ഓട്ടോ ഓഹരികളിൽ കനത്ത ഇടിവ്; സെപ്റ്റംബർ മാസത്തിലെ വിൽപ്പന കണക്കുകൾ പ്രതീക്ഷിച്ചതിലും താഴെയെത്തിയത് വിപണിയിൽ സമ്മർദ്ദം സൃഷ്ടിച്ചു. ബജാജ് ഓട്ടോ, മാരുതി സുസുക്കി, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയവയ്ക്ക് വലിയ നഷ്ടം നേരിട്ടപ്പോൾ, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ നേട്ടം കൈവരിച്ചു.
സെപ്റ്റംബർ മാസത്തെ വിൽപ്പന കണക്കുകൾ പ്രതീക്ഷിച്ചതിലും താഴെപ്പോയതിനെത്തുടർന്ന് വ്യാഴാഴ്ച ഓട്ടോ ഓഹരികളിൽ കനത്ത വിൽപ്പന സമ്മർദ്ദം. നിഫ്റ്റി ഓട്ടോ സൂചിക 4 ശതമാനത്തിലധികം ഇടിഞ്ഞു. ബജാജ് ഓട്ടോ ഓഹരികൾ 8 ശതമാനത്തോളം ഇടിഞ്ഞപ്പോൾ മഹീന്ദ്ര & മഹീന്ദ്ര (M&M), മാരുതി സുസുക്കി, ഐഷർ മോട്ടോഴ്‌സ് എന്നിവയും 3-6 ശതമാനം വരെ നഷ്ടം നേരിട്ടു. എന്നാൽ, പ്രവചനങ്ങളെ മറികടന്ന് മികച്ച പ്രകടനം കാഴ്ചവെച്ച ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഓഹരികൾ വ്യാഴാഴ്ചത്തെ (ഒക്ടോബർ 1) വ്യാപാരത്തിന്റെ തുടക്കത്തിൽ ഒരു ശതമാനത്തിലധികം ഉയർന്നിരുന്നു.
ഓട്ടോ സെക്ടറിൽ മൊത്തത്തിലുള്ള ഡിമാൻഡ് തളർച്ചയാണോ അതോ ഉയർന്ന പ്രതീക്ഷകൾക്കൊടുവിൽ നേരിട്ട തിരുത്തലാണോ എന്ന ചോദ്യമാണ് ഇപ്പോൾ നിക്ഷേപക ലോകത്ത് നിന്നും ഉയരുന്നത്.
വാഹന നിർമാണ കമ്പനികളുടെ വിൽപ്പന കണക്കുകൾ പരിശോധിച്ചാൽ സമ്മിശ്ര പ്രതികരണമാണ് കാണാൻ സാധിക്കുന്നത്:
ബജാജ് ഓട്ടോ: മൊത്തം വില്പന 5 ശതമാനം ഉയർന്ന് 5.38 ലക്ഷം യൂണിറ്റിലെത്തിയെങ്കിലും വിപണി പ്രതീക്ഷിച്ച 5.79 ലക്ഷം യൂണിറ്റ് എന്ന നിലവരാത്തിലേക്ക് എത്തിയില്ല. ആഭ്യന്തര വിപണിയിലെ ടൂവീലർ വിൽപ്പന 12 ശതമാനം ഇടിഞ്ഞു. എന്നാൽ കയറ്റുമതി 32 ശതമാനം വർധിച്ചത് ആശ്വാസമായി.
മഹീന്ദ്ര & മഹീന്ദ്ര: ആകെ വാഹന വിൽപ്പന 15 ശതമാനം വർധിച്ച് 1.15 ലക്ഷം യൂണിറ്റിലെത്തി. പാസഞ്ചർ വാഹന വിഭാഗം 14 ശതമാനം വളർച്ച നേടിയെങ്കിലും ട്രാക്ടർ വിൽപ്പന 21 ശതമാനം ഇടിഞ്ഞ് 52,100 യൂണിറ്റായി ചുരുങ്ങി. എസ്കോർട്സ് കുബോട്ടയുടെ ട്രാക്ടർ വില്പനയും 17 ശതമാനം കുറഞ്ഞു.
മൊത്തത്തിലുള്ള വിൽപ്പന കുറഞ്ഞെങ്കിലും റീട്ടെയിൽ രജിസ്ട്രേഷൻ കണക്കുകൾ വാഹന വിപണിക്ക് അനുകൂലമാണ്. സെപ്റ്റംബറിലെ മൊത്തം വാഹന രജിസ്ട്രേഷനിൽ 30 ശതമാനത്തിലധികം വാർഷികമായുള്ള വർധന രേഖപ്പെടുത്തി. ടൂവീലർ വിഭാഗത്തിൽ 33 ശതമാനവും പാസഞ്ചർ വാഹനങ്ങളിൽ 30 ശതമാനവുമാണ് വർധന.
ഉത്സവ സീസൺ ഒക്ടോബറിലേക്ക് മാറിയതും കഴിഞ്ഞ വർഷത്തെ ഉയർന്ന അടിസ്ഥാന നിരക്കുകളുമാണ് (High base effect) മൊത്തവിൽപ്പന കുറയാൻ പ്രധാന കാരണമെന്ന് അനലിസ്റ്റുകൾ സൂചിപ്പിച്ചു. കൂടാതെ മുൻവർഷം സെപ്റ്റംബറിൽ ലഭിച്ച ജി.എസ്.ടി ഇളവുകൾ മുൻകൂട്ടിയുള്ള ഡിമാൻഡിന് കാരണമായിരുന്നു. കാലവർഷത്തിലെ അനിശ്ചിതത്വവും ട്രാക്ടർ വിൽപ്പനയെ താൽക്കാലികമായി ബാധിച്ചു.
വിപണിയിലെ ഇടിവിനിടയിലും റെക്കോഡ് നേട്ടമാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ കൈവരിച്ചത്:
മൊത്തം വാഹന വിൽപ്പന 10.8 ശതമാനം വർധിച്ച് 77,916 യൂണിറ്റിലെത്തി (പ്രതീക്ഷിച്ചത് 74,000 യൂണിറ്റ്).
ആഭ്യന്തര വിൽപ്പന 10.9 ശതമാനവും കയറ്റുമതി 10.4 ശതമാനവും ഉയർന്നു.
സപ്ലൈ ചെയിൻ തടസ്സങ്ങൾ മാറിയതും, പുതിയ 'ബയോൺ' (Bayon) മോഡലിനായുള്ള ബുക്കിംഗുകൾ ആരംഭിച്ചതും കമ്പനിക്ക് നേട്ടമായി.
നിലവിൽ വാഹന നിർമാണ കമ്പനികളുടെ ഓഹരികളിൽ നേരിടുന്ന വിലയിടിവ് ഡിമാൻഡ് തളർച്ചയെ കൊണ്ടുള്ളതല്ല; മറിച്ച് ഉയർന്ന മൂല്യമതിപ്പിലുണ്ടായ (Valuations) സ്വാഭാവിക തിരുത്തലാണെന്നാണ് അനലിസ്റ്റുകളുടെ പക്ഷം. വരാനിരിക്കുന്ന ഉത്സവ സീസണിലെ റീട്ടെയിൽ വിൽപ്പനയും ഒക്ടോബറിലെ മൊത്തവില്പനയും അടിസ്ഥാനമാക്കിയാകും ഓട്ടോ ഓഹരികളുടെ തുടർചലനങ്ങളെന്നും അനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine