ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ആഗോള സമ്പദ്‍വ്യവസ്ഥയേയും ഓഹരി വിപണികളേയും എത്ര വേഗത്തിൽ മാറ്റിമറിക്കുകയാണെന്നതിന്റെ നേർസാക്ഷ്യമാണ്, ഐപിഒയ്ക്ക് ഒരുങ്ങുന്ന ആന്ത്രോപിക്കിന്റെ 1.5 ട്രില്യൺ ഡോളർ (1,39,87,500 കോടി രൂപ) വിപണിമൂല്യം. കമ്പനി രൂപീകരിച്ച് വെറും അഞ്ച് വർഷം തികയുന്നതിന് മുൻപേ യു.എസിലെ ഈ എഐ കമ്പനി കൈവരിച്ച മൂല്യം, ഇന്ത്യയിലെ മുൻനിര 10 ലിസ്റ്റഡ് കമ്പനികളുടെ മൊത്തം വിപണി മൂല്യത്തേക്കാൾ കൂടുതലാണ്. ഇതോടെ, ആഗോള എഐ വിപ്ലവത്തിന്റെ സാമ്പത്തിക നേട്ടത്തിൽ ഇന്ത്യൻ കോർപറേറ്റുകൾ പിന്നിലാണോ എന്ന ചർച്ചയ്ക്കും ബിസിനസ് ലോകത്ത് ചൂടുപിടിച്ചിരിക്കുകയാണ്.
ആന്ത്രോപിക്കിന്റെ മൂല്യനിർണയത്തെ മുൻനിർത്തി കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകൻ ഉദയ് കോട്ടക് ഉയർത്തിയ ചോദ്യമാണ് ഈ ചർച്ചയ്ക്ക് ആക്കം കൂട്ടിയത്. ഇന്ത്യൻ കമ്പനികൾക്ക് വിപണി അർഹിക്കുന്ന മൂല്യം നൽകുന്നില്ലേ, അതോ പുതിയ എഐ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയ്ക്കൊപ്പം വളരാൻ നമുക്ക് കഴിയുന്നില്ലേ എന്നായിരുന്നു എക്സിലെ അദ്ദേഹത്തിന്റെ ചോദ്യം. രണ്ടും ഒരേസമയം സംഭവിക്കുന്നുണ്ടാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
എഐ മേഖലയിലെ നിക്ഷേപങ്ങൾക്കായി ഉപയോഗിക്കുന്ന കടബാധ്യത ചില കമ്പനികളുടെ മൂല്യനിർണയത്തിൽ അമിതവളർച്ച സൃഷ്ടിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് നവംബർ അഞ്ചിന് ഉദയ് കോട്ടക് പങ്കുവെച്ചിരുന്നു. അതിനാൽ, ആന്ത്രോപിക്കിന്റെ മൂല്യം ന്യായമാണോ എന്നതിലുപരി ആഗോള എഐ മത്സരത്തിൽ ഇന്ത്യയുടെ സ്ഥാനം എന്താണെന്നതാണ് അദ്ദേഹത്തിന്റെ പുതിയ ചോദ്യം ഉയർത്തുന്ന പ്രധാന വിഷയം.
ക്ലോഡ് എഐ മോഡലുകളുടെ നിർമാതാക്കളായ ആന്ത്രോപിക്, നവംബർ 19ന് നാസ്ഡാക്കിൽ ‘ANT’ എന്ന ടിക്കറിൽ വ്യാപാരം ആരംഭിക്കും. ഓഹരിയൊന്നിന് 83 ഡോളറാണ് ഐപിഒയിലെ ഇഷ്യൂ വില. ഇതുപ്രകാരം ആന്ത്രോപിക് കമ്പനിയുടെ വിപണിമൂല്യം ഏകദേശം 1.5 ട്രില്യൺ അഥവാ 1.5 ലക്ഷം ഡോളറിലെത്തി. 81.3 ബില്യൺ ഡോളറിന്റെ (ഏകദേശം 7,58,000 കോടി രൂപ) പൊതുഓഹരി വിൽപ്പനയ്ക്കൊപ്പം (ഐപിഒ) 26 ബില്യൺ ഡോളറിന്റെ സ്വകാര്യ നിക്ഷേപവും ചേർന്നതോടെ മൊത്തം വിഭവ സമാഹരണം 107.3 ബില്യൺ ഡോളറായി (ഏകദേശം 10 ലക്ഷം കോടി രൂപ). ഐപിഒയിലൂടെ സമാഹരിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വിൽപ്പനയാണിത്.
മെയ് മാസത്തിലെ സ്വകാര്യ നിക്ഷേപ ഘട്ടത്തിൽ, 965 ബില്യൺ ഡോളറായിരുന്ന മൂല്യമാണ് ഇപ്പോൾ കുതിച്ചുയർന്നത്. ആഗോള കമ്പനികളിൽ വിപണിമൂല്യത്തിൽ പന്ത്രണ്ടാം സ്ഥാനത്താണ് ആന്ത്രോപിക്. എലോൺ മസ്കിന്റെ ടെസ്‌ലയ്ക്ക് തൊട്ടുപിന്നിലായുണ്ട്.
റിലയൻസ് ഇൻഡസ്ട്രീസ്, ജിയോ പ്ലാറ്റ്‌ഫോംസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, എസ്ബിഐ തുടങ്ങിയവയാണ് ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമേറിയ കമ്പനികളുടെ പട്ടികയിൽ മുന്നിലുള്ളത്. ബാങ്കിങ്, ടെലികോം, ഊർജം, ഐടി സേവനങ്ങൾ തുടങ്ങിയ മേഖലകളിലാണ് ഇന്ത്യൻ ഓഹരി വിപണിയുടെ മൂല്യത്തിന്റെ വലിയൊരു ഭാഗവും കേന്ദ്രീകരിക്കുന്നത്.
അതേസമയം, എഐ മോഡലുകളും അവയെ അടിസ്ഥാനമാക്കിയുള്ള എന്റർപ്രൈസ് സോഫ്റ്റ്‌വെയറും കോഡിങ് സേവനങ്ങളും പുതിയൊരു ആഗോള ബിസിനസ് സാധ്യത തുറക്കുന്നു. എഎംഡി, ബ്രോഡ്കോം, ഗൂഗിൾ, മൈക്രോസോഫ്റ്റ്, എൻവിഡിയ തുടങ്ങിയ പ്രമുഖ കമ്പനികൾ ആന്ത്രോപിക്കിന്റെ സ്വകാര്യ നിക്ഷേപത്തിലും പങ്കാളികളായി.
ഇന്ത്യൻ കമ്പനികൾക്ക് മൂല്യം കുറവാണെന്ന നിഗമനത്തിലേക്ക് മാത്രം ഉദയ് കോട്ടക്കിന്റെ ചോദ്യം ചുരുക്കാനാവില്ല. എഐ സൃഷ്ടിക്കുന്ന പുതിയ സമ്പത്ത് ആരാണ് സ്വന്തമാക്കുന്നത്, അതിൽ ഇന്ത്യൻ കമ്പനികൾക്ക് എത്രത്തോളം പങ്കാളിത്തമുണ്ട് എന്നതാണ് നിർണായകം. പരമ്പരാഗത ബിസിനസുകളുടെ സ്ഥിരമായ വരുമാനത്തിനപ്പുറം പുതിയ സാങ്കേതികവിദ്യകളിൽ ആഗോളതലത്തിൽ മത്സരിക്കാനുള്ള ശേഷി കെട്ടിപ്പടുക്കാനാകുമോ എന്നതും ഇന്ത്യൻ കോർപറേറ്റുകൾക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്.
The rising valuations of global AI businesses have renewed debate over whether Indian companies are capturing enough value from the AI-driven economy.
Read DhanamOnline in English
Subscribe to Dhanam Magazine