canva
Markets

ഐടിയെ വീഴ്ത്തി; എഐയുടെ അടുത്ത ഇര റിയൽ എ​സ്റ്റേറ്റ് ഓഹരികളോ?

എഐ ടൂളുകൾ അനുദിനം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ ഐടി കമ്പനികളുടെ ഓഹരികളിൽ കനത്ത ഇടിവ് നേരിടുകയാണ്. എഐ രം​ഗത്ത് വൻ മുന്നേറ്റം പ്രകടമാകുന്ന സാഹചര്യത്തിൽ, ഐടി മേഖലയിൽ സംഭവിക്കാവുന്ന തൊഴിൽ മാറ്റങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയെയും ബാധിക്കുമോ? വിശദമായി നോക്കാം.

Pintu Prakash

യു.എസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കമ്പനിയായ ആന്ത്രോപിക്, കഴി‍ഞ്ഞയാഴ്ച ഒരു ഡസനോളം ഓപ്പൺ സോഴ്സ് പ്ല​ഗിനുകൾ അവതരിപ്പിച്ച് തങ്ങളുടെ ഏജന്റിക് എഐ ടൂൾ പ്ലാറ്റ്ഫോം ആയ ക്ലോഡ് കോവർക്കിന്റെ പ്രവർത്തനശേഷി ശക്തിപ്പെടുത്തിയതോടെയാണ്, വിചാരിച്ചതിലും വേ​ഗത്തിൽ എഐ കരുത്തരായി മാറുമോ എന്ന ആശങ്ക ശക്തമായത്.

വർക്ക്ഫ്ലോ ഓട്ടോമേഷൻ പല മേഖലകളിലും ആരംഭിച്ചതോടെ പരമ്പരാ​ഗത സോഫ്റ്റ്‍വെയർ എൻജിനീയറിങ് മേഖല ഇപ്പോൾ കടുത്ത സമ്മർദം നേരിടുകയാണ്. ഇതു ആ​ഗോള തലത്തിൽ ഐടി കമ്പനികളുടെ ഓഹരികളെ കനത്ത ഇടിവിലേക്ക് നയിച്ചു. ടിസിഎസും ഇൻഫോസിസും വിപ്രോയും ഉൾപ്പെടെയുള്ള പ്രമുഖ ഇന്ത്യൻ ഐടി ഓഹരികൾ ഒരു വർഷത്തെ താഴ്ന്ന വിലനിലവാരത്തിലേക്ക് വീണു.

അടുത്ത തിരിച്ചടി എവിടെയാകും?

അതേസമയം എഐ സാങ്കേതികവിദ്യ ഐടി മേഖലയെ പൂർണമായും തുടച്ചു നീക്കുമോ ഇല്ലയോ എന്ന സംവാദത്തിൽ നിന്നും കൃത്യമായൊരു ഉത്തരം ഇനിയും ലഭിച്ചിട്ടില്ലെങ്കിലും ഐടി സെക്ടർ ഘടനാപരമായ പരിവർത്തനത്തിന് വേദിയാകുമെന്ന് ഏവരും തറപ്പിച്ചുപറയുന്നു. ഇതോടെ ഇന്ത്യൻ ഐടി കമ്പനികളുടെ ഹെഡ്-കൗണ്ട് ബേസ്ഡ് ഔട്ട്സോഴ്സിങ് (Headcount-based outsourcing) മാതൃകയിലുള്ള അല്ലെങ്കിൽ ബില്ലബിൾ അവർ (Billable hours) മാതൃകയിൽ നിന്നും ഔട്ട്കം ബേസ്ഡ് പ്രൈസിങ് (Outcome-based pricing) രീതിയിലേക്ക് പ്രവർത്തനം നീങ്ങുമെന്നും പൊതുവേ കരുതപ്പെടുന്നു.

ഇതിലൂടെ ഐടി കമ്പനിയിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‍വെയർ എൻജിനീയർമാരുടെ അല്ലെങ്കിൽ ടെക്കികളുടെ എണ്ണത്തിലും ശമ്പളത്തിലും ഉണ്ടാകാവുന്ന ഏതൊരു മാറ്റവും നേരിട്ട് ബാധിക്കുന്ന ആദ്യ അനുബന്ധ മേഖല റിയൽ എ​സ്റ്റേറ്റ് സെക്ടറായിരിക്കും എന്നാണ് മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിക്കുന്നത്. ഓഫീസ് സമുച്ചയങ്ങൾ ഉൾപ്പെടുന്ന വാണിജ്യ കെട്ടിടങ്ങളുടെ മേഖലയിൽ പ്രത്യേകിച്ചും. അതുപോലെ ഐടി പ്രൊഫഷണലുകളെ പ്രധാനമായും ലക്ഷ്യമിട്ട് കെട്ടിപ്പൊക്കുന്ന പാർപ്പിട പദ്ധതികൾ ഏറെയുള്ള റിയൽ എ​സ്റ്റേറ്റ് കമ്പനികൾക്കുമേലും സമ്മർദമേറാം.

ഇതു മറ്റൊരു ട്രെൻഡാകുമോ?

ഓഫീസ് ഇടത്തിൽ നേരിട്ടെത്താതെ പുറത്തൊരു സ്ഥലത്തുനിന്നും ജോലികൾ ചെയ്യാവുന്ന റിമോ‌ട്ട് വർക്കിങ് (Remote working) ശൈലിയും ഓഫീസിൽ നേരിട്ടെത്തിയും അല്ലാതെയും ജോലി ചെയ്യാവുന്ന ഹൈബ്രിഡ് വർക്ക് (Hybrid Work) ശൈലിയും കോവിഡ് കാലഘട്ടത്തിനു ശേഷം പ്രൊഫഷണൽ ജോലികളിൽ വ്യാപകമായതോടെ തന്നെ ഓഫീസ് വാടകയ്ക്ക് നൽകുന്നവർ ഉൾപ്പെടെയുള്ള വാണിജ്യ റിയൽ എ​സ്റ്റേറ്റ് മേഖലകളിൽ സമ്മർദം നേരിടുന്നുണ്ടായിരുന്നു.

ഇതിന് പുറമെയാണ് എഐ കാരണം തൊഴിൽ വിപണി ശിഥിലമായാൽ സംഭവിക്കാവുന്ന തിരിച്ചടി ഈ മേഖലയെ തുറിച്ചുനോക്കുന്നത്. യുഎസ് വിപണിയിൽ റിയൽ എ​സ്റ്റേറ്റ് ഓഹരികളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇടിവ് കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ എഐ ഭീഷണി കാരണം നിഫ്റ്റി ഐടി സൂചിക 15 ശതമാനം വീണപ്പോൾ നിഫ്റ്റി റിയാൽറ്റി സൂചിക 7 ശതമാനം താഴ്ന്നതും ഒരു മുന്നറിയിപ്പാണോ? കാത്തിരുന്ന് കാണാം...

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT