Markets

സീറോധയ്ക്ക് വമ്പന്‍ തിരിച്ചടി; രണ്ടാം സ്ഥാനം പിടിച്ചെടുത്ത് ഏയ്ഞ്ചല്‍ വണ്‍, ഒന്നാമന്‍ ആര്?

ഒക്ടോബറില്‍ 2.43 ലക്ഷം സജീവ നിക്ഷേപകരെ പുതുതായി കൂട്ടിച്ചേര്‍ത്ത ഏയ്ഞ്ചല്‍ വണ്ണിന് 69.98 ലക്ഷം ഉപയോക്താക്കള്‍

Dhanam News Desk

ഇന്ത്യയിലെ ഓണ്‍ലൈന്‍ ഓഹരി ബ്രോക്കിംഗ് രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ഒക്ടോബര്‍. പ്രമുഖ ബ്രോക്കിംഗ് സ്ഥാപനമായ സീറോധയെ (Zerodha) മറികടന്ന് ഏയ്ഞ്ചല്‍ വണ്‍ (Angel One) രാജ്യത്തെ രണ്ടാമത്തെ വലിയ ഓഹരി ബ്രോക്കറായി മാറി. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഒക്ടോബര്‍ മാസത്തെ കണക്കിലാണിത്. ഗ്രോ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ഒക്ടോബര്‍ അവസാനം വരെ ഏയ്ഞ്ചല്‍ വണ്ണിന് 69.98 ലക്ഷം സജീവ നിക്ഷേപകരുണ്ട്. സീറോധയ്ക്ക് 67.60 ലക്ഷം നിക്ഷേപകരാണുള്ളത്. ഒക്ടോബറില്‍ മാത്രം ഏയ്ഞ്ചല്‍ വണ്ണിലേക്ക് 2.43 ലക്ഷം പുതിയ നിക്ഷേപകര്‍ എത്തി. 1.37 കോടി സജീവ നിക്ഷേപകരുമായി ഗ്രോയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

രാജ്യത്തെ മൂന്ന് മുന്‍നിര ഡിസ്‌കൗണ്ട് ബ്രോക്കിംഗ് സ്ഥാപനങ്ങളുടെ റാങ്കിംഗില്‍ മൂന്ന് വര്‍ഷത്തിനിടെ സംഭവിക്കുന്ന ആദ്യ മാറ്റമാണിത്. 2023 ഒക്ടോബറിലാണ് സീറോധയെ മറികടന്ന് ഗ്രോ ഒന്നാം സ്ഥാനത്തെത്തിയത്. അതിനുശേഷം ഗ്രോ ഒന്നാം സ്ഥാനത്തും സീറോധ രണ്ടാം സ്ഥാനത്തും ഏയ്ഞ്ചല്‍ വണ്‍ മൂന്നാം സ്ഥാനത്തുമായിരുന്നു.

സെപ്റ്റംബര്‍ അവസാനത്തില്‍ സീറോധയ്ക്ക് 67.92 ലക്ഷം സജീവ നിക്ഷേപകരും ഏയ്ഞ്ചല്‍ വണ്ണിന് 67.56 ലക്ഷം പേരുമാണുണ്ടായിരുന്നത്. ഇരു കമ്പനികളും തമ്മിലുള്ള വ്യത്യാസം ഏകദേശം 36,000 മാത്രമായിരുന്നു. എന്നാല്‍ ഒക്ടോബറില്‍ ഏയ്ഞ്ചല്‍ വണ്‍ നിക്ഷേപകരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചതോടെ സീറോധ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഗ്രോയുടെ ആധിപത്യം തുടരുന്നു

ഓഹരി ബ്രോക്കിംഗ് രംഗത്ത് ഗ്രോയുടെ മുന്നേറ്റം തുടരുകയാണ്. സെപ്റ്റംബര്‍ അവസാനത്തില്‍ 1.34 കോടി സജീവ നിക്ഷേപകരുണ്ടായിരുന്ന ഗ്രോ ഒക്ടോബറില്‍ ഇത് 1.37 കോടിയായി ഉയര്‍ത്തി. എന്‍എസ്ഇയിലെ സജീവ നിക്ഷേപകരില്‍ ഏകദേശം 29 ശതമാനം പേരും സെപ്റ്റംബറില്‍ ഗ്രോയുടെ ഉപയോക്താക്കളായിരുന്നു. മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്കിടയിലെ ശക്തമായ സാന്നിധ്യമാണ് ഗ്രോയുടെ വളര്‍ച്ചയ്ക്ക് പ്രധാന പിന്തുണയായത്.

എന്‍എസ്ഇയുടെ കണക്കനുസരിച്ച് കഴിഞ്ഞ 12 മാസത്തിനിടെ ഒരു തവണയെങ്കിലും എക്സ്ചേഞ്ചില്‍ വ്യാപാരം നടത്തിയവരെയാണ് സജീവ നിക്ഷേപകരായി പരിഗണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സജീവ നിക്ഷേപകരുടെ എണ്ണത്തില്‍ വലിയ ഇടിവ് നേരിട്ട കമ്പനിയാണ് ഏയ്ഞ്ചല്‍ വണ്‍. 2025ല്‍ കമ്പനിക്ക് ഏകദേശം 10 ലക്ഷം സജീവ നിക്ഷേപകരെ നഷ്ടപ്പെട്ടിരുന്നു. ഇതേ കാലയളവില്‍ സീറോധയുടെ സജീവ നിക്ഷേപകരുടെ എണ്ണത്തിലും ഏകദേശം 11 ലക്ഷത്തിന്റെ കുറവുണ്ടായി.

ഓഹരി വിപണിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മികച്ച നേട്ടം ലഭിക്കാത്തതും ചെറുകിട നിക്ഷേപകരുടെ വ്യാപാര താല്‍പ്പര്യം കുറഞ്ഞതുമാണ് ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായത്.

പുതിയ മേഖലകളിലേക്ക് ബ്രോക്കിംഗ് കമ്പനികള്‍

പരമ്പരാഗത ഓഹരി വ്യാപാരത്തെ മാത്രം ആശ്രയിക്കുന്നതിനു പകരം പുതിയ വരുമാന മാര്‍ഗങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് ബ്രോക്കിംഗ് സ്ഥാപനങ്ങള്‍. കോര്‍പറേറ്റ് ബോണ്ടുകള്‍, ഗിഫ്റ്റ് സിറ്റി വഴി അമേരിക്കന്‍ ഓഹരി വിപണിയിലുള്‍പ്പെടെയുള്ള വിദേശ നിക്ഷേപ അവസരങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്കാണ് കമ്പനികള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT