canva
Markets

എഐ മുന്നേറ്റം ക്രിപ്റ്റോലോകത്തിന് ഭീഷണിയാകുമോ? ബിറ്റ്കോയിന് ഭാവിയുണ്ടോ?

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗ വളർച്ച ക്രിപ്റ്റോകറൻസിയുടെ പ്രസക്തിയെ ബാധിക്കുമോ? സാങ്കേതികവും നിയന്ത്രണപരവുമായ വെല്ലുവിളികൾക്കിടയിലും ക്രിപ്റ്റോ വിപണിക്ക് നിലനിൽപ്പിന് സാധ്യതയുണ്ടോ?

Pintu Prakash

​ഗ്യാലറിയിൽ ഇരുന്ന് കൈയടിക്കുന്ന കേവലമൊരു കാഴ്ചക്കാരനിൽ നിന്നും മൈതാനത്തേക്കിറങ്ങി മത്സരത്തിന്റെ ​ഗതി നിർണയിക്കുന്ന സൂപ്പർ താരത്തിലേക്കുള്ള പരകായ പ്രവേശം സാധ്യമാക്കിയ അമാനുഷികനെ പോലെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സമീപകാലത്തെ വളർച്ച. ഉപയോക്താക്കൾക്ക് ജാ​ഗ്രതയും അവബോധവും നൽകിയിരുന്ന മുൻകാല പ്രെഡിക്ടീവ് & അനലിറ്റിക്കൽ ജോലികളിൽ നിന്നും സ്വന്തം നിലയിൽ പഠിക്കാനും അതിലൂടെ പ്രവർത്തനം സ്വയം നിർവഹിക്കാനും കാര്യശേഷിയുള്ള ജനറേറ്റീവ് & ഏജന്റിക് റോളിലേക്ക് എഐ അതിവേ​ഗമാണ് വളർന്നത്.

അങ്ങനെ ലോകത്തിന്റെ സമസ്ത മേഖലകളിലേക്കും അതിവേ​ഗം കടന്നുകയറി തന്റെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന എഐ സാങ്കേതികവിദ്യയുടെ അത്ഭുത വളർച്ചയിൽ ക്രിപ്റ്റോലോകവും തകരുമോയെന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ നിലവിലെ എഐ മുന്നേറ്റം കൊണ്ടുമാത്രം ക്രിപ്റ്റോകറൻസിയുടെ അസ്തിത്വം ഇല്ലാതായി പോകുമെന്ന് വിധിയെഴുതാറായിട്ടില്ല എന്നാണ് ഇതുമായി ബന്ധപ്പെട്ട വിദ​ഗ്ധർ സൂചിപ്പിക്കുന്നത്.

എഐ ഉയർത്താവുന്ന വെല്ലുവിളികൾ?

ക്രിപ്റ്റോകറൻസി ആശയപരമായും സാങ്കേതികപരമായും മുന്നോട്ടുവെച്ചിട്ടുള്ള പ്രയോജനങ്ങൾ കാരണം ലഭിച്ച മേൽക്കൈ, ഒരുപരിധി വരെ നഷ്ടമാകാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചകൊണ്ട് സാധിച്ചേക്കാം. സാമ്പത്തിക തട്ടിപ്പുകൾ എളുപ്പത്തിൽ തിരിച്ചറിയാനും രാജ്യാന്തര പണമിടപാട് വേ​ഗത്തിലാക്കാനും സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയെ പരിഷ്കരിക്കാനും മികവുറ്റതാക്കാനും എഐ സ​ഹായിക്കുന്നതുവഴി നിലവിലെ ഫിനാൻഷ്യൽ സി​സ്റ്റം കുറഞ്ഞ ചെലവിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സ്ഥിതിവിശേഷം സംജാതാമായാൽ ക്രിപ്റ്റോകറൻസി സവിശേഷതകളുടെ പ്രസക്തിയും കുറയാം.

അതുപോലെ കേന്ദ്രീകൃത സംവിധാനമില്ലാതെ പ്രവർത്തിക്കാൻ ക്രിപ്റ്റോകറൻസിയെ പ്രാപ്തമാക്കുന്ന ക്രിപ്റ്റോ​ഗ്രഫി എന്ന ​കുരുക്കഴിക്കാൻ എഐയുടെ ഇന്നുകാണുന്ന വളർച്ചകൊണ്ട് മാത്രം സാധിച്ചേക്കില്ല. ഒന്നുകിൽ വളരെ വലിയ അളവിൽ വിവര വിശകലനം സാധ്യമാക്കുന്ന ക്വാണ്ടം കംപ്യൂട്ടിം​ഗ് ആശയ തലത്തിൽ നിന്നും വികാസം പ്രാപിച്ച് യഥേഷ്ടം ഉപയോ​ഗിക്കാൻ കഴിയാവുന്ന പ്രായോ​ഗികരൂപം കൈവരിക്കണം, അല്ലെങ്കിൽ ​ഗണിതശാസ്ത്രത്തിൽ വിപ്ലവകരമായ പുതിയ കണ്ടുപിടിത്തം സംഭവിക്കണം. ഇവ രണ്ട് നടന്നാലും ക്രിപ്റ്റോയ്ക്ക് മാത്രമല്ല നിലവിലെ ഇന്റർനെറ്റ് സംവിധാനത്തിന്റെ നിലനിൽപ്പിന് ഒന്നാകെയാകും ഭീഷണിയുണ്ടാവുക.

യഥാർത്ഥ ഭീഷണി മറ്റൊന്നാണ്

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് സുരക്ഷ, കാര്യക്ഷമത, ഉപയോ​ഗം, മേൽനോട്ടം എന്നിവയിലെ മികവ് ഉയർത്താൻ ക്രിപ്റ്റോകറൻസിക്ക് മുന്നിലും ചില സാധ്യതകൾ തുറന്നുകിടപ്പുണ്ട്. ചുരുക്കത്തിൽ പരമ്പരാ​ഗത ആർട്ടിഫിഷ്യൽ ഇന്റലിജൻസിനേക്കാളും ശക്തമായ പുതിയ സാങ്കേതികവിദ്യകൾ ആവിഷ്കരിക്കപ്പെടുന്നതുവരെ പ്രാധാന്യം ഇത്തിരി മങ്ങിയാലും ക്രിപ്റ്റോകറൻസി നിലനിൽക്കാനാണ് സാധ്യത.

പക്ഷേ, അതിനുള്ള സാവകാശം ലഭിച്ചാൽ പോലും ഒരു യഥാ‌ർത്ഥ ഭീഷണി എല്ലായ്പ്പോഴും ക്രിപ്റ്റോലോകത്തെ തുറിച്ചുനോക്കുന്നുണ്ടെന്നതാണ് വസ്തുത. അത് സർക്കാർ സംവിധാനങ്ങളിൽ നിന്നും എപ്പോൾ വേണമെങ്കിലും ക്രിപ്റ്റോകറൻസിക്കെതിരേ ഉയർന്നുവരാവുന്ന നിയന്ത്രണമോ നിരോധനമോ ആണെന്നതും വിസ്മരിക്കരുത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT