ഇൻസൈറ്റിൽ അതനു ചക്രബർത്തി (ഇടത്), കേകി മിസ്ത്രി (വലത്) 
Markets

ചെയർമാന്റെ അപ്രതീക്ഷിത രാജി എന്തുകൊണ്ട്? എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി വൻ ഇടിവിൽ

വ്യക്തിപരമായ കാരണങ്ങളാലാണ് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ചെയർമാൻ സ്ഥാനത്തു നിന്നും രാജിവെക്കുന്നത് എന്നാണ് അതനു ചക്രബർത്തിയുടെ കത്തിലുള്ളത്. എന്നിരുന്നാലും രാജിക്കത്തിലെ അദ്ദേഹത്തിന്റെ ചില പരാമർശങ്ങളാണ് വിപണി കണക്കിലെടുത്തത്.

Dhanam News Desk

രാജ്യത്ത് വിപണി മൂല്യത്തിൽ ഏറ്റവും മുന്നിലുള്ള ധനകാര്യ സ്ഥാപനവും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ വാണിജ്യ ബാങ്കുമായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരിയിൽ വൻ ഇടിവ്. വ്യാഴാഴ്ച (2026 മാർച്ച് 19) രാവിലെ 8.6% നഷ്ടം നേരിട്ട് 770 രൂപ നിലവാരത്തിലാണ് ഈ ഹെവിവെയിറ്റ് ഇൻഡക്സ് ഓഹരിയുടെ വ്യാപാരം ആരംഭിച്ചത്. എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരിയുടെ ഒരു വർഷക്കാലയളവിലെ താഴ്ന്ന നിലവാരവുമാണിത്.

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പാർട്ട്-ടൈം ചെയർമാൻ അതനു ചക്രബർത്തി രാജിവെച്ചു എന്ന വാർത്ത പുറത്തുവന്നതാണ് ഓഹരിയിൽ വൻ ഇടിവിലേക്ക് നയിച്ചത്. രാജ്യത്തെ സമ്പദ്‍വ്യവസ്ഥയിൽ നിർണായക സ്ഥാനമുണ്ടെന്ന് (Systemically Important) റിസർവ് ബാങ്ക് (ആ‌ർ.ബി.ഐ) കണക്കാക്കുന്ന രാജ്യത്തെ മൂന്ന് ബാങ്കിം​ഗ് സ്ഥാപനങ്ങളിലൊന്നായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ തലപ്പത്തുനിന്നും കഴിഞ്ഞ ദിവസം വന്ന അപ്രതീക്ഷിത രാജി വാർത്ത, ഇന്ത്യൻ ഓഹരി വിപണിയിലും ഇന്ന് ചലനങ്ങൾ സൃഷ്ടിച്ചു.

എന്തുകൊണ്ട് രാജിവെച്ചു?

വ്യക്തിപരമായ കാരണങ്ങളാലാണ് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ചെയർമാൻ സ്ഥാനത്തു നിന്നും രാജിവെക്കുന്നത് എന്നാണ് അതനു ചക്രബർത്തിയുടെ കത്തിലുള്ളത്. എന്നിരുന്നാലും രാജിക്കത്തിലെ അദ്ദേഹത്തിന്റെ ചില പരാമർശങ്ങളാണ് വിപണി കണക്കിലെടുത്തത്. ഇതിൽ കഴിഞ്ഞ രണ്ട് വർഷമായി എച്ച്.ഡി.എഫ്.സി ബാങ്കിൽ നടക്കുന്ന ചില നടപടികൾ തന്റെ മൂല്യങ്ങളും നൈതികതയുമായി ഒത്തുപോകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സമ്പദ്‍വ്യവസ്ഥയിൽ നിർണായക സ്ഥാനമുള്ള ഒരു ബാങ്കിന്റെ ഭരണ തലപ്പത്ത് നിന്നും സാധാരണ ​ഗതിയിലുള്ള ഒരു ഉദ്യോ​ഗസ്ഥന്റെ രാജിക്കത്തിൽ ഇത്തരമൊരു പരാമർശം ഉണ്ടാകാറില്ല എന്നതാണ് വിപണിയിൽ ഓഹരിക്ക് കനത്ത തിരിച്ചടിയേകുന്നത്. അതേസമയം നിയമപരമായ കുഴപ്പങ്ങളൊന്നും ബാങ്കിന്റെ നടപടികളില്ലെന്ന് മാനേജ്മെന്റ് പ്രതികരിച്ചു. വ്യക്തിപരമായ കാരണങ്ങൾ മാത്രമാണ് രാജിക്ക് പിന്നിലെന്നും മറ്റ് കാര്യങ്ങളില്ലെന്നും അതനു ചക്രവർത്തിയും വ്യക്തമാക്കിയിട്ടുണ്ട്.

ആരാണ് അതനു ചക്രബർത്തി?

2021 മേയ് മാസത്തിലാണ് അതനു ചക്രബർത്തി, എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ അം​ഗമാകുന്നത്. അതിന് മുമ്പ് 2019-2020 കാലയളവിൽ ധനമന്ത്രാലയത്തിന്റെ കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പിന്റെ സെക്രട്ടറിയായിരുന്നു അദ്ദേഹം. 2018-2019 കാലയളവിൽ ഇൻവെ​സ്റ്റ്മെന്റ് & പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അതനു ചക്രവർത്തിയുടെ കീഴിലാണ് എച്ച്.ഡി.എഫ്.സി ബാങ്കും ഹൗസിങ് ഫിനാൻസ് ഡെവലപ്പ്മെന്റ് കോർപറേഷനും (എച്ച്.ഡി.എഫ്.സി ലിമിറ്റഡ്) തമ്മിലുള്ള ലയനം നടന്നത്. ഇതോടെ ആസ്തിമൂല്യത്തിന്റെ കണക്കിൽ എസ്.ബി.ഐക്ക് പിന്നിൽ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കിം​ഗ് സ്ഥാപനമായി എച്ച്.ഡി.എഫ്.സി ബാങ്ക് മാറി. 28.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് എച്ച്.ഡി.എഫ്.സി ബാങ്ക് നേടിയിട്ടുള്ളത്.

കേകി മിസ്ത്രി പകരക്കാരനാകും

എച്ച്.ഡി.എഫ്.സി ബാങ്ക് ഡയറക്ടർ ബോർ‍ഡിൽ നിന്നും അതനു ചക്രബർത്തി രാജിവെച്ചതോടെ ബാങ്കിന്റെ തത്കാലിക പാർട്ട്-ടൈം ചെയർമാനായി കേകി മിസ്ത്രിയെ റിസർവ് ബാങ്ക് നിയമിച്ചു. മാർച്ച് 19 മുതൽ നിയമനത്തിന് സാധുതയും നൽകി. ഇനിയുള്ള മൂന്ന് മാസത്തേക്കാണ് കേകി മിസ്ത്രിക്ക് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ചുമതല നൽകിയിട്ടുള്ളത്. ബാങ്കുമായി ലയിക്കുന്നതിനു മുമ്പ് ഭവന വായ്പ കമ്പനിയായിരുന്ന എച്ച്.‍ഡി.എഫ്.സി ലിമിറ്റി‍ഡിന്റെ വൈസ് ചെയർമാനും സി.ഇ.ഒ-യുമായിരുന്നു അദ്ദേഹം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT