പ് നടത്തി. 10 ശതമാനത്തിനടുത്താണ് ഓഹരിവില ഉയര്‍ന്നത്. നിക്ഷേപകര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 41.03 ശതമാനം നേട്ടം നല്കാന്‍ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് ഓഹരികള്‍ക്ക് സാധിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine