Markets

ഫാര്‍മ രംഗത്ത് 6,313 കോടിയുടെ ഏറ്റെടുപ്പ്, സുവെന്‍ ഫാര്‍മയെ ലയിപ്പിക്കുന്നു

കോഹന്‍സ് ലൈഫ്‌സയന്‍സസുമായി സുവെന്‍ ഫാര്‍മയെ ലയിപ്പിക്കാനാണ് പദ്ധതി. ഓപ്പണ്‍ ഓഫറിലൂടെ ഫാര്‍മ കമ്പനിയുടെ 26 ശതമാനം ഓഹരികള്‍ കൂടി അഡ്‌വെന്റ് ഏറ്റെടുക്കും. ഇതോടെ ഇടപാടിന്റെ ആകെ മൂല്യം 9,589 കോടിയിലെത്തും.

Dhanam News Desk

സുവെന്‍ ഫാര്‍മയെ (Suven Pharmaceuticals Ltd) ഗ്ലോബല്‍ ഇക്വിറ്റി കമ്പനിയായ അഡ്‌വെന്റ് ഇന്റര്‍നാഷണല്‍ (Advent International) ഏറ്റെടുക്കുന്നു. ഹൈദരബാദ് ആസ്ഥാനമായ സുവെന്‍ ഫാര്‍മയുടെ 50.1 ശതമാനം ഓഹരികളാണ് അഡ്‌വെന്റ് സ്വന്തമാക്കുന്നത്. 6,313 കോടി രൂപയുടേതാണ് ഇടപാട്.

അഡ്‌വെന്റിന്റെ പോര്‍ട്ട്‌ഫോളിയോ കമ്പനി കോഹന്‍സ് ലൈഫ്‌സയന്‍സസുമായി (Cohance Lifesciences) സുവെന്‍ ഫാര്‍മയെ ലയിപ്പിക്കാനാണ് പദ്ധതി. ഇടപാട് നടന്നാല്‍ നിലവിലെ പ്രൊമോട്ടര്‍മാരായ ജസ്തി കുടുംബത്തിന് 9.9 ശതമാനം ഓഹരികള്‍ മാത്രമാവും സുവെന്‍ ഫാര്‍മയില്‍ അവശേഷിക്കുക. 50.1 ശതമാനത്തിന് പുറമെ ഓപ്പണ്‍ ഓഫറിലൂടെ ഫാര്‍മ കമ്പനിയുടെ 26 ശതമാനം ഓഹരികള്‍ കൂടി അഡ്‌വെന്റ് ഏറ്റെടുക്കും.

ഓഹരി ഒന്നിന് 495 രൂപ നിരക്കിലായിരിക്കും ഓപ്പണ്‍ ഓഫര്‍. ഓപ്പണ്‍ ഓഫര്‍ പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്യപ്പെടുകയാണെങ്കില്‍ 3,276 കോടി രൂപയായിരിക്കും അഡ്‌വെന്റിന് ചെലവാകുക. അതോടെ ഇടപാടിന്റെ ആകെ മൂല്യം 9,589 കോടിയിലെത്തും. 5-6 മാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2020ല്‍ ആണ് മാതൃകമ്പനിയായ സുവെന്‍ ലൈഫ് സയന്‍സസില്‍ നിന്ന് സുവെന്‍ ഫാര്‍മയെ ഡീമെര്‍ജ് ചെയ്തത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 193 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. നിലവില്‍ (10.00 AM) 1.83 ശതമാനം ഉയര്‍ന്ന് 481.05 രൂപയിലാണ് സുവെന്‍ ഓഹരികളുടെ വ്യാപാരം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT