നിക്ഷേപത്തിനായി ഓഹരികളെ തെരഞ്ഞെടുക്കുന്ന വേളയിൽ പരിഗണിക്കുന്ന മുഖ്യ ഘടകങ്ങളിലൊന്നാണ് ബുക്ക് വാല്യൂ (Book Value). കമ്പനിക്ക് സ്വന്തമായുള്ള ഭൗതിക ആസ്തിയും കൈവശമുള്ള പണത്തിൽ നിന്നും മൊത്തം കടബാധ്യതകൾ കുറച്ചതിനു ശേഷം ലഭിക്കുന്ന പ്രതിയോഹരി മൂല്യമാണ് ബുക്ക് വാല്യൂ. കമ്പനി ഇപ്പോൾ പൂട്ടിപ്പോയാൽ നിക്ഷേപകർക്ക് ഒരു ഓഹരിയിൽ നിന്നും ലഭിക്കാവുന്ന മൂല്യമാണിതെന്നും എളുപ്പത്തിൽ വിശേഷിപ്പിക്കാം.
അതുകൊണ്ട് തന്നെ ബുക്ക് വാല്യൂവിനേക്കാൾ താഴ്ന്ന വിപണി വില രേഖപ്പെടുത്തുന്ന ഓഹരികളിൽ അധിക സുരക്ഷിതത്വം കണ്ടെത്തുന്നവരുണ്ട്. 100 രൂപയുടെ ഒരു സാധനം 75 രൂപയ്ക്ക് വാങ്ങാൻ ലഭിക്കുന്നുവെന്ന യുക്തി പോലെയാണത്. ഇത്തരം ഓഹരികളിൽ അന്തർലീന മൂല്യം മറഞ്ഞിരിപ്പുണ്ടെന്ന് സാരം. ഈയൊരു പശ്ചാത്തലത്തിൽ ബുക്ക് വാല്യൂവിനേക്കാളും താഴെ വ്യാപാരം ചെയ്യപ്പെടുന്ന ഏതാനും പെന്നി സ്റ്റോക്കുകളെ പരിചയപ്പെടാം.
ഉയർന്ന വോൾട്ടേജിലുള്ള വൈദ്യുതി പ്രവാഹങ്ങളിൽ നിന്നും ഇലക്ട്രിക്കൽ പവർ സംവിധാനങ്ങളെ സംരക്ഷിക്കുന്ന ഉപകരണങ്ങളായ സർജ് അറസ്റ്റർ (Surge Arrester) നിർമാണത്തിലും റിയൽ എസ്റ്റേറ്റ് മേഖലയിലും വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാറ്റാടിപ്പാടങ്ങളിൽ നിക്ഷേപം നടത്തിയിട്ടുമുള്ള സ്മോൾ ക്യാപ് കമ്പനിയാണ് എൽപ്രോ ഇന്റർനാഷണൽ ലിമിറ്റഡ് (BSE: 504000). യുഎസ് ബഹുരാഷ്ട്ര കമ്പനിയായ ജനറൽ ഇലക്ട്രിക്കുമായി സഹകരിച്ചാണ് എൽപ്രോ ഇന്റർനാഷണൽ സ്ഥാപിച്ചത്.
അതേസമയം ഓഹരിയുടെ നിലവിലെ ബുക്ക് വാല്യൂ 119 രൂപ നിലവാരത്തിലാണ് രേഖപ്പെടുത്തുന്നത്. എൽപ്രോ ഇന്റർനാഷണൽ ഓഹരിയുടെ ഇപ്പോഴത്തെ വിപണി വിലയാകട്ടെ 87 രൂപ നിലവാരത്തിലും കുറിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കമ്പനിയുടെ വരുമാനം 60 ശതമാനവും അറ്റാദായം 130 ശതമാനം വീതം സംയോജിത വാർഷിക വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രമുഖ കോഫീ ഷോപ്പ് ശൃംഖലയായ കഫേ കോഫീ ഡേയുടെ ഉടമസ്ഥരാണ് കോഫീ ഡേ എന്റർപ്രൈസസ് ലിമിറ്റഡ് (BSE: 539436, NSE: COFFEEDAY). 1996-ൽ ബെഗംളൂരുവിലാണ് തുടക്കം. ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് മേഖലയിലും കമ്പനിക്ക് ബിസിനസ് സാന്നിധ്യമുണ്ട്. 2019-ൽ സ്ഥാപകനായ വി.ജി സിദ്ധാർത്ഥയുടെ അപ്രതീക്ഷിത വിയോഗവും കടബാധ്യതയും കാരണം ഇടക്കാലത്ത് കമ്പനി കടുത്ത പ്രതിസന്ധി നേരിട്ടു. 2020-ൽ സിദ്ധാർത്ഥയുടെ ഭാര്യ മാളവിക ഹെഗ്ഡെ കോഫീ ഡേ എന്റർപ്രൈസസിന്റെ ഭരണനേതൃത്വം ഏറ്റെടുക്കുകയും കടബാധ്യത ഗണ്യമായി കുറച്ചും തിരിച്ചുവരവിനുള്ള കഠിന ശ്രമത്തിലാണ്.
അതേസമയം ഓഹരിയുടെ നിലവിലെ ബുക്ക് വാല്യൂ 123 രൂപ നിലവാരത്തിലാണ് രേഖപ്പെടുത്തുന്നത്. കോഫീ ഡേ എന്റർപ്രൈസസ് ഓഹരിയുടെ ഇപ്പോഴത്തെ വിപണി വില 31 രൂപ നിലവാരത്തിലും കുറിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കമ്പനിയുടെ വരുമാനം 5 ശതമാനവും പ്രവർത്തനലാഭം 400 ശതമാനം വീതവും സംയോജിത വാർഷിക വളർച്ച രേഖപ്പെടുത്തി.
സി.കെ ബിർള ഗ്രൂപ്പിന്റെ ഭാഗമായ മൈക്രോ ക്യാപ് കമ്പനിയാണ് ഓറിയന്റ് പേപ്പർ & ഇൻഡസ്ട്രീസ് ലിമിറ്റഡ് (BSE: 502420, NSE: ORIENTPPR). 1936-ലാണ് കമ്പനിയുടെ തുടക്കം. പേപ്പർ നിർമാണത്തിലും വിവിധ കെമിക്കൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. സമീപ വർഷങ്ങളിൽ ഓറിയന്റ് പേപ്പർ & ഇൻഡസ്ട്രീസ് നേടുന്ന വരുമാനത്തിലും ലാഭത്തിലും അസ്ഥിരത പ്രകടമാണ്.
അതേസമയം ഓഹരിയുടെ നിലവിലെ ബുക്ക് വാല്യൂ 73 രൂപ നിലവാരത്തിലാണ് രേഖപ്പെടുത്തുന്നത്. ഓറിയന്റ് പേപ്പർ & ഇൻഡസ്ട്രീസ് ഓഹരിയുടെ ഇപ്പോഴത്തെ വിപണി വിലയാകട്ടെ 18.60 രൂപ നിലവാരത്തിലും കുറിക്കുന്നു.
ഇന്ത്യയിലെ മുൻനിര പ്രിന്റ് മീഡിയ കമ്പനിയാണ് ഹിന്ദുസ്ഥാൻ മീഡിയ വെഞ്ച്വേഴ്സ് ലിമിറ്റഡ് (BSE: 533217, NSE: HMVL). കെ.കെ ബിർള ഗ്രൂപ്പിന്റെ ഭാഗമായ എച്ച്.ടി മീഡിയ ഗ്രൂപ്പ് സംരംഭമാണിത്. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ഏറെ പ്രചാരമുള്ള ഹിന്ദുസ്ഥാൻ ദിനപത്രം പ്രസിദ്ധീകരിക്കുന്നു. കമ്പനിക്ക് പറയത്തക്ക കടബാധ്യതകളില്ല. സമീപ വർഷങ്ങളിൽ ഹിന്ദുസ്ഥാൻ മീഡിയ വെഞ്ച്വേഴ്സിന്റെ വരുമാനത്തിൽ ചാഞ്ചാട്ടവും ലാഭത്തിൽ ഇടിവും കാണാം.
അതേസമയം ഓഹരിയുടെ നിലവിലെ ബുക്ക് വാല്യൂ 211 രൂപ നിലവാരത്തിലാണ് രേഖപ്പെടുത്തുന്നത്. ഹിന്ദുസ്ഥാൻ മീഡിയ വെഞ്ച്വേഴ്സ് ഓഹരിയുടെ ഇപ്പോഴത്തെ വിപണി വില 70 രൂപ നിലവാരത്തിലും കുറിക്കുന്നു.
ചില മൈക്രോ ക്യാപ് കമ്പനികളുടെ ഓഹരികളും ബുക്ക് വാല്യൂവിനേക്കാൾ വളരെ താഴെയുള്ള നിലവാരത്തിൽ വ്യാപാരം ചെയ്യപ്പെടുന്നുണ്ട്.
അറ്റ്ലസ് സൈക്കിൾസ് (BSE: 505029, NSE: ATLASCYCLE): ഓഹരി വില - 90 രൂപ; ബുക്ക് വാല്യൂ - 590 രൂപ (കമ്പനിയുടെ പ്രവർത്തനം 2020 മുതൽ തടസ്സപ്പെട്ടിരിക്കുന്നതും നിയമ/കടം പ്രശ്നങ്ങളും പ്രതികൂല ഘടകമാണ്).
തപരിയ ടൂൾസ് (BSE: 505685): ഓഹരി വില - 19.70 രൂപ; ബുക്ക് വാല്യൂ - 269 രൂപ (ഉയർന്ന പ്രതിയോഹരി ഡിവിഡന്റ് പ്രത്യേകതയാണെങ്കിലും പൊതുയിടത്തിൽ ലഭ്യമായ ഓഹരികളുടെ അഭാവം ഇതിനെ വേറിട്ടതാക്കുന്നു.)
ഓഹരിയുടെ വിപണി വിലയേക്കാളും ഉയർന്ന ബുക്ക് വാല്യൂ ഉള്ളതുകൊണ്ട് മാത്രം അധിക സുരക്ഷിതത്വം ഉണ്ടാകുമെന്ന് കരുതരുത്. ഓഹരിയുടെ വില താഴ്ന്നുനിൽക്കാൻ വിപണിയും ഒരു കാരണം മനസ്സിലാക്കുന്നുണ്ടാകും. അതിനാൽ ഇത്തരം ഓഹരികളെ പരിഗണിക്കുമ്പോൾ വാല്യൂ ട്രാപ്പിൽ (Value Trap) അകപ്പെടുമോ എന്ന് വിശദമായി പരിശോധിക്കുക.
കാലപ്പഴക്കമുള്ള ഉപകരണം പോലെയുള്ള കാരണങ്ങളാൽ ആസ്തിയുടെ മൂല്യം ക്രമേണ താഴുന്ന അവസ്ഥ; തുടർച്ചയായി നഷ്ടവും ഉയർന്ന കടബാധ്യതയും (പലിശഭാരം) രേഖപ്പെടുത്തുന്നത്; താഴ്ന്ന ആർ.ഒ.ഇ അഥവാ ഓഹരിയിന്മേലുള്ള ആദായം എന്നിങ്ങനെയുള്ള പ്രതികൂല ഘടകങ്ങളുണ്ടോ എന്നും വിലയിരുത്തുക.
Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine