canva
Markets

പരമ്പരാ​ഗത ബാങ്കുകളെ എഐ തകർക്കുമോ? എൻബിഎഫ്സി ഓഹരികളിലാണോ ഇനി അവസരം? ഏത് കമ്പനികൾ തിളങ്ങും?

എഐയും ഡിജിറ്റൽ ഡാറ്റയും ഉപയോ​ഗപ്പെടുത്തി എൻ.ബി.എഫ്.സി.കൾ വായ്പ വിതരണം വേഗത്തിലാക്കി അതിവേ​ഗം വളരുന്നു. പരമ്പരാ​ഗത ബാങ്കുകൾ കാര്യമായ പരി​ഗണന നൽകാതിരുന്ന എം.എസ്.എം.ഇ, അസംഘടിത മേഖലകൾ ലക്ഷ്യമാക്കുന്നതും എൻ.ബി.എഫ്.സി.കൾക്ക് നേട്ടമെന്ന് നോമുറ.

Dhanam News Desk

ഇന്ത്യൻ ധനകാര്യ സേവന മേഖല വമ്പൻ പരിവർത്തനത്തിന് സാക്ഷ്യംവ​ഹിക്കുകയാണ്. പ്രത്യേകിച്ചും വായ്പ വിതരണ രം​ഗത്ത്. പരമ്പരാഗത ബാങ്കിംഗ് പരിധികൾക്കപ്പുറം നിന്നുകൊണ്ട്, വായ്പ വിതരണത്തിൽ വേ​ഗത്തിലുള്ള വളർച്ച കൈവരിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളാണ് ഇപ്പോൾ പരീക്ഷിക്കുന്നത്. രാജ്യത്ത് അനുദിനം വളരുന്ന ഡിജിറ്റൽ സമ്പദ്ഘ‍ടനയും വിപുലമായ എംഎസ്എംഇ കമ്പനികളുടെ സാന്നിധ്യവുമൊക്കെ ഇന്ത്യയിലെ വായ്പ വിതരണ മേലയുടെ വളർച്ചയ്ക്ക് ​ഗതിവേ​ഗം പകരുന്നു. ഇതാകട്ടെ ശക്തമായ ദീർഘകാല നിക്ഷേപ അവസരങ്ങളാണ് തുറന്നിടുന്നത്.

ഇന്ത്യൻ ധനകാര്യ സേവന മേഖലയിൽ ടെക്നോളജി വരുത്തുന്ന മാറ്റങ്ങൾ ചൂണ്ടിക്കാട്ടി ആ​ഗോള ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ നോമുറ പുതിയ റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടു. ഇതിൽ നോൺ ബാങ്കിം​ഗ് ഫിനാൻസ് കമ്പനികൾ (എൻ.ബി.എഫ്.സി) ടെക്നോളജിയെ കൂട്ടുപിടിച്ച് അതിവേ​ഗം വളരാനുള്ള സാധ്യതകൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടാണിത്. കൂടാതെ സമീപ ഭാവിയിലേക്ക് തിളങ്ങാവുന്ന 3 മുൻനിര എൻ.ബി.എഫ്.സി ഓഹരികളെയും നോമുറയുടെ റിസർച്ച് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്തുകൊണ്ട് എൻ.ബി.എഫ്.സി സെക്ടർ?

2041 സാമ്പത്തിക വർഷമാകുമ്പോഴേക്കും രാജ്യത്തെ മൊത്തം വായ്പ വിതരണത്തിന്റെ 33 ശതമാനം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ കൈയടക്കുമെന്നാണ് നോമുറയുടെ നി​ഗമനം. ഇത്തരമൊരു വമ്പൻ വളർച്ചയ്ക്ക് എൻ.ബി.എഫ്.സി.കളെ സഹായിക്കുന്നത് മൂന്ന് ഘടകങ്ങളാണ്. ഭാവിയിൽ വളരെയധികം വളർച്ച സാധ്യതയുള്ള ചെറുകിട വ്യവസായ മേഖലയിൽ (എം.എസ്.എം.ഇ) പരമ്പരാ​​ഗത ബാങ്കുകൾക്ക് 7-8% വായ്പ വിതരണം മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ എം.എസ്.എം.ഇ മേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന എൻ.ബി.എഫ്.സി.കളുടെ മുന്നിൽ മികച്ച അവസരമുണ്ടെന്നാണ് നോമുറ ചൂണ്ടിക്കാട്ടുന്നത്.

അതുപോലെ രാജ്യത്തെ അസംഘടിത വ്യവസായ മേഖലയും ഒരുപരിധി വരെ പരമ്പരാ​ഗത ബാങ്കിം​ഗ് സംവിധാനങ്ങളുടെ പുറത്താണ്. പുതിയ ഉത്പന്നങ്ങളും സേവനങ്ങളും വാ​ഗ്ദാനം ചെയ്ത് എൻ.ബി.എഫ്.സി.കൾക്ക് ഈ മേഖലയിലും ചുവടുറപ്പിക്കാൻ കഴിയുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നി​ഗമനം. കൂടാതെ പുതിയ തരം ഡാറ്റകൾ (യു,പി.ഐ ഇടപാടുകൾ, ഓൺലൈൻ ഷോപ്പിം​ഗ് വിവരങ്ങൾ) ഉപയോ​ഗപ്പെടുത്തി കൂടുതൽ സജീവമായ ഉപഭോക്താക്കളിലേക്ക് കടന്നുകയറാനുള്ള ശേഷിയും എൻ.ബി.എഫ്.സി.കൾക്ക് ഭാവി വളർച്ചയിലേക്കുള്ള മുതൽക്കൂട്ടാകുമെന്ന് നോമുറയുടെ റിസർച്ച് റിപ്പോർട്ടിൽ പറയുന്നു.

എൻ.ബി.എഫ്.സി വളർച്ചയിൽ എഐയുടെ പങ്ക്

ഭാവിയിൽ നോൺ ബാങ്കിം​ഗ് ഫിനാൻഷ്യൽ കമ്പനികളുടെ വളർച്ചയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വലിയ തോതിൽ സ്വാധീനം ചെലുത്തുമെന്നാണ് നി​ഗമനം. ഉയർന്ന ​ക്വാളിറ്റിയുള്ള ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനും, അണ്ടർറൈറ്റിങ് (Underwriting) നടപടികൾ മെച്ചപ്പെടുത്തുന്നതിനും പുതിയ തരം ഡാറ്റകൾ (യു.പി.ഐ/ഓൺലൈൻ ഷോപ്പിം​ഗ്) വിലയിരുത്തി പുതിയ സേവനങ്ങൾ അവതരിപ്പിക്കുന്നതിനും പുതിയ പ്രദേശങ്ങളിലേക്ക് കടന്നുചെല്ലുന്നതിനും ഒക്കെ എഐ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കുമെന്നാണ് നോമുറ ചൂണ്ടിക്കാട്ടുന്നത്.

അതുപോലെ വൻ വളർച്ച സാധ്യതയുള്ള വിഭാ​​ഗങ്ങളായ മൈക്രോ ഫിനാൻസ്, ടു-വീലർ ലോൺ, പേഴ്സണൽ ലോൺ, ബിസിനസ് ലോൺ എന്നിവയിലെ സേവനം മെച്ചപ്പെടുത്താനും കാര്യക്ഷമത വർധിപ്പിക്കാനും എഐ ടൂളുകൾ സഹായിക്കും. ഇതെല്ലാം എൻ.ബി.എഫ്.സി സെക്ടറിന്റെ ദീർഘകാല വളർച്ചയ്ക്ക് ഏറെ സഹായിക്കുമെന്നും നോമുറയുടെ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതേസമയം എഐ ധനകാര്യ മേഖലയിൽ ഉപയോ​ഗപ്പെടുത്തുന്നതിനുള്ള നിയമ നിർമാണങ്ങൾ ഇനിയും തെളിഞ്ഞുവരാനുണ്ടെന്നത് ശ്രദ്ധിക്കുക.

സമീപഭാവിയിൽ തിളങ്ങാവുന്ന ഓഹരികൾ

  • ടാറ്റ ക്യാപിറ്റൽ: ലക്ഷ്യവില - 400 രൂപ; നിലവിലെ വില - 311 രൂപ; നേട്ട സാധ്യത - 29%

  • എൽ&ടി ഫിനാൻസ്: ലക്ഷ്യവില - 325 രൂപ; നിലവിലെ വില - 265 രൂപ; നേട്ട സാധ്യത - 23%

  • പിരാമൽ ഫിനാൻസ്: ലക്ഷ്യവില - 2,150 രൂപ; നിലവിലെ വില - 1,780 രൂപ; നേട്ട സാധ്യത - 20%

ഈ മൂന്ന് എൻ.ബി.എഫ്.സി ഓഹരികളാണ് സമീപ ഭാവിയിലേക്ക് തിളങ്ങാവുന്നതെന്ന് നോമുറയുടെ ഏറ്റവും പുതിയ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനികളെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT