Markets

ആദ്യ ദിനം 16 ശതമാനം നേട്ടമുണ്ടാക്കി അദാനി വില്‍മാര്‍

ഐപിഒയിലൂടെ 3600 കോടി രൂപയാണ് അദാനി വില്‍മാര്‍ സമാഹരിച്ചത്.

Dhanam News Desk

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ആദ്യ ദിനം 16 ശതമാനത്തോളം നേട്ടമുണ്ടാക്കി അദാനി വില്‍മാര്‍. ഇന്നലെ 267.4 രൂപയ്ക്കാണ് വില്‍മാര്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ലിസ്റ്റ് ചെയ്ത 230 രൂപയില്‍ നിന്ന് 37.4 രൂപയാണ് ഉയര്‍ന്നത്. നിലവില്‍ (9.44 am) 28.55 ശതമാനം ഉയര്‍ന്ന് 294 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഒരുവേള 227 രൂപയിലേക്ക് ഇടിഞ്ഞ ഓഹരി വില ആവശ്യക്കാര്‍ കൂടിയതോടെ ഉയരുകയായിരുന്നു. ഐപിഒയിലൂടെ 3600 കോടി രൂപയാണ് അദാനി വില്‍മാര്‍ സമാഹരിച്ചത്. അതില്‍ 3,397 കോടിയുടെ ഓഹരികള്‍ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും 191 കോടിയുടേത് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലുമാണ് ലിസ്റ്റ് ചെയ്തത്. അദാനി എന്റെര്‍പ്രൈസസിന്റെയും സിംഗപ്പൂര്‍ കമ്പനി വില്‍മാര്‍ ഇന്റര്‍നാഷണലിന്റെയും സംയുക്ത സംരംഭമാണ് അദാനി വില്‍മാര്‍. കമ്പനിയുടെ ഐപിഒ 17x തവണ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു.

ഫോര്‍ച്യൂണ്‍ ബ്രാന്‍ഡിലാണ് അദാനി വില്‍മാര്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്. കുക്കിംഗ് ഓയില്‍, ഗോതമ്പ് പൊടി, അരി, പഞ്ചസാര, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയാണ് കമ്പനി വില്‍ക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷം 37,090 കോടിയായിരുന്നു അദാനി വില്‍മാറിന്റെ വരുമാനം. 728 കോടിയുടെ അറ്റാദായമാണ് കമ്പനി കഴിഞ്ഞ വര്‍ഷം നേടിയത്. ഐപിഒയ്ക്ക് ശേഷം പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം 87.92 ശതമാനം ആണ്. നിലവില്‍ 34,500 കോടിയാണ് അദാനി വില്‍മാറിന്റെ വിപണി മൂല്യം.

ചൊവ്വാഴ്ച സമ്പത്തിന്റെ കാര്യത്തില്‍ ഗൗതം അദാനി റിലയന്‍സിനെ പിന്തള്ളിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദാനി വി്ല്‍മാറിന്റെ ലിസ്റ്റിംഗിലൂടെ 2.03 ബില്യണ്‍ ഡോളറോളമാണ് അദാനി ഗ്രൂപ്പിന് നേടിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT