പ്രതീകാത്മക ചിത്രം Image Source: Canva/ardeeindustries.com
Markets

ഓഹരിയുടെ വില ₹53; ആർഡി ഇൻഡസ്ട്രീസ് ഐ.പി.ഒയിൽ ലിസ്റ്റിംഗ് നേട്ടം കിട്ടുമോ? ദീർഘകാല നിക്ഷേപത്തിനും അനുയോജ്യമോ?

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി അതിവേഗത്തിലുള്ള ബിസിനസ് വളർച്ചയാണ് ആർഡി ഇൻഡസ്ട്രീസ് കാഴ്ചവെക്കുന്നത്

Pintu Prakash

ലെഡ് റീസൈക്ലിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ആർഡി ഇൻഡസ്ട്രീസിന്റെ ഐ.പി.ഒ ഓഗസ്റ്റ് 5-ന് ആരംഭിക്കുന്നു. ₹50-₹53 പ്രൈസ് ബാൻഡിൽ 426 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. ശക്തമായ വരുമാന-ലാഭ വളർച്ച, ഗ്രീൻ ഇക്കോണമി സാധ്യതകൾ, 20-ൽ താഴെയുള്ള പി.ഇ അനുപാതം എന്നിവ കാരണം ലിസ്റ്റിംഗ് നേട്ടത്തിനും ദീർഘകാല നിക്ഷേപത്തിനും അനുയോജ്യമെന്ന് റിസർച്ച് അനലിസ്റ്റ് പി. സനൽ വിലയിരുത്തുന്നു.

രാജ്യത്തെ സർക്കുലർ ഇക്കോണമി, ലെഡ് റീസൈക്ലിംഗ് മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയായ ആർഡി ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (Ardee Industries Limited) പ്രാരംഭ പൊതുഓഹരി വിൽപന (IPO) ബുധനാഴ്ച (2026 ഓഗസ്റ്റ് 5) ആരംഭിക്കുന്നു. ആന്ധ്രാപ്രദേശിലെ തിരുപ്പതി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സ്മോൾ ക്യാപ് കമ്പനി, വൻ സാമ്പത്തിക വളർച്ചയും പരിസ്ഥിതി സൗഹൃദ ബിസിനസ് സാധ്യതകളും മുന്നിൽ നിർത്തിയാണ് മൂലധന വിപണിയിലേക്ക് എത്തുന്നത്.

ആർഡി ഇൻഡസ്ട്രീസ് ഐ.പി.ഒയിൽ നിക്ഷേപകർ എന്ത് നിലപാട് സ്വീകരിക്കണമെന്ന് സെബി അം​ഗീകൃത റിസർച്ച് അനലി​സ്റ്റ് പി. സനൽ (SEBI Reg No: INH000022880) വിശദീകരിക്കുന്നതും അറിയാം.

കമ്പനിയുടെ ബിസിനസ്

1993-ൽ പ്രവർത്തനം ആരംഭിച്ച ആർഡി ഇൻഡസ്ട്രീസ്, ഉപയോഗശൂന്യമായ ബാറ്ററികളും നോൺ-ഫെറസ് സ്ക്രാപ്പുകളും റീസൈക്കിൾ ചെയ്ത് ശുദ്ധമായ ലെഡ് (Lead), പ്രത്യേക തരം ലെഡ് അലോയ്കൾ എന്നിവ വേർതിരിച്ചെടുക്കുന്നു. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുള്ള പ്ലാന്റിന് 1,04,025 മെട്രിക് ടൺ വാർഷിക ഉത്പാദന ശേഷിയാണുള്ളത്.

ഇന്ത്യയിലെ പ്രമുഖ ബാറ്ററി, കെമിക്കൽ കമ്പനികൾക്ക് പുറമെ യു.എസ്, ജപ്പാൻ, യു.എ.ഇ, ദക്ഷിണ കൊറിയ, സ്വിറ്റ്സർലാൻഡ് ഉൾപ്പെടെ അരഡസനിലേറെ വിദേശ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. ഐ.പി.ഒയിൽ നിശ്ചയിച്ചിട്ടുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് അടിസ്ഥാനമാക്കിയാൽ ആർഡി ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം (Market Cap) 1,670.57 കോടി രൂപയാണ്.

ഐ.പി.ഒ വിശ​ദാംശങ്ങൾ ഒറ്റനോട്ടത്തിൽ

പ്രാഥമിക വിപണിയിൽ (Primary Market) നിന്നും ആകെ 426 കോടി രൂപ ഐ.പി.ഒ മുഖേന സമാഹരിക്കാനാണ് ആർഡി ഇൻഡസ്ട്രീസ് ലക്ഷ്യമിടുന്നത്. ഇതിൽ 320 കോടി രൂപയുടെ പുതിയ ഓഹരികൾ അനുവദിക്കുന്നതും (Fresh Issue) പ്രൊമോട്ടർമാരുടെ കൈവശമുള്ള 106 കോടി രൂപ മൂല്യം വരുന്ന ഓഹരികളുടെ കൈമാറ്റവും (OFS) ഉൾപ്പെടുന്നു.

  • പ്രൈസ് ബാൻഡ്: ₹50 - ₹53 (ഓഹരിയൊന്നിന്)

  • സമാഹരിക്കുന്ന തുക: ₹426 കോടി (ഫ്രഷ് ഇഷ്യൂ: ₹320 കോടി, ഒ.എഫ്.എസ്: ₹106 കോടി)

  • ലോട്ട് സൈസ്: 281 ഓഹരികൾ (കുറഞ്ഞ നിക്ഷേപം: ₹14,893)

  • സബ്സ്ക്രിപ്ഷൻ തീയതി: ഓഗസ്റ്റ് 5 - ഓഗസ്റ്റ് 7

  • അലോട്ട്മെന്റ് തീയതി: ഓഗസ്റ്റ് 10

  • ലിസ്റ്റിംഗ് തീയതി: ഓഗസ്റ്റ് 12, 2026 (ബി.എസ്.ഇ & എൻ.എസ്.ഇ)

ഐ.പി.ഒ വഴി ലഭിക്കുന്ന പുതിയ മൂലധനത്തിൽ നിന്നും 220 കോടി രൂപ പ്രവർത്തന മൂലധനത്തിലേക്കും (Working Capital) 20 കോടി രൂപ ഉപയോ​ഗപ്പെടുത്തി നിലവിലെ വായ്പകളിലെ ഒരുഭാ​ഗം തിരിച്ചടയ്ക്കാനുമാണ് കമ്പനി വിനിയോഗിക്കുക.

പ്രവർത്തന ഫലം: FY24–FY26
പ്രവർത്തന ഫലംFY24FY25FY26
ആകെ വരുമാനം (Revenue)₹463.39₹743.53₹1,168.88
അറ്റാദായം (PAT)₹8.95₹33.27₹84.68
പ്രവർത്തനലാഭ മാർജിൻ (EBITDA Margin)8.88%-12.60%
കുറിപ്പ്: വരുമാനവും അറ്റാദായവും ₹ കോടിയിൽ.

സാമ്പത്തിക പ്രകടനം

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി അതിവേഗത്തിലുള്ള ബിസിനസ് വളർച്ചയാണ് ആർഡി ഇൻഡസ്ട്രീസ് കാഴ്ചവെക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം ആർഡി ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിൽ 155 ശതമാനവും വരുമാനത്തിൽ 58.81 ശതമാനം വീതവും സംയോജിത വാർഷിക വളർച്ചയാണ് (CAGR) രേഖപ്പെടുത്തിയത്. കടം-ഓഹരി അനുപാതം 2.65-ൽ നിന്ന് 1.25 ആയി കുറയ്ക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം, ഇൻസൈറ്റിൽ അനലി​സ്റ്റ് പി. സനൽ.

വിദഗ്ദ്ധ അഭിപ്രായം

ആർഡി ഇൻഡസ്ട്രീസ് ഐ.പി.ഒയെ ലിസ്റ്റിംഗ് നേട്ടത്തിനും ദീർഘകാല നിക്ഷേപത്തിനും ഒരുപോലെ അനുയോജ്യമായ അവസരമായാണ് വിലയിരുത്തുന്നതെന്ന് സെബി രജിസ്റ്റേർഡ് റിസർച്ച് അനലിസ്റ്റ് പി. സനൽ ധനം ഓൺലൈനോട് പറഞ്ഞു. ഹരിതോർജ്ജത്തിലേക്ക് മാറുന്ന (Green Energy Transition) ഈ കാലഘട്ടത്തിൽ റീസൈക്ലിംഗ് മേഖല രാജ്യത്തിന്റെ വിഭവ സുരക്ഷയ്ക്ക് ഏറെ നിർണായകമാണ്. സമാഹരിക്കുന്ന തുകയുടെ 90 ശതമാനവും പ്രവർത്തന മൂലധനത്തിലേക്ക് വകയിരുത്തുന്നത് വരും വർഷങ്ങളിൽ കമ്പനിയുടെ വിപണി വിഹിതവും വരുമാനവും വലിയ തോതിൽ വർധിപ്പിക്കാൻ സഹായിക്കുമെന്നും അനലി​സ്റ്റ് പറഞ്ഞു.

നിലവിൽ ഗ്രേ മാർക്കറ്റിൽ 14.15 ശതമാനം പ്രീമിയം (GMP) ആണ് ആർഡി ഇൻഡസ്ട്രീസ് ഐ.പി.ഒയിൽ രേഖപ്പെടുത്തുന്നത് ഹ്രസ്വകാല ലിസ്റ്റിംഗ് നേട്ടം ലഭിച്ചേക്കാം എന്ന സൂചന നൽകുന്നുണ്ട്. അതുപോലെ 53 രൂപ എന്ന അപ്പർ പ്രൈസ് ബാൻഡിൽ ഐ.പി.ഒയ്ക്ക് ശേഷമുള്ള പി.ഇ അനുപാതം (PE Ratio) 19.7 മടങ്ങിലാണുള്ളത്. 155 ശതമാനം ലാഭ വർധനവ് കാണിക്കുന്ന ഒരു കമ്പനിക്ക് 20-ൽ താഴെയുള്ള പി.ഇ അനുപാതം ന്യായമായ വാല്യുവേഷനായാണ് വിലയിരുത്തപ്പെടുന്നത്.

മെറ്റൽ വിലയിലെ ചാഞ്ചാട്ടങ്ങൾ ബിസിനസിനെ ബാധിക്കാമെങ്കിലും ലണ്ടൻ മെറ്റൽ എക്സ്ചേഞ്ച് (LME) അധിഷ്ഠിത ഹെഡ്ജിംഗ് സംവിധാനം വഴി കമ്പനി ഈ റിസ്ക് സാധ്യതകൾ ലഘൂകരിക്കുന്നുണ്ട്. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെയും യു.പി.എസ്/ബാറ്ററി മേഖലകളുടെയും വളർച്ച മുൻനിർത്തുമ്പോൾ ആർഡി ഇൻഡസ്ട്രീസ് ദീർഘകാലത്തേക്ക് മികച്ചൊരു ഗ്രീൻ-ഇക്കോണമി പോർട്ട്ഫോളിയോ ഓഹരിയാകാൻ സാധ്യതയേറെയാണെന്നും പി. സനൽ പറഞ്ഞു.

(Disclaimer: പി. സനൽ, സെബി രജിസ്റ്റേർഡ് റിസർച്ച് അനലിസ്റ്റ് (Reg No: INH000022880) ആണ്. ഈ ലേഖനത്തിൽ ഐ.പി.ഒയെ/ഓഹരിയെ സംബന്ധിച്ച് പ്രതിപാദിച്ചിട്ടുള്ള വിവരങ്ങളും വിശകലനങ്ങളും പൂർണമായും പഠനാവശ്യാ‍ർത്ഥം പങ്കുവെച്ചതാണ്. ഇത് നിർദ്ദിഷ്ട ഐപിഒ/ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നേരിട്ടുള്ള ശുപാർശയല്ല. ഓഹരി നിക്ഷേപം വിപണിയിലെ ലാഭനഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനങ്ങൾ നടത്തുകയോ നിങ്ങളുടെ ഫിനാൻഷ്യൽ അഡ്വൈസറുമായി ആലോചിക്കുകയോ ചെയ്യേണ്ടതാണ്. ലേഖകനോ റിസർച്ച് അനലിസ്റ്റിനോ അവരുടെ ബന്ധുക്കൾക്കോ ആർഡി ഇൻഡസ്ട്രീസ് ഐ.പി.ഒയിൽ പ്രത്യേകിച്ചുള്ള സാമ്പത്തിക താൽപ്പര്യങ്ങളോ വ്യക്തിഗതമായി അപേക്ഷ സമർപ്പിക്കുകയോ ചെയ്തിട്ടില്ല.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT