Canva
Markets

മനുഷ്യനൊപ്പം മെഷീനുകളും; എ.ഐ ഏജന്റുകൾ വരുന്നതോടെ ഇന്ത്യൻ ഐടിയിൽ എന്ത് സംഭവിക്കും?

ഭാവിയിൽ ഐടി കമ്പനികളിലെ തൊഴിൽ അന്തരീക്ഷം മനുഷ്യരും എ.ഐ ഏജന്റുകളും ഒത്തുചേരുന്ന ഒന്നായിരിക്കും

Pintu Prakash

ഇന്ത്യൻ ഐടി സേവന മേഖലയുടെ പ്രവർത്തന ഘടനയൊന്നാകെ മാറ്റിമറിക്കാൻ പോകുന്നൊരു പ്രഖ്യാപനം, രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയുടെ തലപ്പത്തുനിന്നും അടുത്തിടെ പുറത്തുവന്നിരുന്നു. ജൂൺ 9-ന് ബെംഗളൂരുവിൽ നടന്ന ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (ടി.സി.എസ്) 31-ാമത് വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെ, ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ നടത്തിയ പ്രഖ്യാപനമാണ് ഐ.ടി മേഖലയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ടി.സി.എസിൽ മനുഷ്യരായ ജീവനക്കാർക്ക് തുല്യമായി തന്നെ എ.ഐ ഏജന്റുകളും (AI Agents) ജോലിയിൽ ഉണ്ടാകുമെന്നാണ് ചന്ദ്രശേഖരൻ വ്യക്തമാക്കിയത്. ഒരു മുൻനിര ഇന്ത്യൻ ഐ.ടി കമ്പനിയുടെ തലപ്പത്തുനിന്നും ഇത്തരത്തിലുള്ള തുറന്നുപറച്ചിൽ ഇതാദ്യമായാണ്. നിലവിൽ ഒട്ടനവധി മനുഷ്യർ ചെയ്തുകൊണ്ടിരിക്കുന്ന പല ജോലികളും ഭാവിയിൽ എ.ഐ ഏജന്റുകൾ ഏറ്റെടുക്കുന്നതോടെ, മുമ്പത്തെപ്പോലെയുള്ള മാസ് റിക്രൂട്ട്‌മെന്റുകൾ ഇനി ഉണ്ടാകില്ലെന്ന വ്യക്തമായ സൂചനയും ഇതിലൂടെ വെളിവാകുകയാണ്.

മിഡിൽ ക്ലാസിനെ വളർത്തിയ ബിസിനസ് മാതൃക

2000-ത്തിന്റെ തുടക്കത്തിൽ കേവലം 2 ലക്ഷത്തോളം ജീവനക്കാർ മാത്രമുണ്ടായിരുന്ന ഇന്ത്യൻ ഐ.ടി മേഖല, 25 വർഷം പിന്നിട്ട് 2026-ലേക്ക് എത്തുമ്പോഴേക്കും 60 ലക്ഷത്തോളം ജീവനക്കാരുള്ള വമ്പൻ വ്യവസായമായി വളർന്നു. ഏകദേശം 31,500 കോടി ഡോളറിന്റെ (ഏകദേശം 30.15 ലക്ഷം കോടി രൂപ) ബിസിനസ്സാണ് ഇന്ത്യൻ ഐടി സെക്ടറിൽ ഇപ്പോൾ രേഖപ്പെടുത്തുന്നത്. കുറഞ്ഞ ചെലവിൽ ഉയർന്ന വൈദഗ്ധ്യമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന എഞ്ചിനീയർമാരെ ലഭ്യമാക്കാൻ കഴിഞ്ഞതുകൊണ്ടായിരുന്നു ഈ വളർച്ച കൈവരിക്കാൻ സാധിച്ചത്.

ഇന്ത്യയിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ താരതമ്യേന ഉയർന്ന ശമ്പളവും ഐടി സെക്ടറിന്റെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ മിഡിൽ ക്ലാസിന്റെ വളർച്ചയ്ക്ക് ആക്കംകൂട്ടുന്നതിലും ഐടി മേഖല ​ഗണ്യമായ സംഭാവന ചെയ്തിട്ടുണ്ട്. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ അതിശക്തമായി വളർന്നുവരുന്ന പശ്ചാത്തലത്തിൽ കൂടുതൽ ജീവനക്കാർ, കൂടുതൽ വരുമാനം എന്ന തത്വത്തിൽ നിന്നും ഐടി കമ്പനികൾക്ക് ഇനി മാറിച്ചിന്തിക്കേണ്ടി വരുമെന്നാണ് ടി.സി.എസിന്റെ പുതിയ നീക്കം സൂചിപ്പിക്കുന്നത്.

മാറ്റം എങ്ങനെ ബാധിക്കും?

പുതിയ നിയമനങ്ങളിലെ കുറവ്: ഐടി മേഖലയിൽ എൻട്രി ലെവൽ കോഡിംഗ്, ടെസ്റ്റിംഗ്, സപ്പോർട്ട് ജോലികൾ അതിവേഗം ഓട്ടോമേറ്റ് ചെയ്യപ്പെടുന്നു. ദൈനംദിനവും ആവർത്തന സ്വഭാവമുള്ളതുമായ ജോലികൾ എ.ഐ ഏജന്റുകൾ ചെയ്യുന്നതോടെ, പ്രത്യേകിച്ച് കോളേജ് പഠനം കഴിഞ്ഞിറങ്ങുന്ന ഉദ്യോഗാർത്ഥികളുടെ (Freshers) വലിയ തോതിലുള്ള പുതിയ നിയമനങ്ങൾ ഗണ്യമായി കുറയും. കമ്പനികൾ കൂടുതൽ ചുരുങ്ങിയ, എന്നാൽ ഉയർന്ന വൈദഗ്ധ്യമുള്ള ജീവനക്കാരെ മാത്രം തിരഞ്ഞെടുക്കുന്ന രീതിയിലേക്ക് മാറിയേക്കാമെന്നാണ് വിപണി വിദ​ഗ്ധർ സൂചിപ്പിക്കുന്നത്.

ഹൈബ്രിഡ് തൊഴിൽ സംസ്കാരം: ഭാവിയിൽ ഐടി കമ്പനികളിലെ തൊഴിൽ അന്തരീക്ഷം മനുഷ്യരും എ.ഐ ഏജന്റുകളും ഒത്തുചേരുന്ന ഒന്നായിരിക്കും. സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കുക, ക്ലയന്റുകളുമായുള്ള ആശയവിനിമയം, എ.ഐ സിസ്റ്റങ്ങളുടെ മേൽനോട്ടം എന്നിവയിലേക്ക് മനുഷ്യർ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ആവർത്തന ജോലികൾ എ.ഐ ഏറ്റെടുക്കും. ഇത്തരമൊരു സാഹചര്യത്തിൽ പുതിയ ഉദ്യോഗാർത്ഥികളെ ജോലിക്ക് എടുക്കുന്നതിനേക്കാൾ, നിലവിലുള്ള ജീവനക്കാരുടെ എ.ഐ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനായിരിക്കും (Upskilling) കമ്പനികൾ മുൻഗണന നൽകാൻ സാധ്യത. കമ്പനിയുടെ 50,000 ജീവനക്കാർക്ക് ക്ലോഡ് എ.ഐ പരിശീലനം നൽകുന്ന ടി.സി.എസിന്റെ നീക്കം ഇതിന്റെ ഭാഗമാണ്.

എ.ഐ ആർബിട്രേജ്: ജീവനക്കാരുടെ എണ്ണം നോക്കി കരാറുകൾ ഉറപ്പിച്ചിരുന്ന സ്ഥാനത്ത്, ഇനി മുതൽ സ്വന്തം എ.ഐ പ്ലാറ്റ്‌ഫോമുകളും ബൗദ്ധിക സ്വത്തുക്കളും ഉപയോഗിച്ച് എത്ര വേഗത്തിൽ നിർദിഷ്ട ഫലം കൃത്യതയോടെ നൽകുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കമ്പനികളുടെ ലാഭമെന്നും വിപണി വിദ​ഗ്ധർ സൂചിപ്പിച്ചു.

എഐ ഏജന്റും ഇന്ത്യൻ ഐടിയുടെ ഭാവിയും

"ടി.സി.എസിൽ നിന്നുള്ളതുപോലെ ഐടി സെക്ടറിൽ ഇപ്പോൾ കാണുന്ന പുതിയ മാറ്റത്തെ കമ്പനികളുടെ ലാഭമാർജിൻ വർധനവിനുള്ള ഒരു മികച്ച ദീർഘകാല അവസരമായാണ് ഞാൻ കാണുന്നത്. പ്രാരംഭ ഘട്ടത്തിൽ ജീവനക്കാരുടെ പരിശീലനത്തിനും എഐ ഇൻഫ്രാസ്ട്രക്ചറിനുമായി വലിയ തുക ചെലവഴിക്കേണ്ടി വരുന്നത് ഹ്രസ്വകാല ലാഭക്ഷമതയെ ബാധിച്ചേക്കാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇതു കമ്പനികളുടെ പ്രവർത്തന ചെലവ് ഗണ്യമായി താഴ്ത്താൻ സഹായിക്കും," സെബി അം​ഗീകൃത റിസർച്ച് അനലി​സ്റ്റ് പി. സനൽ (SEBI Reg No: INH000022880) പറഞ്ഞു.

"ഇനി ഓഹരി നിക്ഷേപകർ ഐടി സെക്ടറിലെ കമ്പനികൾ തിരഞ്ഞെടുക്കുമ്പോൾ വെറും ഓർഡർ ബുക്ക് മാത്രം നോക്കാതെ, ആ കമ്പനികൾ എഐ സാങ്കേതികവിദ്യ എത്രത്തോളം വേഗത്തിൽ തങ്ങളുടെ ബിസിനസ്സിലേക്ക് സമന്വയിപ്പിക്കുന്നുണ്ടെന്ന് (AI Adoption Rate) കൂടി വിലയിരുത്തേണ്ടതുണ്ട്. പുതിയ മാറ്റത്തോട് വേഗത്തിൽ പൊരുത്തപ്പെടുന്ന ഐടി കമ്പനികൾ വിപണിയിൽ മികച്ച മുന്നേറ്റം കരസ്ഥമാക്കാം എന്നും പി. സനൽ കൂട്ടിച്ചേർത്തു.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT