വൈദ്യുത വാഹനരംഗത്തെ മുന്‍നിര കമ്പനികളൊന്നായ ഏഥര്‍ എനര്‍ജിയുടെ (Ather Energy) ഐ.പി.ഒ (initial public offering-IPO)യ്ക്ക് ഏപ്രില്‍ 28ന് തുടക്കമാകും. 30ന് അവസാനിക്കും. 304-321 പ്രൈസ് ബാന്‍ഡിലാകും പ്രാരംഭ ഓഹരി വില്പന. മേയ് ആറിനാകും ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്യുക.
ഓഫര്‍ ഫോര്‍ സെയിലിലൂടെ (OFS) 2,626 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1.1 കോടി ഓഹരികള്‍ വിറ്റഴിക്കും. പ്രമോട്ടര്‍മാരായ തരുണ്‍ സഞ്ജയ്, സ്വപ്‌നില്‍ ബബന്‌ലയും മറ്റ് കോര്‍പറേറ്റ് ഓഹരി ഉടമകളും അവരുടെ കൈയിലുള്ള ഓഹരിയുടെ ഒരു ഭാഗം വിറ്റഴിക്കും.
ഓഹരി വില്പനയിലൂടെ സമാഹരിക്കുന്ന തുക മഹാരാഷ്ട്രയില്‍ പുതിയ ഫാക്ടറി സ്ഥാപിക്കുന്നതിനും കടം തിരിച്ചടക്കല്‍, ഗവേഷണ-വികസനം, മാര്‍ക്കറ്റിംഗ് ചെലവുകള്‍ എന്നിവക്കും ഉപയോഗിക്കും.
മഹാരാഷ്ട്രയിലെ നിര്‍മാണ പ്ലാന്റിനായി 927 കോടി രൂപ വിനിയോഗിക്കാനാണ് പദ്ധതി. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിനായി 750 കോടി രൂപയും മാര്‍ക്കറ്റിംഗിനായി 300 കോടി രൂപയും അടുത്ത മൂന്നു വര്‍ഷത്തേക്ക് ചെലവഴിക്കും. ഡിസംബറില്‍ അവസാനിച്ച ഒന്‍പത് മാസത്തില്‍ നഷ്ടത്തില്‍ കുറവുണ്ടാക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
മുന്‍ വര്‍ഷം സമാന കാലയളവില്‍ 776 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയത് ഇക്കാലയളവില്‍ 578 കോടിയായി താഴ്ന്നു. മറ്റ് വൈദ്യുത വാഹന കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി ഡാഷ്‌ബോര്‍ഡ്, ചേസിസ്, മോട്ടോര്‍ കണ്‍ട്രോളര്‍ തുടങ്ങി ഘടകങ്ങളില്‍ ഭൂരിഭാഗവും കമ്പനിയില്‍ തന്നെ നിര്‍മിക്കുകയാണ്.
പൂര്‍ണമായും തദ്ദേശീയ ഇരുചക്ര വൈദ്യുത വാഹന നിര്‍മാതാക്കളാണ് ഏഥര്‍. 2024 ഡിസംബറിലെ കണക്കനുസരിച്ച് ഇ.വി വിപണിയുടെ 11 ശതമാനമാണ് ഏഥറിന്റെ കൈവശമുള്ളത്. ബെംഗളൂരു ആസ്ഥാനമായ കമ്പനിയുടെ വില്പനയുടെ 68 ശതമാനത്തിലേറെയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഉത്തരേന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കൂടുതല്‍ വളരുകയെന്ന ലക്ഷ്യവും ഐ.പി.ഒയ്ക്ക് പിന്നിലുണ്ട്.
2013ല്‍ സ്ഥാപിതമായ ഏഥര്‍ എനര്‍ജിയില്‍ ഹീറോ മോട്ടോര്‍കോര്‍പ്, നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എന്‍.ഐ.ഐ.എഫ്) എന്നീ സ്ഥാപനങ്ങള്‍ക്കും നിക്ഷേപമുണ്ട്.
ക്രിസില്‍ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യ. 1.8 കോടി വാഹനങ്ങളാണ് 2023-24 സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ വിറ്റഴിച്ചത്. കയറ്റുമതി 16 ശതമാനത്തിലേക്ക് ഉയരുന്നതിനും കഴിഞ്ഞ സാമ്പത്തികവര്‍ഷം സാക്ഷ്യംവഹിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine