ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോദേയ് എഐ വികസന വേഗത കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് മസ്ക്, ആൾട്ട്മാൻ, ഹസ്സാബിസ് എന്നിവർ പിന്തുണച്ചെങ്കിലും ആഗോള വിപണിയും രാഷ്ട്രീയ ശക്തികളും ഇത് തള്ളി. സോഫ്റ്റ്‌ബാങ്ക്, എൻവിഡിയ, എസ്.കെ ഹൈനിക്സ്, സാംസങ് തുടങ്ങിയ ചിപ്പ് ഓഹരികൾ ഇടിഞ്ഞപ്പോൾ, എഐ സ്ലോഡൗൺ ആവശ്യത്തിന് പിന്നിൽ വിപണി ആധിപത്യം ഉറപ്പിക്കാനുള്ള നീക്കമെന്ന സംശയവും ഉയർന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കമ്പനികൾ, പുതിയ സാങ്കേതികവിദ്യകളുടെ വികസന വേഗത മനഃപൂർവ്വം കുറയ്ക്കണമെന്ന് (Slowdown) സെപ്റ്റംബർ 12-ന് ആന്ത്രോപിക് (Anthropic) സി.ഇ.ഒ ആയ ഡാരിയോ അമോദേയ് "വി മസ്റ്റ് പേസ് ദി ഫ്രണ്ട്‌യർ" (We Must Pace the Frontier) എന്ന ലേഖനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ എ.ഐ സെക്ടറിലെ വമ്പന്മാരായ ഇലോൺ മസ്ക്, സാം ആൾട്ട്മാൻ, ഡെമിസ് ഹസ്സാബിസ് എന്നിവരും മണിക്കൂറുകൾക്കുള്ളിൽ അമോദേയിയുടെ വാദത്തെ പിന്തുണച്ചു രംഗത്തെത്തി.
എന്നാൽ പിന്നീടുള്ള 48 മണിക്കൂറിൽ ആഗോള സാമ്പത്തിക വിപണികളും വൻ ശക്തികളും എഐ വികസനവേഗം കുറയ്ക്കണമെന്ന നിർദ്ദേശത്തെ പൂർണമായി തള്ളിക്കളയുന്ന കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്.
എഐ സാങ്കേതികവിദ്യയുടെ വികസന വേഗത കുറയുമോ എന്ന ആശങ്കയിൽ ആഗോള വിപണികളിലെ പ്രധാന ചിപ്പ് ഓഹരികളിൽ കഴിഞ്ഞ ദിവസത്തെ (സെപ്റ്റംബർ 14) വ്യാപാരത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. എ.ഐ മേഖലയിലെ വൻകിട നിക്ഷേപങ്ങൾ കുറഞ്ഞേക്കാം എന്ന ഭയമാണ് ഈ ഇടിവിന് കാരണമായത്.
ജപ്പാൻ വിപണി: ചാറ്റ് ജിപിടിയുടെ സൃഷ്ടാക്കളായ ഓപ്പൺഎഐയിൽ ഗണ്യമായ നിക്ഷേപമുള്ള സോഫ്റ്റ്‌ബാങ്ക് (SoftBank) ഓഹരികൾ 10-11% ഇടിഞ്ഞു.
ദക്ഷിണ കൊറിയൻ വിപണി: കോസ്പി (Kospi) സൂചിക 3.3% താഴ്ന്നു. പ്രമുഖ ചിപ്പ് നിർമ്മാതാക്കളായ എസ്.കെ ഹൈനിക്സ് 6 ശതമാനത്തിലധികവും സാംസങ് ഇലക്ട്രോണിക്സ് 4 ശതമാനത്തിലധികവും ഇടിവ് നേരിട്ടു.
യു.എസ് വിപണി: ചിപ്പ് നിർമാണ കമ്പനികളായ എൻവിഡിയയുടെ (Nvidia) ഓഹരി 8.4% ഇടിവ് നേരിട്ടപ്പോൾ ഇന്റലിന്റെയും മൈക്രോൺ ടെക്നോളജിയുടെയും ഓഹരികളിലും കനത്ത വിൽപ്പന സമ്മർദം പ്രകടമായി.
രാഷ്ട്രീയ തലത്തിലും എഐ സ്ലോഡൗൺ നിർദ്ദേശം ഉടനടി തള്ളിക്കളയപ്പെട്ടു. സാമ്പത്തിക, എഐ മേഖലകളിൽ പരസ്പരം മത്സരിക്കുന്ന ആഗോള ശക്തികളായ യു.എസും ചൈനയും എ.ഐ വേഗത കുറയ്ക്കില്ലെന്ന് ഒരുപോലെ വ്യക്തമാക്കി.
അമേരിക്കൻ നിലപാട്: എ.ഐ രംഗത്ത് ആര് ജയിക്കുന്നുവോ അവരായിരിക്കും ലോകം ഭരിക്കുകയെന്ന നിലപാടാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചത്. എ.ഐ വികസനത്തിന്റെ വേഗത കുറയ്ക്കാൻ തയ്യാറല്ലെന്നും അമോഡെയുടെ വാദങ്ങൾ കേവലം പ്രകടനപരത മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ചൈനീസ് നിലപാട്: എ.ഐ അപായ സാധ്യതകളെ മുൻനിർത്തിയുള്ള ഭയപ്പെടുത്തലുകൾ തള്ളിക്കളഞ്ഞ ചൈനീസ് വിദേശകാര്യ മന്ത്രാലയം, ഇത് ചൈനീസ് എ.ഐ വികസനത്തെ തടയാനുള്ള പാശ്ചാത്യ തന്ത്രമാണെന്ന് ആരോപിച്ചു. ചൈനീസ് നാഷണൽ സെക്യൂരിറ്റി മന്ത്രാലയം എ.ഐ റിസ്ക്-കൺട്രോൾ സിസ്റ്റങ്ങൾ കൂടുതൽ വേഗത്തിൽ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
എ.ഐ സാങ്കേതികവിദ്യയുടെ വികസന വേഗത കുറയ്ക്കണമെന്ന പ്രമുഖ കമ്പനികളുടെ ആവശ്യത്തെ സംശയത്തോടെയാണ് സാമ്പത്തിക ലോകം കാണുന്നത്. യു.എസ് വിപണിയിൽ ഐ.പി.ഒ-യ്ക്ക് ഒരുങ്ങുന്ന സമയത്താണ് ആന്ത്രോപിക് കമ്പനിയുടെ ഈ വാദമെന്നത് ശ്രദ്ധേയമാണ്. ഇതിന് പിന്നിൽ തങ്ങളുടെ വിപണി ആധിപത്യം നിലനിർത്താനുള്ള ശ്രമമുണ്ടെന്ന് മൈക്കൽ ബെറി (Michael Burry) ഉൾപ്പെടെയുള്ള പ്രമുഖ നിക്ഷേപകർ ആരോപിക്കുന്നു.
എ.ഐ സ്ലോഡൗൺ വാദങ്ങളും പ്രതികരണങ്ങളും
ലാബുകളുടെ നിർദ്ദേശം -------► സ്വമേധയാ എ.ഐ വികസനത്തിന്റെ വേഗത കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
വിപണി പ്രതികരണം -------► ടെക്‌നോളജി, സെമികണ്ടക്ടർ കമ്പനികളുടെ ഓഹരികളിൽ വൻ ഇടിവുണ്ടായി.
യു.എസും ചൈനയും സ്വീകരിച്ച നിലപാട് -------► എ.ഐ വികസന വേഗത കുറയ്ക്കണമെന്ന ആവശ്യം ഇരുരാജ്യങ്ങളും തള്ളിക്കളഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനത്തിന്റെ വേഗത കുറയ്ക്കണമെന്ന് ആവശ്യപ്പെടുമ്പോഴും പ്രമുഖ ഗവേഷണ ലാബുകളൊന്നും തങ്ങളുടെ പുതിയ എ.ഐ മോഡലുകളുടെ റിലീസ് തീയതി മാറ്റിവെച്ചിട്ടില്ല. സെപ്റ്റംബർ 24-ന് നടക്കുന്ന ഡൊണാൾഡ് ട്രംപ് - ഷി ജിൻപിംഗ് കൂടിക്കാഴ്ചയിൽ എ.ഐ ഭരണനിർവ്വഹണം ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എ.ഐ വികസനം നിയന്ത്രിക്കപ്പെടണമോ അതോ വേഗതയോടെ മുന്നോട്ട് പോകണമോ എന്നത് ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാകും തീരുമാനിക്കപ്പെടുക എന്നാണ് വിലയിരുത്തൽ.
Read DhanamOnline in English
Subscribe to Dhanam Magazine