Markets

ഏഴാം ശ്രമത്തില്‍ ചരിത്രം കുറിച്ച് ആപ്പിള്‍; ആദ്യമായി $5 ട്രില്യണിന് മുകളില്‍ ക്ലോസിംഗ്, കരുത്തായി HomeView ലോഞ്ചും

മുമ്പ് ആറുതവണ വ്യാപാരത്തിനിടെ ആപ്പിളിന്റെ വിപണിമൂല്യം 5 ട്രില്യണ്‍ ഡോളര്‍ കടന്നിരുന്നെങ്കിലും വ്യാപാരാന്ത്യം വരെ ആ നില തുടരാനായിരുന്നില്ല

Dhanam News Desk

വിപണിമൂല്യത്തില്‍ പുതിയ ചരിത്രമെഴുതി ആപ്പിള്‍. ചരിത്രത്തിലാദ്യമായി 5 ട്രില്യണ്‍ ഡോളറിന് മുകളില്‍ ക്ലോസിംഗ് ചെയ്യാന്‍ ആപ്പിളിനായി. ആദ്യമായി ഈ നാഴികക്കല്ല് പിന്നിട്ടത് ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ ആണ്. നേട്ടം കൈവരിക്കുന്ന ലോകത്തെ രണ്ടാമത്തെ കമ്പനിയാണ് ആപ്പിള്‍. ബുധനാഴ്ചത്തെ വ്യാപാരദിനത്തിലായിരുന്നു ചരിത്രത്തിലേക്കുള്ള ക്ലോസിംഗ്.

മുമ്പ് ആറുതവണ വ്യാപാരത്തിനിടെ ആപ്പിളിന്റെ വിപണിമൂല്യം 5 ട്രില്യണ്‍ ഡോളര്‍ കടന്നിരുന്നെങ്കിലും വ്യാപാരാന്ത്യം വരെ ആ നില തുടരാനായിരുന്നില്ല. ഏഴാമത്തെ തവണയാണ് അത് സാധ്യമായത്. ഡൗ ജോണ്‍സ് മാര്‍ക്കറ്റ് ഡാറ്റ പ്രകാരം ബുധനാഴ്ചത്തെ ക്ലോസിംഗില്‍ കമ്പനിയുടെ വിപണിമൂല്യം 5.005 ട്രില്യണ്‍ ഡോളറായിരുന്നു.

സ്മാര്‍ട്ട് ഹോം ഉപകരണങ്ങളുടെ പുതിയ നിര അവതരിപ്പിച്ചതിനാണ് ആപ്പിളിന്റെ വിപണിമൂല്യം ഉയര്‍ത്തിയത്. വീടുകളിലെ ഉപകരണങ്ങളെ ഒരുമിപ്പിച്ച് നിയന്ത്രിക്കാന്‍ സഹായിക്കുന്ന 'ഹോംവ്യൂ' ഹബ്ബാണ് പുതിയ ഉല്‍പന്നനിരയിലെ പ്രധാന ആകര്‍ഷണം.

ആമസോണിനും ഗൂഗിളിനും വെല്ലുവിളി

ആമസോണും ഗൂഗിളും ശക്തമായ സാന്നിധ്യമുള്ള സ്മാര്‍ട്ട് ഹോം വിപണിയില്‍ കൂടുതല്‍ പങ്കാളിത്തം നേടുകയാണ് ആപ്പിളിന്റെ ലക്ഷ്യം. ഐഫോണിന് പുറത്തേക്ക് ഉല്‍പന്നനിര വിപുലീകരിക്കുന്നതിനൊപ്പം ആപ്പിളിന്റെ ഉപകരണങ്ങളും സേവനങ്ങളും കൂടുതല്‍ ഉപയോഗിക്കുന്നതിലേക്ക് എത്തിക്കാനും പുതിയ നീക്കം സഹായിച്ചേക്കും.

ടെക് ഓഹരികള്‍ വീണപ്പോഴും മുന്നേറ്റം

അമേരിക്കന്‍ ടെക്നോളജി ഓഹരികള്‍ കനത്ത വില്‍പന സമ്മര്‍ദം നേരിട്ട ദിവസമാണ് ആപ്പിളിന്റെ നേട്ടമെന്നത് ശ്രദ്ധേയമാണ്. ആപ്പിള്‍ ഈ വര്‍ഷം ഇതുവരെ ഓഹരിവിലയില്‍ ഏകദേശം 26 ശതമാനം മുന്നേറ്റമുണ്ടായി. ഇതേ കാലയളവില്‍ എസ്ആന്‍ഡ്പി 500 സൂചികയുടെ നേട്ടം ഏകദേശം 13 ശതമാനം മാത്രമാണ്. മറ്റ് വന്‍കിട ടെക് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ എഐ അടിസ്ഥാനസൗകര്യങ്ങളില്‍ നിയന്ത്രിതമായി പണം ചെലവഴിക്കുന്നതാണ് ആപ്പിളിന്റെ ശൈലി.

എന്‍വിഡിയയെ മറികടക്കുമോ ആപ്പിള്‍?

ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന പദവിക്കായി എന്‍വിഡിയയുമായുള്ള അകലം കുറയ്ക്കാന്‍ ആപ്പിളിന് സാധിച്ചിട്ടുണ്ട്. എന്‍വിഡിയയുടെ വിപണിമൂല്യം 5.3 ട്രില്യണ്‍ ഡോളര്‍ പരിസരത്താണ്. നിര്‍മിതബുദ്ധി മേഖലയിലെ നിക്ഷേപം പ്രതീക്ഷിച്ചതുപോലെ മുന്നോട്ടുപോയാല്‍ എന്‍വിഡിയയുടെ വളര്‍ച്ച മറികടക്കുക ആപ്പിളിന് പ്രയാസമാകും. എന്നാല്‍ എഐ ബൂം വീണാല്‍ അത് ആപ്പിളിന് ഗുണം ചെയ്യും.

കഴിഞ്ഞ 12 മാസത്തെ ആപ്പിളിന്റെ മൂലധനച്ചെലവ് ഏകദേശം 1,000 കോടി ഡോളറാണ്. ചില വന്‍കിട എഐ അടിസ്ഥാനസൗകര്യ കമ്പനികളുടെ ഈ വര്‍ഷത്തെ ചെലവ് 20,000 കോടി ഡോളറോ അതിലധികമോ ആണ്. അമിതമായി എഐയ്ക്കായി പണം ചെലവഴിക്കാത്ത ശൈലി തന്നെ ആപ്പിള്‍ തുടരുമെന്നാണ് വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT