Canva
Markets

ആഡംബര കപ്പൽ കമ്പനിയും ജയ്പൂർ ജ്വല്ലറിയും; ഇന്ന് രണ്ട് ഐ.പി.ഒകൾ വിപണിയിൽ; നിക്ഷേപകർ അറിയേണ്ടതെല്ലാം

അദ്വിത് ജുവൽസ്, വാട്ടർവേയ്സ് ലെയ്ഷർ ടൂറിസം — ഐ.പി.ഒകളിൽ ഓഹരികൾക്കായി അപേക്ഷിക്കാനുള്ള സമയപരിധി (സബ്സ്ക്രിപ്ഷൻ) ജൂൺ 25-ന് അവസാനിക്കും

Pintu Prakash

പ്രാഥമിക വിപണിയിൽ ഇന്ന് രണ്ട് കമ്പനികളുടെ ഐ.പി.ഒകൾ ആരംഭിച്ചു. മെയിൻ ബോർഡ് വിഭാ​ഗത്തിൽ നിന്നുള്ള ഈ 2 ഐ.പി.ഒകളിലേക്ക് റീട്ടെയിൽ നിക്ഷേപകർക്ക് ഇപ്പോൾ ഓഹരികൾ ലഭിക്കുന്നതിനായി അപേക്ഷിക്കാം. ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര ഓഷ്യൻ ക്രൂയിസ് ഓപ്പറേറ്ററായ വാട്ടർവേയ്സ് ലെയ്ഷർ ടൂറിസം (Waterways Leisure Tourism Ltd), ഓഹരിയൊന്നിന് 769–808 രൂപ നിരക്കിൽ ഐ.പി.ഒയിലൂടെ 585 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു. കുറഞ്ഞത് 18 ഓഹരികൾ അടങ്ങുന്ന ഇതിന്റെ ഒരു ലോട്ടിന് ഐ.പി.ഒയിൽ അപേക്ഷിക്കുന്നതിനായി 14,544 രൂപ വരെ വേണ്ടിവരും.

അതുപോലെ ജയ്പൂർ ആസ്ഥാനമായുള്ള അദ്വിത് ജുവൽസ് (Advit Jewels), ഓഹരിയൊന്നിന് 130–138 രൂപ പ്രൈസ് ബാൻഡിൽ മൊത്തം 165.16 കോടി രൂപയാണ് ഐ.പി.ഒയിലൂടെ ലക്ഷ്യമിടുന്നത്. ഒരു ലോട്ടിന് (100 ഓഹരികൾ) 13,800 രൂപ വേണം. രണ്ട് ഐ.പി.ഒകളിലും ഓഹരികൾക്കായി അപേക്ഷിക്കാനുള്ള സമയപരിധി (സബ്സ്ക്രിപ്ഷൻ) ജൂൺ 25-ന് അവസാനിക്കും. ജൂൺ 29-ന് ഓഹരികളുടെ അലോട്ട്മെന്റും ജൂലൈ 1-ന് ബി.എസ്.ഇ, എൻ.എസ്.ഇ തുടങ്ങിയ ​സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റിംഗും പ്രതീക്ഷിക്കുന്നു.

അദ്വിത് ജുവൽസ് ഐ.പി.ഒ

2019-ൽ സ്ഥാപിതമായ അദ്വിത് ജുവൽസ്, 'രാംഭാജോ' (Rambhajo) എന്ന ബ്രാൻഡിന് കീഴിൽ കുന്ദൻ, പോൾക്കി, ഡയമണ്ട് ആഭരണങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ്. ജയ്പൂരിലാണ് കമ്പനിയുടെ നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. ബി-2-ബി മാതൃകയിൽ പ്രവർത്തിക്കുന്ന കമ്പനി മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലെ വലിയ ഷോറൂമുകളിലേക്കാണ് പ്രധാനമായും ആഭരണങ്ങൾ എത്തിച്ചു നൽകുന്നത്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 81.63 ശതമാനം ഇത്തരത്തിൽ നേടുന്നു.

പ്രവർത്തനം ആരംഭിച്ചിട്ട് 10 കൊല്ലത്തിൽ താഴെ മാത്രമുള്ള ഒരു പുതിയ കമ്പനിയെ സംബന്ധിച്ചിടത്തോളം രേഖകളിൽ കാണിച്ചിരിക്കുന്ന സാമ്പത്തിക വളർച്ച മികച്ചതാണ്. അദ്വിത് ജുവൽസിന്റെ വരുമാനം 2023-ലെ 46.60 കോടി രൂപയിൽ നിന്ന് 2025-ൽ 124.94 കോടിയായി ഉയർന്നു. ഇതേകാലയളവിൽ അറ്റാദായം (PAT) 10.39 കോടി രൂപയിൽ നിന്ന് 25.37 കോടിയായി വർധിച്ചു. പ്രവർത്തന ലാഭ (EBITDA) മാർജിൻ 29.7 ശതമാനത്തിലും അറ്റാദായത്തിന്റെ മാർജിൻ 20.3 ശതമാനത്തിലും സ്ഥിരത പുലർത്തുന്നുണ്ട്. ഐ.പി.ഒ വഴി സമാഹരിക്കുന്ന തുകയിൽ നിന്നും 65 കോടി രൂപ വീതം പ്രവർത്തന മൂലധനത്തിനും അദ്വിത് ജുവൽസിന്റെ കടം വീട്ടാനുമായി ഉപയോഗിക്കും.

അപ്പർ പ്രൈസ് ബാൻഡിൽ ഓഹരിയുടെ പി.ഇ റേഷ്യോ 18.64 മടങ്ങിലാണ് രേഖപ്പെടുത്തുന്നത്. ആർ.ഒ.ഇ അനുപാതം 35.89 ശതമാനം നിലവാരത്തിലുണ്ട്. ഹാൻഡ്ക്രാഫ്റ്റഡ് ജ്വല്ലറി മേഖലയിലെ ഒരു സ്മോൾ ക്യാപ് കമ്പനി എന്ന നിലയിൽ ഈ വാല്യുവേഷൻ വലിയ വിലക്കൂടുതലോ കുറവോ ഇല്ലാത്ത സാധാരണ നിരക്കിലാണെന്ന് മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിച്ചു. എന്നിരുന്നാലും ബ്രാൻഡ് പ്രശസ്തി പരിമിതമാണെന്നത് ഓർക്കണമെന്നും അനലി​സ്റ്റുകൾ വ്യക്തമാക്കി.

വാട്ടർവേയ്സ് ലെയ്ഷർ ടൂറിസം ഐ.പി.ഒ

2020 നവംബറിൽ പ്രവർത്തനമാരംഭിച്ച വാട്ടർവേയ്സ് ലെയ്ഷർ ടൂറിസം ലിമിറ്റഡ്, തങ്ങളുടെ മുൻനിര ആഡംബര കപ്പലായ 'എം.വി എംപ്രസ്' (MV Empress) വഴി ആഭ്യന്തര-അന്തർദേശീയ ഓഷ്യൻ ക്രൂയിസ് സർവീസുകൾ നടത്തിവരുന്നു. മുംബൈ, ഗോവ, കൊച്ചി, ചെന്നൈ എന്നീ പ്രമുഖ ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിച്ച് ലക്ഷദ്വീപ്, ശ്രീലങ്ക, സിംഗപ്പൂർ തുടങ്ങിയ ജനപ്രിയ ടൂറിസം കേന്ദ്രങ്ങളിലേക്കാണ് കമ്പനി നിലവിൽ സർവീസ് നടത്തുന്നത്. ഈ രംഗത്ത് 79 ശതമാനം വിപണി വിഹിതമുള്ള വാട്ടർവേയ്സ് ലെയ്ഷർ, 2026 മാർച്ച് വരെ 7.3 ലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്തിട്ടുണ്ട്. ഭക്ഷണവും മറ്റ് സേവനങ്ങളും ഔട്ട്സോഴ്സ് ചെയ്യുന്നതിനാൽ ഇതൊരു അസറ്റ്-ലൈറ്റ് ബിസിനസ് ശൈലിയിലാണ് പ്രവർത്തിക്കുന്നത്.

എന്നാൽ 2024 മുതൽ 2026 സാമ്പത്തിക വർഷം വരെ ലഭ്യമായ വാട്ടർവേയ്സ് ലെയ്ഷറിന്റെ പ്രവർത്തന ഫലം നോക്കിയാൽ ലാഭത്തിലും വരുമാനത്തിലും സ്ഥിരതയില്ലായ്മ കാണാനാകും. 2026 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം വാർഷികമായി 2 ശതമാനം കുറഞ്ഞ് 586.99 കോടിയായപ്പോൾ, അറ്റ ലാഭം 69 ശതമാനം ഇടിഞ്ഞ് 52.14 കോടി രൂപയായി ചുരുങ്ങി (മുൻവർഷം അറ്റാദായം 168.19 കോടിയായിരുന്നു). കമ്പനിയുടെ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനലാഭം 117.48 കോടി രൂപയായി (മുൻവർഷം ഇതു 215.46 കോടി) കുറഞ്ഞു. ഈ ലാഭത്തകർച്ച കാരണം വാട്ടർവേയ്സ് ലെയ്ഷറിന്റെ റിട്ടേൺ ഓൺ ഇക്വിറ്റി (ROE) അനുപാതം കേവലം 0.92 ശതമാനത്തിലേക്ക് താഴ്ന്നു.

അതേസമയം 808 രൂപ എന്ന ഉയർന്ന വിലയിൽ കമ്പനിയുടെ വാല്യൂവേഷൻ വെളിവാക്കുന്ന ഘടകമായ പി.ഇ റേഷ്യോ 100.96 മടങ്ങിലാണ് കുറിക്കുന്നത്. അതുപോലെ മറ്റൊരു വാല്യൂവേഷൻ വിലയിരുത്തൽ ഘടകമായ പ്രൈസ്-ടു-ബുക്ക് വാല്യു 65.64 മടങ്ങിലും രേഖപ്പെടുത്തുന്നു. ഐ.പി.ഒ തുകയുടെ ഭൂരിഭാഗവും (480.01 കോടി) പുതിയ കപ്പലുകളുടെ ലീസ് പേയ്‌മെന്റുകൾക്കായാണ് വിനിയോഗിക്കുക. ക്രൂയിസ് ടൂറിസത്തിന്റെ ഭാവി സാധ്യതകൾ വലുതാണെങ്കിലും, കമ്പനിയുടെ ഉയർന്ന വാല്യുവേഷനും ലിസ്റ്റിംഗ് വർഷത്തിലുണ്ടായ വലിയ ലാഭനഷ്ട വ്യത്യാസങ്ങളും റീട്ടെയിൽ നിക്ഷേപകർ കൃത്യമായി വിലയിരുത്തണമെന്ന് മാർക്കറ്റ് അനലി​സ്റ്റുകൾ ഓർമിപ്പിച്ചു.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT