പ്രതീകാത്മക ചിത്രം (Image Source: Canva/Aequs Logo) 
Markets

4 മാസത്തിനിടെ ₹113-ൽ നിന്നും ₹273-ലേക്ക്; എന്നിട്ടും ഈ എയ്റോസ്പേസ് ഓഹരിയുടെ ലക്ഷ്യവില വീണ്ടും ഉയർത്തി പ്രമുഖ ബ്രോക്കറേജുകൾ

2025 ഡിസംബറിൽ 140 രൂപയിൽ ലിസ്റ്റ് ചെയ്ത ശേഷം 2026 മാർച്ച് മാസത്തിനിടെ എയ്ക്വസിന്റെ ഓഹരി വില 113.30 രൂപ എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ കാണുന്ന ശക്തമായ തിരിച്ചുവരവ് ഓഹരിയിൽ പ്രകടമാകുന്നത്

Dhanam News Desk

എയ്‌ക്വസ് ലിമിറ്റഡിന്റെ ഓഹരി നാല് മാസത്തിനിടെ 113 രൂപയിൽ നിന്ന് 274 രൂപയിലേക്ക് കുതിച്ചു. എയർബസ്, ബോയിംഗ് തുടങ്ങിയ ആഗോള ഭീമന്മാരുമായി ഉള്ള ബന്ധം, 7,600 കോടി രൂപയുടെ ഓർഡർ ബുക്ക്, തമിഴ്‌നാട്ടിലെ എയ്‌റോ-എഞ്ചിൻ ഇക്കോസിസ്റ്റം പദ്ധതികൾ എന്നിവ വളർച്ച പ്രതീക്ഷ ഉയർത്തുന്നു.

പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനങ്ങളായ ഐ.ഐ.എഫ്.എൽ ക്യാപിറ്റൽ സർവീസസ്, നുവാമ ഇൻ​സ്റ്റിട്യൂഷണൽ ഇക്വിറ്റീസ് എന്നിവർ അനുകൂല റേറ്റിംഗുകൾ നൽകിയതിന് പിന്നാലെ പ്രമുഖ എയ്‌റോസ്‌പേസ് പ്രിസിഷൻ മാനുഫാക്ചറിംഗ് കമ്പനിയായ എയ്‌ക്വസ് ലിമിറ്റഡിന്റെ (BSE: 544634, NSE: AEQUS) ഓഹരി വില പുതിയ റെക്കോ‍ഡ് ഉയരത്തിലേക്ക് എത്തിച്ചേർന്നു. വ്യാഴാഴ്ചത്തെ (ജൂലൈ 9) വ്യാപാരത്തിനിടെ 7 ശതമാനം വരെ കുതിച്ചുയർന്ന് ഓഹരിയുടെ വില 274.39 രൂപ വരെയെത്തിയാണ് സർവകാല ഉയർന്ന നിലവാരം വീണ്ടും തിരുത്തിക്കുറിച്ചത്.

കഴിഞ്ഞ മൂന്ന് വ്യാപാര ദിനങ്ങളിലായി 18 ശതമാനത്തിലധികം കുതിച്ചുചാട്ടം നടത്തിയ എയ്ക്വസ് ഓഹരി, അതിന്റെ വിപണി മൂല്യത്തിലേക്ക് 2,850 കോടി രൂപയിലധികം കൂട്ടിച്ചേർത്തു. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 18,000 കോടി രൂപയ്ക്ക് മുകളിലെത്തി. കഴിഞ്ഞ നാല് മാസത്തിനിടയിൽ മാത്രം ഏകദേശം 140 ശതമാനത്തോളം നേട്ടമാണ് ഈ ഓഹരി നിക്ഷേപകർക്ക് സമ്മാനിച്ചത്.

രണ്ട് 'ബൈ' കോളുകൾ

പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങൾ ഒന്നിനുപുറകെ ഒന്നായി വാങ്ങാൻ നിർദ്ദേശിച്ചതും (Buy Calls) ഇത്രയേറെ മുന്നേറ്റം നടത്തിയിട്ടും സമീപഭാവിയിലേക്ക് താരതമ്യേന ഉയർന്ന ലക്ഷ്യവില (Target Price) നൽകിയതും ഒക്കെയാണ് എയ്ക്വസ് ഓഹരിയിലെ ഇപ്പോഴത്തെ കുതിപ്പിനുള്ള പ്രധാന കാരണം:

  • ഐ.ഐൽഎഫ്.എൽ ക്യാപിറ്റൽ: എയ്‌ക്വസ് ഓഹരിക്ക് 'ബൈ റേറ്റിംഗ്' നൽകിക്കൊണ്ട് 320 രൂപയാണ് ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്.

  • നുവാമ ഇൻ​സ്റ്റിട്യൂഷണൽ ഇക്വിറ്റീസ്: എയ്ക്വസിന്റെ ഭാവിയെ കുറിച്ച് കൂടുതൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച നുവാമ, ഈ ഓഹരിക്ക് 444 രൂപയാണ് ലക്ഷ്യവിലയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞ ദിവസത്തെ ക്ലോസിം​ഗ് വിലയേക്കാൾ 73% ഉയർന്ന നിരക്കാണ്.

ബിസിനസ് അടിത്തറ

എയർബസ്, ബോയിംഗ്, സഫ്രാൻ, കോളിൻസ്, ഹണിവെൽ തുടങ്ങിയ ആഗോള വിമാന നിർമ്മാതാക്കളുമായി നേരിട്ട് ശക്തമായ ബിസിനസ് ബന്ധമുള്ള ഇന്ത്യയിലെ ഏക വെർട്ടിക്കലി ഇന്റഗ്രേറ്റഡ് പ്രിസിഷൻ മാനുഫാക്ചററാണ് എയ്‌ക്വസ്. ഉയർന്ന മൂലധന നിക്ഷേപം, കർശനമായ അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകൾ, വർഷങ്ങളെടുക്കുന്ന കസ്റ്റമർ ക്വാളിഫിക്കേഷൻ പ്രക്രിയകൾ എന്നിവ ആവശ്യമുള്ള ഈ മേഖലയിൽ പുതിയൊരു കമ്പനിക്ക് പെട്ടെന്ന് കടന്നുവരാൻ സാധിക്കില്ല എന്നതാണ് എയ്‌ക്വസിന്റെ ഏറ്റവും വലിയ ബിസിനസ് കരുത്തെന്ന് (Economic Moat) ഐ.ഐ.എഫ്.എൽ ക്യാപിറ്റലിന്റെ റിസർച്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

എയ്‌റോസ്‌പേസ് മേഖലയ്ക്ക് പുറമെ, കഴിഞ്ഞ ഒരു പതിറ്റാണ്ടായി കൺസ്യൂമർ ഇലക്ട്രോണിക്സ്, കളിപ്പാട്ടങ്ങൾ, പാചക ഉപകരണങ്ങൾ തുടങ്ങിയ മറ്റ് മേഖലകളിലേക്കും കൂടി എയ്ക്വസിന്റെ ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ പക്കലുള്ള 88.90 കോടി ഡോളറിന്റെ (ഏകദേശം 7,600 കോടി രൂപ) ശക്തമായ ഓർഡർ ബുക്ക്, സാമ്പത്തിക വർഷം 2026–2029 കാലയളവിൽ കമ്പനിയുടെ വരുമാനത്തിൽ 42 ശതമാനം നിരക്കിൽ സംയോജിത വാർഷിക വളർച്ചയ്ക്ക് (CAGR) കാരണമാകുമെന്ന് നുവാമ ഇൻ​സ്റ്റിട്യൂഷണൽ വിലയിരുത്തുന്നു. ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് എയ്‌റോ-എഞ്ചിൻ ഇക്കോസിസ്റ്റം സ്ഥാപിക്കുന്നതിനായി തമിഴ്‌നാട് സർക്കാരുമായി ഒപ്പുവെച്ച ധാരണാപത്രവും കമ്പനിയുടെ ഭാവി വളർച്ചയ്ക്ക് നിർണ്ണായകമാകുമെന്നും നുവാമ പ്രസിദ്ധീകരിച്ച എയ്ക്വസിനെ കുറിച്ചുള്ള റിസർച്ച് റിപ്പോർട്ടിൽ പറയുന്നു.

നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

2025 ഡിസംബറിൽ 140 രൂപയിൽ ലിസ്റ്റ് ചെയ്ത ശേഷം 2026 മാർച്ച് മാസത്തിനിടെ എയ്ക്വസിന്റെ ഓഹരി വില 113.30 രൂപ എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ കാണുന്ന ശക്തമായ തിരിച്ചുവരവ് ഓഹരിയിൽ പ്രകടമാകുന്നത്. എന്നിരുന്നാലും വിപണിയിൽ ഈ ഓഹരിയെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ട്.

പ്രധാന ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ ജെ.എം ഫിനാൻഷ്യൽ എയ്ക്വസ് ഓഹരിക്ക് 'റെഡ്യൂസ്' (Reduce) എന്ന റേറ്റിംഗാണ് നൽകിയിരിക്കുന്നത്. കൂടാതെ, കമ്പനിയുടെ കൺസ്യൂമർ ഇലക്ട്രോണിക്സ് വിഭാഗം ഇപ്പോഴും നഷ്ടത്തിലാണെന്നതും നിക്ഷേപകർ ഒരു റിസ്ക് ഘടകമായി (Execution Risk) കാണേണ്ടതുണ്ടെന്നും ജെ.എം ഫിനാൻഷ്യൽ ചൂണ്ടിക്കാട്ടി. എന്തായാലും വരുന്ന സാമ്പത്തിക പാദങ്ങളിലെ ഓർഡർ ഡെലിവറിയും തമിഴ്‌നാട്ടിലെ പുതിയ പ്ലാന്റിന്റെ പുരോഗതിയുമായിരിക്കും എയ്ക്വസ് ഓഹരിയുടെ ഭാവി കുതിപ്പ് നിർണയിക്കുക.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT