Image courtesy: Canva
Markets

വിദേശ, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ഒരുപോലെ വാങ്ങുന്ന 3 സ്മോൾ ക്യാപ് ഓഹരികൾ

വിപണിയിൽ ചാഞ്ചാട്ടം പ്രകടമാകുന്ന വേളയിൽ ഇൻ​സ്റ്റിട്യൂഷണൽ ഇൻവെ​സ്റ്റേഴ്സ് നടത്തുന്ന നിക്ഷേപങ്ങൾ, അവർക്ക് ആ ഓഹരിയിലുള്ള ആത്മവിശ്വാസത്തേയും ചൂണ്ടിക്കാണിക്കുന്നു.

Dhanam News Desk

ഏതാനും മാസങ്ങളായി സ്മോൾ ക്യാപ് വിഭാ​ഗം ഓഹരികൾ നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബർ സാമ്പത്തിക പാദത്തിൽ സ്മോൾ ക്യാപ് ഓഹരി സൂചികയിൽ തിരുത്തൽ നേരിട്ടു. നിക്ഷേപകർ ജാ​ഗ്രത പാലിക്കുന്നതിന്റെയും തെരഞ്ഞെടുത്ത ഓഹരികൾക്ക് മുൻ​ഗണന നൽകുന്നതിന്റെ ലക്ഷണമായും ഇതിനെ വായിച്ചെടുക്കാം.

അതേസമയം വൻകിട നിക്ഷേപക സ്ഥാപനങ്ങളുടെ പങ്കാളിത്തം ഒരു ഓഹരിയിൽ വർധിക്കുന്നതിനെ പോസിറ്റീവ് ലക്ഷണമായാണ് പൊതുവിൽ വിലയിരുത്താറുള്ളത്. ഈയൊരു സാഹചര്യത്തിൽ വിപണി കടുത്ത ചാഞ്ചാട്ടം പ്രകടമാക്കിയ കഴിഞ്ഞ മൂന്ന് മാസത്തിനിടെ, വിദേശ നിക്ഷേപക സ്ഥാപനങ്ങളും (എഫ്ഐഐ) ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും (ഡിഐഐ) ഒരുപോലെ പങ്കാളിത്തം വർധിപ്പിച്ച മൂന്ന് സ്മോൾ ക്യാപ് ഓഹരികളുടെ വിശദാംശങ്ങളും ഇതിന്റെ പ്രാധാന്യവും നോക്കാം.

ടൈം ടെക്നോപ്ലാ​സ്റ്റ്

വിവിധതരം പോളിമർ ഉത്പന്നങ്ങൾ നിർമിക്കുന്ന പ്രമു‌ഖ കമ്പനിയാണ് ടൈം ടെക്നോപ്ലാ​സ്റ്റ് ലിമിറ്റഡ്. അതിവേ​ഗത്തിൽ വളരുന്ന ഇൻഡസ്ട്രിയൽ പാക്കേജിങ് സൊലൂഷൻസ്, ലൈഫ്​സ്റ്റൈൽ പ്രോഡക്ടുകൾ, വാഹനാനുബന്ധ ഘടകങ്ങൾ, ഇൻഫ്രാസ്ട്രക്ചർ/ കൺസ്ട്രക്ഷൻ അനുബന്ധ ഉത്പന്നങ്ങൾ, കോമ്പസിറ്റ് സിലിണ്ട‌ർ തുടങ്ങിയ മേഖലകളിലേക്ക് ആവശ്യമുള്ള നൂതന പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് കമ്പനി വിപണിയിൽ പുറത്തിറക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ബഹറിൻ, ഈജിപ്ത്, ഇന്തൊനേഷ്യ, മലേഷ്യ, യുഎഇ, തായ്‍ലൻഡ്, വിയറ്റ്നാം, സൗദി അറേബ്യ, യുഎസ്എ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ടൈം ടെക്നോപ്ലാ​സ്റ്റിന് ബിസിനസ് പ്രവർത്തനങ്ങളുണ്ട്.

അതേസമയം ഡിസംബർ സാമ്പത്തിക പാദത്തിനിടെ വിദേശ നിക്ഷേപക സ്ഥാപനങ്ങളും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും മൂന്ന് ശതമാനത്തിലേറെ വീതം ഈ സ്മോൾ ക്യാപ് കമ്പനിയിൽ ഓഹരി വിഹിതം വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ ടൈം ടെക്നോപ്ലാ​സ്റ്റിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 11.66 ശതമാനത്തിലേക്കും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം 16.70 ശതമാനത്തിലേക്കും വർധിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 173 രൂപയിലാണ് ഈ ഓഹരിയുടെ ക്ലോസിങ് വില കുറിച്ചത്.

ജംമ്ന ഓട്ടോ ഇൻഡസ്ട്രീസ്

വാഹനാനുബന്ധ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര കമ്പനികളിലൊന്നാണ് ജംമ്ന ഓട്ടോ ഇൻഡസ്ട്രീസ് ലിമിറ്റഡ്. വാണിജ്യ വാഹനങ്ങൾക്കുള്ള സസ്പെൻഷൻ സംവിധാനങ്ങൾ നിർമിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയുമാണിത്. വാഹന നിർമാണ കമ്പനികൾ, സ്പെയർപാർട്ട്സ് വിപണി, വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി എന്നിവ കേന്ദ്രീകരിച്ചാണ് ജംമ്ന ഓട്ടോ ഇൻഡസ്ട്രീസിന്റെ മുഖ്യ ബിസിനസ് പ്രവർത്തനങ്ങൾ. നിലവിൽ കമ്പനിക്ക് പറയത്തക്ക കടബാധ്യതകളില്ല എന്നതും ശ്രദ്ധേയം.

അതേസമയം ഇക്കഴിഞ്ഞ ഡിസംബർ പാ​ദത്തിനിടെ ജംമ്ന ഓട്ടോ ഇൻഡസ്ട്രീസിലുള്ള വൻകിട നിക്ഷേപകരായ എഫ്ഐഐ, ഡിഐഐ എന്നിവയുടെ ഓഹരി പങ്കാളിത്തം വർധിച്ചിട്ടുണ്ട്. ഇതിൽ എഫ്ഐഐയുടെ ഓഹരി വിഹിതം 2.83 ശതമാനം വർധിച്ച് 5.20 ശതമാനത്തിലേക്ക് എത്തിച്ചേർന്നു. സമാനമായി ഡിഐഐയുടെ ഓഹരി വിഹിതം 1.03 ശതമാനം കൂടി 8.07 ശതമാനത്തിലേക്കും ഉയർന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 116 രൂപയിലാണ് ജംമ്ന ഓട്ടോ ഇൻഡസ്ട്രീസ് ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്.

ലേറ്റന്റ് വ്യൂ അനലിറ്റിക്സ്

ഐടി അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര കമ്പനിയാണ് ലേറ്റന്റ് വ്യൂ അനലിറ്റിക്സ് ലിമിറ്റഡ്. ടെക്നോളജി, ബാങ്കിം​ഗ്, ഫിനാൻസ്, റീട്ടെയിൽ, ഇൻഡസ്ട്രിയൽ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഡേറ്റ & അനലിറ്റിക്സ് കൺസൾട്ടിങ്, ബിസിനസ് അനലിറ്റിക്സ് & ഇൻസൈറ്റ്സ്, ഡേറ്റ എൻജിനീയറിങ്, അഡ്വാൻസ്ഡ് പ്രഡിക്ടീവ് അനലിറ്റിക്സ് എന്നിങ്ങനെയുള്ള വിവിധ സേവനങ്ങളാണ് ഈ കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്.

അതേസമയം ഡിസംബർ സാമ്പത്തിക പാദത്തിനിടെ ലേറ്റന്റ് വ്യൂ അനലിറ്റിക്സിലുള്ള വിദേശ നിക്ഷേപക സ്ഥാപനങ്ങളുടേയും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടേയും ഓഹരി വിഹത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വിദേശ നിക്ഷേപകരുടെ ഈ കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം 3.72 ശതമാനത്തിലേക്കും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി വിഹിതം 4.2 ശതമാനത്തിലേക്കും വർധിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 392 രൂപയിലാണ് ലേറ്റന്റ് വ്യൂ അനലിറ്റിക്സ് ഓഹരിയുടെ ക്ലോസിങ് വില കുറിച്ചത്.

നിക്ഷേപകർ എന്ത് മനസ്സിലാക്കണം?

ആഭ്യന്തര, വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഒരേസമയം താത്പര്യം പ്രകടമാക്കുന്ന ഓഹരികളെ പ്രത്യേകം ശ്രദ്ധിക്കാവുന്നതാണ്. കാരണം ശതകോടികളാണ് നിക്ഷേപിക്കുന്നത് എന്നതിനാലും താരതമ്യേന ദീർഘകാലയളവിലേക്കാണ് മുതൽമുടക്ക് എന്നതിനാലും മികച്ച ബിസിനസ് തന്ത്രങ്ങളും വരുമാന വളർച്ചയും രേഖപ്പെടുത്തുന്ന കമ്പനികളെയാകും ഇത്തരത്തിലുള്ള വൻകിട നിക്ഷേപകർ ലക്ഷ്യംവെക്കുന്നത്. വിപണിയിൽ ചാഞ്ചാട്ടം പ്രകടമാകുന്ന വേളയിൽ നടത്തുന്ന നിക്ഷേപങ്ങൾ, അവർക്ക് ആ ഓഹരിയിലുള്ള ആത്മവിശ്വാസത്തേയും ചൂണ്ടിക്കാണിക്കുന്നു. അതേസമയം നിക്ഷേപക സ്ഥാപനങ്ങൾ വാങ്ങുന്നതുകൊണ്ട് മാത്രം അത്തരം ഓഹരികളെ കണ്ണുംപൂട്ടി വിശ്വസിക്കേണ്ടതുമില്ല. കമ്പനിയേയും ബിസിനസിനേയും കുറിച്ച് ആഴത്തിൽ വിശകലനം ചെയ്യുക.

Disclaimer:

മേൽസൂചിപ്പിച്ച സ്മോൾ ക്യാപ് ഓഹരികളെ കുറിച്ചുള്ള വിവരം പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഓഹരി നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കമ്പനിയെ കുറിച്ച് കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ സേവനം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT