Image courtesy: www.ashokleyland.com, Canva
Markets

അശോക് ലെയ്‌ലാന്‍ഡ് ടോപ് ഗിയറില്‍! ആറു മാസ നേട്ടം 40%, റെക്കോഡ് ഉയരത്തില്‍ എത്തിയതിനു പിന്നില്‍ ചില കാരണങ്ങളുണ്ട്...

ഇന്ത്യയിൽ പ്രാദേശിക ബാറ്ററി വിതരണ ശൃംഖല സ്ഥാപിക്കുന്നതിനായി ചൈനീസ് കമ്പനി സിഎഎല്‍ബി ഗ്രൂപ്പുമായി കമ്പനി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്

Dhanam News Desk

വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡിന്റെ ഓഹരികൾ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. സെപ്റ്റംബറില്‍ ഓഹരികള്‍ ഇതുവരെ 11 ശതമാനമാണ് ഉയര്‍ച്ച രേഖപ്പെടുത്തിയത്. വെളളിയാഴ്ച ബിഎസ്ഇ യില്‍ രാവിലത്തെ സെഷനില്‍ 3 ശതമാനം നേട്ടം രേഖപ്പെടുത്തിയതോടെ ഓഹരി എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 142.65 രൂപയിലെത്തി. തുടര്‍ച്ചയായി നാല് സെഷനുകളില്‍ ഓഹരി മുന്നേറി കൊണ്ടിരിക്കുകയാണ്.

ബാറ്ററി നിര്‍മാണം വര്‍ധിപ്പിക്കും

അടുത്ത പത്ത് വർഷത്തിനുള്ളിൽ പുതു തലമുറ ബാറ്ററികള്‍ക്കായി 5,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി ഈ മാസം ആദ്യം പ്രഖ്യാപിച്ചതാണ് നിലവിലെ മുന്നേറ്റത്തിന് കാരണം. ഓട്ടോമോട്ടീവ്, നോൺ-ഓട്ടോമോട്ടീവ് വാഹനങ്ങളുടെ ഊർജ സംഭരണ ​​സംവിധാനങ്ങൾ വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജിംഗ് ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും കമ്പനി വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇന്ത്യയിൽ പ്രാദേശിക ബാറ്ററി വിതരണ ശൃംഖല സ്ഥാപിക്കുന്നതിനായി ചൈനയിലെ മുൻനിര ബാറ്ററി നിര്‍മാണ കമ്പനികളിലൊന്നായ സിഎഎല്‍ബി (CALB) ഗ്രൂപ്പുമായി കമ്പനി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

ലിഥിയം ബാറ്ററികളുടെ നിര്‍മാണം വര്‍ധിപ്പിക്കുന്നതിനായി അടുത്ത 2-3 വർഷത്തിനുള്ളിൽ 3,00 കോടി മുതല്‍ 6,00 കോടി രൂപ നിക്ഷേപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. പാസഞ്ചര്‍ വെഹിക്കിളുകള്‍, ഇരുചക്ര വാഹനങ്ങള്‍, മുചക്ര വാഹനങ്ങള്‍, നോൺ-ഓട്ടോമോട്ടീവ് വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ എല്‍എഫ്പി (LFP) കാഥോഡ് ബാറ്ററികളായിരിക്കും നിര്‍മിക്കുക.

കൂടാതെ ജിഎസ്ടി നിരക്ക് കുറയ്ക്കൽ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലും ഓഹരിയില്‍ പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി വില 101 രൂപയിൽ നിന്ന് 141 രൂപ എന്ന നിലവാരത്തിലേക്കാണ് ഉയർന്നത്.

വരുമാനത്തിലും വളര്‍ച്ച

കമ്പനിയുടെ ജൂൺ പാദത്തിലെ പ്രകടനത്തെത്തുടർന്ന് ബ്രോക്കറേജുകള്‍ ഓഹരിയുടെ റേറ്റിംഗ് ഉയര്‍ത്തിയിരുന്നു. കമ്പനിയുടെ ആദ്യ പാദത്തിലെ വരുമാനം 8,725 കോടി രൂപയായിരുന്നു. ഒരു പാദത്തിലെ കമ്പനിയുടെ ഏറ്റവും വലിയ വരുമാനമാണ് ഇത്. വിശകലന വിദഗ്ധരുടെ വിലയിരുത്തലുകളെ മറികടന്ന് കമ്പനിയുടെ ലാഭം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13.4 ശതമാനം വർധനവോടെ 594 കോടി രൂപയായി.

Ashok Leyland shares hit record high with 40% six-month rally driven by EV battery investments and strong earnings.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT